'മനസാക്ഷിയെ ഞെട്ടിക്കുന്നത്'; സർബത്ത് ജിഹാദ് പരാമർശത്തിൽ ബാബ രാംദേവിനെതിരെ ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: സർബത്ത് ജിഹാദുമായി ബന്ധപ്പെട്ട പരാമർശത്തിൽ ബാബ രാംദേവിനെതിരെ കടുത്ത വിമർശനവുമായി ഡൽഹി ഹൈക്കോടതി. ഹംദാർദിനും റൂഹ് അഫ്‌സയ്ക്കുമെതിരായ പരാമർശത്തിലാണ് ബാബ രാംദേവിനെ ഡൽഹി ഹൈക്കോടതി രൂക്ഷമായി വിമർശിച്ചത്. കോടതിയുടെ മനസാക്ഷിയെ ഞെട്ടിക്കുന്ന പരാമർശമാണിതെന്നും ഇത് ന്യായീകരിക്കാനാവാത്തതാണെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി.
ഏപ്രിൽ 3നാണ് ബാബാ രാംദേവ് ഹംദർദിന്റെ റൂഹ് അഫ്‌സയെ ലക്ഷ്യമിട്ടുകൊണ്ട്, ഫാർമസ്യൂട്ടിക്കൽ ആൻഡ് ഫുഡ് കമ്പനി തങ്ങളുടെ പണം പള്ളികളും മദ്രസകളും നിർമ്മിക്കാൻ ഉപയോഗിക്കുന്നുണ്ടെന്ന അവകാശവാദവുമായി രംഗത്ത് വന്നത്. ഇതിനെയാണ് രാംദേവ് സർബത്ത് ജിഹാദ് എന്ന് വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

'നിങ്ങൾക്ക് സർബത്ത് നൽകുന്ന ഒരു കമ്പനിയുണ്ട്, പക്ഷേ അവർ സമ്പാദിക്കുന്ന പണം മുഴുവൻ മദ്രസകളും പള്ളികളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു' എന്നായിരുന്നു രാംദേവ് ആരോപിച്ചത്. 'ആ സർബത്ത് കുടിച്ചാൽ മദ്രസകളും പള്ളികളും പണിയും. എന്നാൽ പതഞ്ജലിയുടെ റോസ് സർബത്ത് കുടിച്ചാൽ ഗുരുകുലങ്ങൾ പണിയും, ആചാര്യകുലം വികസിപ്പിക്കപ്പെടും, പതഞ്ജലി സർവകലാശാല വികസിക്കും, ഭാരതീയ ശിക്ഷാ ബോർഡ് വളരും' എന്നായിരുന്നു രാംദേവ് പറഞ്ഞത്.
'ലവ് ജിഹാദ് ഉള്ളതുപോലെ, ഇതും ഒരുതരം സർബത്ത് ജിഹാദ് തന്നെയാണ്. ഈ സർബത്ത് ജിഹാദിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, ഈ സന്ദേശം എല്ലാവരിലും എത്തിച്ചേരണം' എന്നും രാംദേവ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല മറ്റ് സർബത്ത് കമ്പനികളെ ടോയ്‌ലറ്റ് ക്ലീനർമാരുമായാണ് രാംദേവ് താരതമ്യം ചെയ്‌തത്. ഇതും വിവാദത്തിന് കാരണമായിരുന്നു.
ലവ് ജിഹാദിനേയും വോട്ട് ജിഹാദിനേയും പോലെ തന്നെയാണ് സര്‍ബത്ത് ജിഹാദ് എന്നും ആളുകള്‍ അതില്‍ നിന്ന് സ്വയം രക്ഷ നേടണമെന്നും ബാബ രാംദേവ് ഫേസ്‌ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെ ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കില്‍ പങ്കിട്ട ഈ വിവാദ വീഡിയോ 40 ദശലക്ഷത്തിലധികം പേരാണ് കണ്ടതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
ഈ പരാമർശങ്ങൾക്ക് പിന്നാലെ കമ്പനി ബാബ രാംദേവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 'ഇത് ഞെട്ടിക്കുന്ന ഒരു കേസാണ്, അത് അപകീർത്തിപ്പെടുത്തുന്നതിനപ്പുറം പോകുന്നു. വിദ്വേഷ പ്രസംഗത്തിന് സമാനമായ ഒരു വർഗീയ വിഭജനം സൃഷ്‌ടിക്കുന്ന കേസാണിത്. അപകീർത്തി നിയമത്തിൽ നിന്ന് ഇതിന് സംരക്ഷണം ലഭിക്കില്ല' ഹംദർദിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി കോടതിയിൽ ചൂണ്ടിക്കാട്ടി.
തന്റെ പരാമർശത്തിലൂടെ രാംദേവ് ഹംദർദിനെ മതത്തിന്റെ അടിസ്ഥാനത്തിൽ ആക്രമിച്ചതായും റോഹ്തഗി ആരോപിച്ചു. രാംദേവിന് അറിയപ്പെടുന്ന പേരുണ്ടെന്നും മറ്റ് ഉൽപ്പന്നങ്ങളെ അവഹേളിക്കാതെ തന്നെ പതഞ്ജലിയുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു എന്നും റോഹ്തഗി കോടതിയിൽ വാദിച്ചു.
കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ പ്രസിദ്ധീകരിച്ചതിനും അലോപ്പതി മരുന്നുകൾക്കെതിരെ പരാമർശം നടത്തിയതിനും രാംദേവിനും ആചാര്യ ബാലകൃഷ്‌ണയ്ക്കുമെതിരെ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച കാര്യം റോഹ്തഗി കോടതിയിൽ എടുത്തുപറഞ്ഞിരുന്നു. കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചതിന് ഇവരോട് പരസ്യമായി മാപ്പ് പറയണമെന്ന് അന്ന് പരമോന്നത കോടതി ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ബാബ രാംദേവിനെതിരെ പാലക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2 അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. പരസ്യവുമായി ബന്ധപ്പെട്ട നിയമം ലംഘിച്ച കേസിലായിരുന്നു കോടതി രാംദേവിനെതിരെ വാറണ്ട് പുറപ്പെടുവിച്ചത്. എന്നാൽ പിന്നീട് ബാബ രാംദേവ്, ആചാര്യ ബാലകൃഷ്‌ണ, ദിവ്യ ഫാർമസി എന്നിവർക്കെതിരായ കേസിലെ നടപടികൾ കേരള ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു. അതിനിടെയാണ് വീണ്ടും സമാന നിലപാട് ആവർത്തിച്ച് ബാബ രാംദേവ് രംഗത്ത് വരുന്നത്.












Click it and Unblock the Notifications