ഇത് ദ്രൗപതിയുടെ പ്രതികാരമോ? കെജ്രിവാൾ തോറ്റതിന് പിന്നാലെ സ്വാതി മലിവാളിന്റെ പോസ്‌റ്റ് വൈറൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപി പരാജയത്തിന്റെ രുചി അറിഞ്ഞിരിക്കുകയാണ്. കാലിടറിയവരിൽ മുൻ മുഖ്യമന്ത്രിയും പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്രിവാളുമുണ്ട്. മാസങ്ങൾ നീണ്ട പ്രചാരണത്തിനും പോർമുഖത്തിനും അന്ത്യം കുറിച്ചുകൊണ്ട് ഡൽഹിയിൽ ബിജെപി അധികാരത്തിൽ വരുമ്പോൾ എഎപിക്കും കെജ്രിവാളിനും ഒരുപാട് കാര്യങ്ങൾ മറുപടി പറയേണ്ടി വരും.
ഇപ്പോഴിതാ എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിന്റെ നിഗൂഢ പോസ്‌റ്റ് ആദ്യ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഡൽഹിയിലെ തെരുവുകളിൽ വിശ്രമമില്ലാതെ പര്യടനം നടത്തിയ എഎപി രാജ്യസഭാ എംപി വോട്ടാക്കി മാറ്റിയില്ലെങ്കിലും മീമുകളുടെയും ട്രോളുകളുടെയും ലോകത്തിൽ മുന്നേറുകയാണ്. കെജ്രിവാൾ തോറ്റതിന് പിന്നാലെ അവർ എക്‌സിൽ [പങ്കുവച്ച ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇതിഹാസ കാവ്യമായ മഹാഭാരതത്തിലെ തന്ത്രപ്രധാന രംഗമായ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന്റെ ചിത്രമാണ് സ്വാതി ട്വീറ്റിൽ കൊടുത്തിരിക്കുന്നത്. ക്യാപ്ഷനോ മറ്റെന്തെങ്കിലും സൂചനകളോ ഒപ്പമില്ലാത്ത പോസ്‌റ്റിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. എഎപി എംപി ആണെങ്കിലും കെജ്രിവാളിന്റെ കടുത്ത വിമർശക ആയിരുന്നു സ്വാതി എന്നതാണ് സംഭവത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.
സ്വാതി പങ്കുവച്ച ചിത്രവും പോസ്‌റ്റും നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലായിരിക്കുന്നത്. വിശ്വാസ വഞ്ചനയെയും അനീതിയെയും സൂചിപ്പിക്കുന്ന ഈ ചിത്രം കെജ്രിവാളിനുള്ള സന്ദേശമാണെന്നാണ് കൂടുതൽ പേരും അഭിപ്രായപ്പെടുന്നത്. വിവിധ തരത്തിലുള്ള അഭിപ്രായങ്ങൾ ഈ പോസ്‌റ്റിന് പിന്നാലെ ഉയരുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷമായ കാര്യം.
ഡൽഹിയിലെ സ്ത്രീകളോടുള്ള അരവിന്ദ് കെജ്രിവാൾ സർക്കാരിന്റെ മനോഭാവമാണ് സ്വാതി മലിവാൾ വരച്ചുകാട്ടിയതെന്നാണ് ഒരുപക്ഷം അവകാശപ്പെടുന്നത്. മറ്റ് ചിലരാവട്ടെ ഒരുപടി കൂടി കടന്ന് സ്ത്രീകളുടെ രക്ഷകനായി നരേന്ദ്ര മോദി കൃഷ്‌ണനെ പോലെ എത്തിയെന്നും ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇതുകൊണ്ടൊന്നും തീർന്നില്ല എന്നതാണ് മറ്റൊരു കൗതുകകരമായ കാര്യം.
ചിത്രത്തിന് പിന്നാലെ മറ്റൊരു ട്വീറ്റുമായും സ്വാതി മലിവാൾ രംഗത്ത് വന്നു. അവസാനം രാവണന് പോലും സ്വയം രക്ഷിക്കാനായില്ല എന്നായിരുന്നു ട്വീറ്റിൽ പറഞ്ഞത്. ഇതിന് പിന്നാലെ സ്വാതി മലിവാളിനെ പുകഴ്ത്തിയും ചിലർ രംഗത്ത് വന്നിട്ടുണ്ട്. ദ്രൗപതിയുടെ പകയിൽ എരിഞ്ഞടങ്ങിയ കൗരവരെ പോലെ സ്വാതി മലിവാളിന്റെ പ്രതികാരമാണ് എഎപിയെ തോൽവിയിലേക്ക് നയിച്ചതെന്നാണ് ചിലർ അവകാശപ്പെടുന്നത്.
ഒരു കാലത്ത് അരവിന്ദ് കെജ്രിവാളിന്റെ അടുത്ത അനുയായി ആയിരുന്ന സ്വാതി മലിവാൾ സമീപകാലത്ത് അദ്ദേഹത്തിന്റെ ഏറ്റവും ശക്തമായ വിമർശകരിൽ ഒരാളായി ഉയർന്നുവരികയായിരുന്നു. മുൻപ് ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സണായി സേവനമനുഷ്ഠിച്ച സ്വാതി മലിവാൾ, കെജ്രിവാളിന്റെ നേതൃത്വത്തിലും പാർട്ടിയുടെ മുന്നോട്ട് പോക്കിലും തന്റെ നിരാശ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications