ഡൽഹി തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നാളെ, ഇക്കുറി ജയം ആർക്കൊപ്പം? തീരുമാനിക്കുക ഈ അഞ്ച് ഘടകങ്ങൾ
ന്യൂഡൽഹി: കടുത്ത രാഷ്ട്രീയ പോരാട്ടത്തിനാണ് ഇക്കുറി രാജ്യതലസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ കാരണം എഎപിയുടെ മേൽക്കൈ ഇടിഞ്ഞുവെന്ന് ബിജെപി അവകാശപ്പെടുമ്പോൾ ത്രികോണ മത്സരത്തിന് മാറ്റ് കൂട്ടാൻ കോൺഗ്രസ് ശക്തമായ പ്രചാരണമാണ് നടത്തി വരുന്നത്. പരസ്യ പ്രചാരണം അവസാനിച്ചു കഴിഞ്ഞു. നാളെയാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്.
ഏറെ പ്രത്യേകതകളുള്ള ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് ഒരിക്കലും മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല എന്നതാണ് വാസ്‌തവം. എന്തെന്നാൽ എഎപി കഴിഞ്ഞ രണ്ട് തവണയും ഇവിടെ വ്യക്തമായ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാൽ ഇക്കുറി അവർക്ക് ഏകപക്ഷീയ മുൻതൂക്കം അവകാശപ്പെടാനും കഴിയില്ല. നിലവിൽ ഡൽഹി തിരഞ്ഞെടുപ്പിൽ നിർണായകമാവുന്ന ഒട്ടേറെ ഘടകങ്ങൾ ഉണ്ട്.

എഎപി തങ്ങളുടെ ഐക്കോണിക് ചൂൽ ചിഹ്നത്തിൽ തന്നെയാണ് ഇത്തവണയും ജനവിധി തേടുന്നത്, മറുവശത്ത് ബിജെപി താമരയും കോൺഗ്രസ് കൈപ്പത്തിയിലും തന്നെ വോട്ട് മത്സരിക്കുന്നു. തിരഞ്ഞടുപ്പിന് മുന്നോടിയായി എട്ട് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറിയത് ആം ആദ്‌മി പാർട്ടിക്ക് തിരിച്ചടിയാണ്. എന്നാൽ ഡൽഹിയിൽ ഇക്കുറി വോട്ടെടുപ്പിന് സ്വാധീനിക്കാൻ സാധ്യതയുള്ള അഞ്ച് പ്രധാന കാര്യങ്ങൾ ഇവയൊക്കെയാണ്.
മധ്യവർഗം: ഡൽഹിയിലെ 67 ശതമാനത്തോളം കുടുംബങ്ങളും മധ്യവർഗത്തിൽപെട്ട ആളുകളാണ്. അതിനാൽ ഈ വിഭാഗത്തെ അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് സാധ്യമല്ല. എന്നാൽ ഇത്തവണ ബജറ്റിൽ നികുതി ഇളവ് അടക്കം നല്ല പ്രഖ്യാപനങ്ങൾ അവർക്കായി ബിജെപി നടത്തിയിട്ടുണ്ട്. മാത്രമല്ല എഎപി നേതാക്കൾക്ക് എതിരായി നിരന്തരം ഉയരുന്ന അഴിമതി ആരോപണങ്ങളും മധ്യവർഗത്തെ സ്വാധീനിക്കും.
മുസ്ലീങ്ങളും ദളിതരും: ഡൽഹിയിലെ ജനസംഖ്യയുടെ 12.68 ശതമാനം മുസ്ലീങ്ങളാണെങ്കിൽ ദളിതർ 16.92 ശതമാനമാണ്. അവരുടെ വോട്ടുകളും തിരഞ്ഞെടുപ്പിൽ നിർണായകമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി എഎപിക്ക് അനുകൂലമായാണ് ദളിത് വോട്ടുകൾ ഏറിയ പങ്കും പെട്ടിയിൽ വീഴുന്നത്. എന്നാൽ ഇത്തവണ അതിനെ വിഭജിക്കാൻ ബിജെപി ആവുന്ന ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. അത് എത്ര കണ്ട് വിജയിക്കുന്നു എന്നതാണ് പ്രധാനം. കോൺഗ്രസ് വോട്ടുകൾ എഎപിക്ക് ഒപ്പം ഉറച്ചു നിൽക്കാനാണ് സാധ്യത.
സൗജന്യ വാഗ്‌ദാനങ്ങൾ: എഎപിയും ബിജെപിയും വോട്ടർമാരെ ആകർഷിക്കാനുള്ള വാഗ്‌ദാനങ്ങളുമായി ഇത്തവണ രംഗത്ത് വന്നിരുന്നു. സൗജന്യ വൈദ്യുതി, വെള്ളം, പണം കൈമാറ്റം എന്നിവ ഉൾപ്പെടെയാണ് എഎപി ലക്ഷ്യമിട്ടത്. എന്നാൽ ബിജെപി ആവട്ടെ ഒരുപടി കൂടി കടന്ന് ഇത്തരം വാഗ്‌ദാനങ്ങൾ പ്രകടന പത്രികയിൽ പറയുകയും ബജറ്റിലൂടെ പ്രവർത്തിക്കുകയും ചെയ്‌തു.
സ്ത്രീകൾ: ഇന്ത്യയിലെ ജനസംഖ്യയുടെ 48 ശതമാനത്തോളം സ്ത്രീകളാണ്, അവരുടെ തിരഞ്ഞെടുപ്പ് സ്വാധീനം കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്ന സമയവുമാണ് ഇത്. ദേശീയ തലസ്ഥാനത്ത് 71.7 ലക്ഷത്തിലധികം സ്ത്രീ വോട്ടർമാരുണ്ട്. ഇവരെ ഒരു കാരണവശാലും മാറ്റി നിർത്താനാവില്ല. ബിജെപിയും എഎപിയും ഒരുപോലെ ധനസഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
തിരഞ്ഞെടുപ്പിലെ മുഖം: എഎപിയുടെ മുഖമായി അരവിന്ദ് കെജ്രിവാൾ തന്നെയാണ് ഇക്കുറിയും രംഗത്തുള്ളത്. അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്നത് നേരത്തെ പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. മറുവശത്ത് ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ നരേന്ദ്ര മോദിയെ ഉയർത്തി കാട്ടിയാണ് പ്രചാരണം നടത്തുന്നത്.












Click it and Unblock the Notifications