എന്നെ അധിക്ഷേപിച്ചാൽ ഡൽഹി വികസിക്കുമോ? അമിത് ഷായ്ക്ക് ചുട്ട മറുപടിയുമായി അരവിന്ദ് കെജ്രിവാൾ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെയും എഎപിയെയും രൂക്ഷമായി വിമർശിച്ച കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി അരവിന്ദ് കെജ്രിവാൾ. അമിത് ഷാ തന്നെ ചീത്തവിളിച്ചത് കൊണ്ട് ഡൽഹി വികസിക്കുമോ എന്നായിരുന്നു കെജ്രിവാളിന്റെ ചോദ്യം. ബിജെപിക്ക് കൃത്യമായ ഒരു പദ്ധതിയും തിരഞ്ഞെടുപ്പിനായി ഇല്ലെന്ന് പറഞ്ഞ എഎപി കൺവീനർ അവർ കീഴടങ്ങിയെന്നും ചൂണ്ടിക്കാട്ടി.
'ഇന്ന് അമിത് ഷാ ഡൽഹിയിൽ വന്ന് എന്നെ കുറേ അധിക്ഷേപിച്ച് പോയി. എന്നെ അധിക്ഷേപിച്ചാൽ ഡൽഹി വികസിക്കുമോ? അവർക്ക് ഡൽഹിയെക്കുറിച്ച് ഒരു പദ്ധതിയോ കാഴ്‌ചപ്പാടോ ഇല്ല. ഒന്നുമില്ലെങ്കിൽ, ഞങ്ങൾ നൽകുന്ന സൗകര്യങ്ങൾ എന്തുകൊണ്ട് ആവർത്തിച്ചുകൂടാ? ബിജെപി കീഴടങ്ങിയെന്ന് ഉറപ്പാണ്. ബിജെപിയുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു' കെജ്രിവാൾ പറഞ്ഞു.

നേരത്തെ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന വേളയിലും പിന്നീട് തലസ്ഥാനത്തെ രജൗരി ഗാർഡനിൽ നടന്ന റാലിയിലും തുടർച്ചയായി എഎപി അധ്യക്ഷനെ ലക്ഷ്യമിട്ട് അമിത് ഷാ നടത്തിയ ഇരട്ട പ്രഹരത്തിന് മറുപടിയായാണ് അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം വന്നിരിക്കുന്നത്. നേരത്തെയും തിരഞ്ഞെടുപ്പ് പ്രചാരം വേളയിൽ ഇരുവരും വാക്കുകൾ കൊണ്ട് ഏറ്റുമുട്ടിയിരുന്നു.
മുൻപൊരിക്കലും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇങ്ങനെ നുണ പറയുന്നൊരു വ്യക്തിയെ താൻ കണ്ടിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ ആരോപണം. 2014 മുതൽ, നരേന്ദ്ര മോദി ജി ഈ രാജ്യത്ത് പ്രകടനത്തിന്റെ രാഷ്ട്രീയം സ്ഥാപിച്ചു, അതിനുശേഷം എല്ലാ തിരഞ്ഞെടുപ്പുകളിലും ബിജെപി അവരുടെ വാഗ്‌ദാനനങ്ങൾ നിറവേറ്റാൻ ശ്രമിച്ചു. ഇതിനായി ഞങ്ങൾ വിവിധ ആളുകളിൽ നിന്ന് നിർദ്ദേശങ്ങൾ തേടിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞിരുന്നു.
വാഗ്‌ദാനങ്ങൾ നൽകുകയും അത് പാലിക്കാതിരിക്കുകയും പൊതുജനങ്ങൾക്ക് മുന്നിൽ വ്യാജ മുഖങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സർക്കാരാണ് കെജ്രിവാൾ ഡൽഹിയിൽ നടത്തിയത്. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്രയും നുണ പറയുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല; ബിജെപി പ്രകടന പത്രികയായ് സങ്കൽപ്പ പത്ര പുറത്തിറക്കുന്ന വേളയിൽ അമിത് ഷാ പറഞ്ഞു.
ഇതിന് ശേഷവും അരവിന്ദ് കെജ്രിവാളിനെ തന്നെയാണ് അമിത് ഷാ ലക്ഷ്യമിട്ടത്. ഡൽഹിയിലെ ദരിദ്രർക്കായി നിലവിലുള്ള ഒരു ക്ഷേമപദ്ധതിയും നിർത്തലാക്കില്ലെന്ന് പ്രധാനമന്ത്രി മോദി തന്നെ ഉറപ്പുനൽകിയിട്ടുണ്ട്, എന്നാൽ അരവിന്ദ് കെജ്രിവാൾ നുണകൾ പ്രചരിപ്പിക്കുകയാണ്... അവർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പാവപ്പെട്ടവരുടെ ക്ഷേമത്തിനായുള്ള ഒരു പദ്ധതിയും ബിജെപി നിർത്തലാക്കില്ലെന്ന് ഞാൻ വീണ്ടും പറയുന്നു; അമിത് ഷാ പറഞ്ഞു.
ഡൽഹിയിൽ കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ അധികാര വരൾച്ച അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി. മൂന്ന് തവണയായി കേന്ദ്രത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയിട്ടും മൂക്കിന് താഴെയുള്ള തലസ്ഥാന നഗരിയിൽ നേട്ടമുണ്ടാക്കാൻ കഴിയാത്തത് പാർട്ടിയെ സംബന്ധിച്ച് വലിയ ക്ഷീണമുണ്ടാക്കുന്ന കാര്യമായിരുന്നു. ഈ സാഹചര്യത്തിൽ എന്ത് വില കൊടുത്തും ഭരണം പിടിക്കാനാണ് ശ്രമം.












Click it and Unblock the Notifications