ഡൽഹി റെയിൽവേ സ്‌റ്റേഷൻ അപകടം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ, 'റെയിൽവേ പരാജയം'
ന്യൂഡൽഹി: കുംഭമേള തീർത്ഥാടകർ ഇരച്ചുകയറിയതിനെ തുടർന്ന് ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്രത്തിനെ വിമർശിച്ചു രംഗത്ത് വന്നു. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ പതിനെട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
കേന്ദ്ര സർക്കാരിനെ രാഹുൽ വിഷയത്തിൽ കടന്നാക്രമിക്കുകയാണ് ചെയ്‌തത്, മാത്രമല്ല റെയിൽവേ വെറും പരാജയം ആണെന്നും അദ്ദേഹം പ്രതികരിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മരണപ്പെട്ടവർക്ക് അനുശോചനം അറിയിക്കുകയും അപകടത്തിൽ പരിക്കേറ്റവർക്ക് എല്ലാവിധ പിന്തുണയും രാഹുൽ അറിയിക്കുകയുണ്ടായി.

"ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തുവെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരവും വേദനാജനകവുമാണ്, ദുഃഖിതരായ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു" എക്‌സ് പോസ്‌റ്റിൽ രാഹുൽ വ്യക്തമാക്കി.
ഇതിന് പിന്നാലെയാണ് ഇതേ ട്വീറ്റിൽ രാഹുൽ കേന്ദ്രത്തെ വിമർശിച്ചത്. കേന്ദ്രത്തിന് മറ്റുള്ളവരുടെ വേദന കണ്ടാൽ മനസിലാവില്ലെന്നായിരുന്നു രാഹുലിന്റെ വിമർശനം. ഈ സംഭവം റെയിൽവേയുടെ പരാജയവും സർക്കാരിന്റെ വിവേകശൂന്യതയും ഒരിക്കൽ കൂടി ഉയർത്തിക്കാട്ടുന്ന ഒന്നാണ്, രാഹുൽ ഗാന്ധി പറഞ്ഞു.
പ്രയാഗ്‌രാജിലേക്ക് ധാരാളം ഭക്തർ പോകുന്നതിനാൽ, സ്‌റ്റേഷനിൽ മികച്ച ക്രമീകരണങ്ങൾ ഒരുക്കേണ്ടതായിരുന്നു. കെടുകാര്യസ്ഥതയും അനാസ്ഥയും മൂലം ആർക്കും ജീവൻ നഷ്‌ടപ്പെടാതിരിക്കാൻ സർക്കാരും ഭരണകൂടവും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് അധ്യക്ഷൻ ഖാർഗെയും ഇതിനെതിരെ രംഗത്ത് വന്നു.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ എണ്ണം ഉടൻ വെളിപ്പെടുത്തണമെന്നും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ കേന്ദ്രത്തിൽ നിന്ന് നൽകണമെന്നും മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പിന്തുണ നൽകുന്നതിനുമാണ് മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ രാത്രിയോടെയാണ് ഡൽഹി റെയിൽവേ സ്‌റ്റേഷനിൽ ദൗർഭാഗ്യകരമായ അപകടം നടന്നത്. അപ്രതീക്ഷിതമായി ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികളും നാല് പുരുഷന്മാരും ഉൾപ്പെടെ 18 പേർ മരിച്ചുവെന്നാണ് വിവരം. അപകടത്തിൽ റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications