ഡൽഹിയിൽ കെജ്രിവാൾ തരംഗമില്ല, 7 സീറ്റിലും ബിജെപി കുതിക്കുന്നു; എഎപി-കോൺഗ്രസ് സഖ്യം വട്ടപൂജ്യം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ഏഴ് റൗണ്ട് വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ ഏഴ് സീറ്റുകളിലും ബിജെപി സ്ഥാനാർത്ഥികളുടെ ശക്തമായ മുന്നേറ്റം. ഇവിടെ എഎപിയും കോൺഗ്രസും സഖ്യമായി മത്സരിച്ചെങ്കിലും ഇവർക്ക് യാതൊരു നേട്ടവും ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നാണ് ഇതുവരെയുള്ള ഫലങ്ങൾ വ്യക്തമാക്കുന്നത്. ജയിലിൽ നിന്ന് പ്രചരണത്തിന് എത്തിയ കെജ്രിവാളിന്റെ സാന്നിധ്യവും ഇവിടെ എഎപിയെ രക്ഷിച്ചില്ല.
അതേസമയം, നോർത്ത് ഈസ്‌റ്റ് ഡൽഹിയിൽ ബിജെപിയുടെ മനോജ് തിവാരി 45,000 വോട്ടുകൾക്ക് മുന്നിലാണ് ഇപ്പോൾ. തിവാരിക്കെതിരെ കോൺഗ്രസിന്റെ യുവനേതാവ് കനയ്യ കുമാർ മത്സരിക്കുന്നതിനാൽ ഇവിടുത്തെ പോരാട്ടത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. മികച്ച ഭൂരിപക്ഷത്തോടെയാണ് ഇവിടെ മനോജ് തിവാരി മുന്നേറുന്നത്. ഇനി ഒരു തിരിച്ചുവരവിന് കനയ്യ കുമാറിന് സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ.

ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിൽ പ്രവീൺ ഖണ്ഡേൽവാളിനോട് കോൺഗ്രസ് പാർട്ടിയുടെ ജയ് പ്രകാശ് അഗർവാൾ കടുത്ത പോരാട്ടമാണ് നടത്തുന്നത്. ഈ മണ്ഡലത്തിലാണ് ഏറ്റവും ശക്തമായ മത്സരം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ ട്രെൻഡുകൾ പ്രകാരം വോട്ട് ഷെയർ ഇപ്രകാരമാണ് കാണിക്കുന്നത്, ബിജെപിക്ക് 54 ശതമാനം, എഎപിക്ക് 26 ശതമാനം, കോൺഗ്രസ് 17 ശതമാനം.
2019ലും ഇവിടെ ബിജെപി തൂത്തുവാരിയിരുന്നു. ഇത്തവണ എക്‌സിറ്റ് പോളുകൾ സമാന ഫലങ്ങൾ തന്നെയാണ് പ്രവചിച്ചത്. എങ്കിലും ആദ്യമായി ഡൽഹിയിൽ കൈകോർത്ത എഎപി-കോൺഗ്രസ് കൂട്ടുകെട്ട് അത്ഭുതങ്ങൾ സൃഷ്‌ടിക്കുമെന്നായിരുന്നു അവരുടെ വിലയിരുത്തൽ. ബദ്ധ വൈരികളായ ഇരു പാർട്ടികളും ഏറെ കൂടിയാലോചനകൾക്ക് ശേഷമാണ് കൈകോർത്തത്.
ഇത് വഴി ഇവിടുത്തെ ബിജെപിയുടെ മുന്നേറ്റം തടയാം എന്നായിരുന്നു രണ്ട് പാർട്ടികളും കണക്ക് കൂട്ടിയത്. എന്നാൽ എക്‌സിറ്റ് പോളുകൾ പ്രവചിച്ചത് പോലെ തന്നെ ഡൽഹിയിൽ ഇക്കുറിയും സമ്പൂർണ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കുന്നത്. ആദ്യ മണിക്കൂറുകളിലെ ഫല സൂചനകൾ തന്നെ ഇതിന് ഉദാഹരണമാണ്. മദ്യനയ അഴിമതിയിൽ കെജ്രിവാൾ ജയിലിലായത് ഉൾപ്പെടെ എഎപിക്ക് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായ ഘടകങ്ങൾ ഒട്ടേറെയാണ്.
എങ്കിലും സഖ്യത്തിലൂടെ ബിജെപിയെ വരുതിയിലാക്കാം എന്നായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ ഇരു പാർട്ടികൾക്കും ഉള്ളിൽ നിന്ന് തന്നെ സഖ്യത്തിനെതിരെ എതിർപ്പുകൾ ഉയർന്നിരുന്നു. ഇതാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തിരിച്ചടിയായതെന്നാണ് വിലയിരുത്തൽ. എന്തായാലും അന്തിമ ഫലം വരുന്നത് വരെ കാത്തിരിക്കാനാവും പ്രതിപക്ഷത്തിന്റെ തീരുമാനം.












Click it and Unblock the Notifications