'വന്നത് വാഗൺആറിൽ, പോയത് ശീഷ്‌മഹലിൽ'; യമുനയിലെ വെള്ളം കുടിക്കാൻ കെജ്രിവാളിനെ വെല്ലുവിളിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: തലസ്ഥാന നഗരിയിൽ വോട്ടെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ആം ആദ്‌മി പാർട്ടി തലവനും ഇന്ത്യൻ മുന്നണിയിലെ പ്രധാന നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. വാഗൺആർ കാറിൽ വന്ന് നേരെ ശീഷ്‌മഹലിലേക്ക് പോയി എന്നായിരുന്നു ലോക്‌സഭയിലെ പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ഡൽഹിയിലെ ഹൗസ് ഖാസി ഏരിയയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. 'അരവിന്ദ് കെജ്രിവാൾ ഒരു വാഗൺആറിൽ സ്വെറ്ററും ധരിച്ചാണ് എത്തിയത്. പിന്നെ ഇറങ്ങി നേരെ ശീഷ്‌മഹലിലേക്ക് പോയി' രാഹുൽ ഗാന്ധി പരിഹസിച്ചു. ബിജെപി കെജ്രിവാളിനെതിരെ ഉയർത്തിയ ശീഷ്‌മഹൽ പ്രചാരണം കോൺഗ്രസും ഏറ്റെടുക്കുന്നു എന്നതാണ് ഇതിൽ ശ്രദ്ധേയമായ കാര്യം.

അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം താമസിച്ചിരുന്ന ന്യൂഡൽഹിയിലെ ഫ്ലാഗ്സ്റ്റാഫ് റോഡിലെ ആറിലുള്ള ബംഗ്ലാവാണ് അടുത്ത കാലത്തായി വാർത്തകൾ നിറയുന്നത്. ശീഷ്‌മഹൽ എന്നാണ് രാഷ്ട്രീയ എതിരാളികൾ ഈ ബംഗ്ലാവിനെ വിശേഷിപ്പിക്കുന്നത്. കോടിക്കണക്കിന് രൂപ ഇവിടെ ആഡംബരത്തിനും കൂടുതൽ സൗകര്യത്തിനും ചിലവഴിച്ചുവെന്നാണ് ആരോപണം.
മറ്റ് വിഷയങ്ങൾ ചൂണ്ടിക്കാട്ടിയും കെജ്രിവാളിനെതിരെ രാഹുൽ വിമർശനം കടുപ്പിച്ചു. ഡൽഹിയിലെ കുടിവെള്ള പ്രശ്‌നവും യമുന നദി വൃത്തിയാക്കുന്നതുമുൾപ്പെടെ രാഷ്ട്രീയത്തിൽ ഇറങ്ങുമ്പോൾ നൽകിയ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അരവിന്ദ് കെജ്രിവാളിനെ രാഹുൽ കടുത്ത ഭാഷയിൽ വിമർശിച്ചു. ഗംഗയിലെ വെള്ളം കുടിക്കാൻ രാഹുൽ കെജ്രിവാളിനെ വെല്ലുവിളിക്കുകയും ചെയ്‌തു.
'5 വർഷത്തിനുള്ളിൽ യമുനയിലെ ജലം വൃത്തിയാക്കുമെന്നും അതിൽ മുങ്ങിക്കുളിക്കുമെന്നും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിരുന്നു. പക്ഷേ അത് ഇപ്പോഴും മലിനമാണ്. ഞാൻ അദ്ദേഹത്തോട് അതിലെ വെള്ളം കുടിക്കാൻ ആവശ്യപ്പെടുകയാണ്. ശേഷം നമുക്ക് ആശുപത്രിയിൽ വച്ച് കാണാം'; രാഹുൽ ചൂണ്ടിക്കാട്ടി.
തന്റെ രാഷ്ട്രീയം ദരിദ്രർക്ക് വേണ്ടിയുള്ളതാണെന്ന് എഎപി മേധാവി അവകാശപ്പെടുന്നുണ്ടെങ്കിലും പിന്നാക്ക, ദളിത് വിഭാഗങ്ങളിൽ നിന്നോ ന്യൂനപക്ഷങ്ങളിൽ നിന്നോ ഒരു വ്യക്തി പോലും കെജ്രിവാളിന് ഒപ്പം ഉണ്ടായിരുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഇന്ത്യ മുന്നണിയിൽ ഒരുമിച്ച് നിൽക്കുമ്പോഴും ഡൽഹിയിൽ രാഷ്ട്രീയ എതിരാളികളാണ് കോൺഗ്രസും എഎപിയും.
ഫെബ്രുവരി അഞ്ചിനാണ് ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് എഎപി ഇറങ്ങുന്നത്. ഭരണം നിലനിർത്താൻ അവർക്ക് കഴിഞ്ഞാൽ അത് വലിയ നേട്ടമായി മാറും. മറുവശത്ത് കോൺഗ്രസ് തങ്ങളുടെ പ്രതാപകാലത്തെ വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. അധികാരം പിടിച്ചെടുക്കാൻ ബിജെപിയും രംഗത്തുണ്ട്.












Click it and Unblock the Notifications