ഡൽഹിയിൽ വനിതാ മുഖ്യമന്ത്രി വരുന്നു..? ബിജെപിയുടെ പ്ലാനിൽ ഈ നാല് പേരുകൾ, ആർക്ക് നറുക്ക് വീഴും?
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ആഗ്രഹിച്ച വിജയം കൊയ്‌തെങ്കിലും ഡൽഹിയിൽ സർക്കാരിനെ ആര് നയിക്കും എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ ഇതുവരെയും ബിജെപിക്ക് കഴിഞ്ഞിട്ടില്ല. അതിന്റെ ചർച്ചകൾ ഇപ്പോഴും രാജ്യതലസ്ഥാനത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ നിരവധി ഉന്നതതല യോഗങ്ങൾ നടന്നെങ്കിലും പേരിൽ അന്തിമ തീരുമാനം എടുക്കാൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് ഇപ്പോൾ ഡൽഹി മുഖ്യമന്ത്രി വിഷയത്തിൽ ഒരു നിർണായക വിവരം പുറത്തുവരുന്നത്.
സുഷമ സ്വരാജിനും, ഷീല ദീക്ഷിതിനും ഏറ്റവും ഒടുവിൽ അതിഷി മർലേനയ്ക്കും ശേഷം ഡൽഹിയിൽ ഒരു വനിതാ മുഖ്യമന്ത്രി കൂടി വരാനുള്ള സാഹചര്യമാണ് നിലവിൽ വരുന്നതെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടയിട്ടില്ലെങ്കിലും പുതുമുഖങ്ങളായ വനിതകളെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

എഎപിയുടെ ഒരു പതിറ്റാണ്ട് നീണ്ട ഭരണം അവസാനിപ്പിച്ചു കൊണ്ടാണ് ആകെയുള്ള 70 സീറ്റുകളിൽ 48 എണ്ണവും നേടി ബിജെപി അധികാരം നേടിയത്. ഇതിന് പിന്നാലെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള വ്യക്തിക്ക് വേണ്ടി ചർച്ചകൾ ആരംഭിച്ചിരുന്നു. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാല് വനിതകളിൽ ഒരാൾക്ക് ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുവാനുള്ള സാധ്യത തെളിയുന്നുണ്ട്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സാമാജികരിൽ നിന്നാണ് അടുത്ത ഡൽഹി മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുകയെന്ന് അടുത്ത വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. പ്രാതിനിധ്യം കുറഞ്ഞ പശ്ചാത്തലത്തിൽ നിന്നുള്ള ഒരു ഉപമുഖ്യമന്ത്രിയെ നിയമിക്കുന്ന കാര്യവും ബിജെപി പരിഗണിക്കുന്നുണ്ട്. പുതിയ മന്ത്രിസഭയിൽ സ്ത്രീകൾക്കും ദളിതർക്കും ശക്തമായ പ്രാതിനിധ്യം ഉണ്ടാകുമെന്നും സൂചനകൾ വരുന്നുണ്ട്.
ബിജെപിയുടെ വിജയിച്ച സ്ഥാനാർത്ഥികളിൽ നാല് വനിതാ നിയമസഭാംഗങ്ങൾ നല്ല ഭൂരിപക്ഷത്തോടെ മുന്നേറിയവരാണ്. രേഖാ ഗുപ്‌ത ഷാലിമാർ ബാഗിൽ ആം ആദ്‌മി പാർട്ടിയുടെ ബന്ദന കുമാരിയെ 29,595 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ശിഖ റോയ് ഗ്രേറ്റർ കൈലാഷിൽ വിജയിച്ചത് എഎപിയുടെ മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജിനെ 3188 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ്.
പൂനം ശർമ്മ വസീർപൂർ സീറ്റ് ഉറപ്പിച്ചത് എഎപിയുടെ രാജേഷ് ഗുപ്‌തയെ 11,425 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്. നീലം പെഹൽവാൻ എഎപിയുടെ തരുൺ കുമാറിനെ 29,009 വോട്ടുകൾക്ക് തോൽപിച്ചാണ് നിയമസഭയിലേക്ക് ടിക്കറ്റ് ഉറപ്പിച്ചത്. ഇവരിൽ ആരെങ്കിലും ഒരാൾ ആവുമോ മുഖ്യമന്ത്രി എന്നാണ് എല്ലാവരും ഉറ്റുനോക്കുന്ന കാര്യം.
27 വർഷങ്ങൾക്ക് ശേഷം ഡൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ബിജെപിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് മുതിർന്ന നേതാവ് പർവേഷ് വർമ അടക്കമുള്ളവരാണ്. ന്യൂഡൽഹി മണ്ഡലത്തിൽ കഴിഞ്ഞ 12 വർഷമായി വെന്നിക്കൊടി പാറിച്ചിരുന്ന എഎപി കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ തകർത്തെറിഞ്ഞാണ് വർമ ജയം നേടിയത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ പേരും പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications