'ഡൽഹിയിൽ ബിജെപിയുടെ ഗുണ്ടായിസം, നേതാക്കളെ ഭീഷണിപ്പെടുത്തുന്നു'; ആരോപണവുമായി കെജ്രിവാൾ
ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ഗൂഢാലോചന നടത്തുകയാണെന്നും ഗുണ്ടായിസം അഴിച്ചുവിടുകയാണെന്നും ആരോപിച്ച് എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ. ഫെബ്രുവരി 5ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി നിർണായക വിജയത്തിന് ഒരുങ്ങുകയാണെന്നും കെജ്രിവാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തോൽവി ഉറപ്പായതോടെയാണ് ബിജെപി ഗുണ്ടായിസത്തിലേക്ക് നീങ്ങുന്നതെന്നും കെജ്രിവാൾ ആരോപിച്ചു. ആം ആദ്‌മി പാർട്ടി വളണ്ടിർമാർക്കും അനുഭാവികൾക്കും നേരെ ബിജെപി പ്രവർത്തകർ ഭീഷണിയും അക്രമവും നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ അതിന് അവർ വഴങ്ങില്ലെന്നും കെജ്രിവാൾ വ്യക്തമാക്കി.

ഞങ്ങളുടെ നേതാക്കളെയും അനുഭാവികളെയും ബിജെപിയിൽ ചേരണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നു. അല്ലെങ്കിൽ അറസ്‌റ്റും ആക്രമണവും നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുന്നു. പക്ഷേ ഞങ്ങൾ ഭയപ്പെടില്ല. ഇത്തരം സമ്മർദ്ദ തന്ത്രങ്ങൾ ഒന്നും ഡൽഹി അംഗീകരില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ ഭീഷണികളെ നേരിടാ കെജ്രിവാൾ എക്‌സിൽ 'അമിത് ഷാ കി ഗൂണ്ടാഗർഡി' എന്ന ഹാഷ്‌ടാഗോടെ ഒരു സോഷ്യൽ മീഡിയ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. ആക്രമിക്കപ്പെടുകയോ ഭീഷണി നേരിടേണ്ടി വരികയോ ചെയ്‌ത അനുഭവങ്ങൾ പങ്കിടാൻ ആളുകളോട് ആവശ്യപ്പെടുന്ന ക്യാമ്പയിനാണ് ഇത്. നിരവധി പേരാണ് ഇതിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്.
ബിജെപിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ യാതൊരു തരത്തിലുള്ള കാഴ്‌ചപ്പാടും സ്വന്തമായി ഇല്ലെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിക്ക് ഡൽഹിയെക്കുറിച്ച് ഒരു കാഴ്‌ചപ്പാടുമില്ല, മുഖ്യമന്ത്രി സ്ഥാനാർത്ഥിയോ വികസന അജണ്ടയോ ഇല്ല. അവർക്കുള്ളത് ഗുണ്ടായിസം മാത്രമാണ്. വോട്ടുകൊണ്ടല്ല ഭയത്തിലൂടെയാണ് അവർ ജയിക്കാൻ ആഗ്രഹിക്കുന്നത്; കെജ്രിവാൾ ചൂണ്ടിക്കാട്ടി.
തന്റെ പാർട്ടി പ്രവർത്തകർക്ക് നേരെ ആക്രമണം നടത്തിയെന്ന് ആരോപിച്ച് അരവിന്ദ് കെജ്രിവാൾ ഇന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിയിരുന്നു. ന്യൂഡൽഹി മണ്ഡലത്തിൽ സ്വതന്ത്ര നിരീക്ഷകരെ നിയമിക്കണമെന്നും കൂടാതെ ഇത്തരം സംഭവങ്ങളിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ബിജെപി പ്രവർത്തകരെ അറസ്‌റ്റ് ചെയ്യണമെന്നും അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു.
അതേസമയം, ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ നിന്ന് ബിജെപിയുടെ പർവേഷ് വർമയ്ക്കും കോൺഗ്രസിന്റെ സന്ദീപ് ദീക്ഷിതിനുമെതിരെയാണ് കെജ്രിവാൾ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ശക്തമായ പോരാട്ടം തന്നെയാണ് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നത്. ഇത് കെജ്രിവാളിന്റെ അഭിമാന പ്രശ്‌നം കൂടിയാണ്.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ വോട്ടെടുപ്പ്. എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും. ഹാട്രിക് ജയം തേടി എഎപിയും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസും അധികാരം നേടാൻ ബിജെപിയും ഒരുപോലെ ഇക്കുറി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ ത്രികോണ മത്സരം തന്നെയാണ് പല മണ്ഡലങ്ങളിൽ നടക്കുന്നത്. ആകെ 70 സീറ്റുകളാണ് നിയമസഭയിൽ ഉള്ളത്.












Click it and Unblock the Notifications