അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് ഡല്‍ഹി ലെഫ്. ഗവര്‍ണര്‍. നിരോധിത ഖലിസ്ഥാന്‍ അനുകൂല സംഘടനയില്‍ നിന്ന് സംഭാവന സ്വീകരിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അതേസമയം അന്വേഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് തീരുമാനമെടുക്കുക. നിലവില്‍ മദ്യ അഴിമതി കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലിലാണ് അരവിന്ദ് കെജ്രിവാള്‍. ഇതുവരെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടില്ല.

ഖലിസ്ഥാന്‍ തീവ്രവാദി ഗുര്‍പട്വന്ത് പന്നൂനിന്റെ സിഖ്‌സ് ഫോര്‍ ജസ്റ്റിസ് ഗ്രൂപ്പില്‍ നിന്നാണ് കെജ്രിവാള്‍ രാഷ്ട്രീയ ഫണ്ടിംഗ് സ്വീകരിച്ചതെന്നാണ് ആരോപണം. ഇന്ത്യ പിടിക്കിട്ടാപ്പുള്ളിയായി കാണുന്ന തീവ്രവാദിയാണ് പന്നൂന്‍. അദ്ദേഹത്തിന്റെ സംഘടനയും നിരോധിച്ചിട്ടുണ്ട്.
അതേസമയം ലെഫ്. ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി നേതാവ് സൗരഭ് ഭരദ്വാജ് രംഗത്തെത്തി. എഎപിക്കെതിരെയുള്ള ഗൂഡാലോചനയാണിത്. ബിജെപിയുടെ ഏജന്റാണ് ലെഫ്. ഗവര്‍ണര്‍ വികെ സക്‌സേന. മുഖ്യമന്ത്രിക്കെതിരെയുള്ള ബിജെപിയുടെ മറ്റൊരു ഗൂഡാലോചനയാണിത്. ഡല്‍ഹിയിലെ ഏഴ് സീറ്റിലും ബിജെപി പരാജയപ്പെടുമെന്നും ഭരദ്വാജ് പറഞ്ഞു.
പന്നൂന്‍ തന്നെ എഎപിക്ക് ഖലിസ്ഥാനി ഗ്രൂപ്പുകളില്‍ നിന്ന് 16 മില്യണ്‍ ഡോളര്‍ ലഭിച്ചുവെന്ന് പറയുന്ന വീഡിയോയാണ് ലെഫ്. ഗവര്‍ണര്‍ കെജ്രിവാളിനെതിരെ ആയുധമാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് അയച്ച വിശദമായ കത്തിലാണ് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വിശദീകരിക്കുന്നത്.
പകരം ദേവേന്ദര്‍ പാല്‍ ബുല്ലാറിനെ മോചിപ്പിക്കാമെന്ന് കെജ്രിവാള്‍ ഉറപ്പുനല്‍കിയതായി എല്‍ജി കത്തില്‍ പറയുന്നു. മുന്‍ എഎപി പ്രവര്‍ത്തകന്റെ ട്വീറ്റുകളും, ഹിന്ദു മത സംഘടനയുടെ പരാതിയുമെല്ലാം കണക്കിലെടുത്താണ് ഗവര്‍ണര്‍ എന്‍ഐഎ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്.












Click it and Unblock the Notifications