മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദഗതി ബിൽ; പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ ഒരുങ്ങി കേന്ദ്രം
ന്യൂഡൽഹി: മണ്ഡല പുനർനിർണയവും വനിതാ സംവരണ ഭരണഘടനാ ഭേദഗതി ബില്ലും പരിഗണിക്കുന്നതിനായി മൂന്ന് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനത്തിനുള്ള നീക്കവുമായി കേന്ദ്രം. പ്രത്യേക സമ്മേളനം വിളിക്കണമെന്ന നിർദ്ദേശം കേന്ദ്ര സർക്കാർ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് നൽകിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സെപ്റ്റംബർ 17, 18, 19 തീയതികളിൽ പ്രത്യേക പാർലമെന്റ് സമ്മേളനം ചേരാനാണ് സർക്കാർ ആലോചിക്കുന്നതെന്ന് കോൺഗ്രസിനെ അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പാർട്ടിക്കകത്തും മറ്റ് പ്രതിപക്ഷ കക്ഷികളുമായും ചർച്ച നടത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ നിലപാട് അറിയിക്കൂവെന്ന് കോൺഗ്രസ് വ്യക്തമാക്കിയതായും സൂചനയുണ്ട്.

നേരത്തെ ഭരണഘടനാ ഭേദഗതി ബിൽ ഏപ്രിലിൽ നടന്ന ബജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭയിൽ അവതരിപ്പിച്ചിരുന്നെങ്കിലും, ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാനാകാത്തതിനാൽ പാസാകാതെ പോയിരുന്നു. അന്ന് ലോക്‌സഭയിൽ 528 എംപിമാർ ഹാജരായിരുന്നതിനാൽ ബിൽ പാസാകാൻ 352 വോട്ടുകൾ ആവശ്യമായിരുന്നു. സർക്കാരിന് അനുകൂലമായി 298 വോട്ടും എതിർപ്പായി 230 വോട്ടും ലഭിച്ചതോടെ ബിൽ 54 വോട്ടിന്റെ വ്യത്യാസത്തിൽ പരാജയപ്പെടുകയായിരുന്നു.
എന്നാൽ ഇപ്പോൾ ഭൂരിപക്ഷത്തിലെ ആ കുറവ് ഗണ്യമായി കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസിലും ഉദ്ധവ് താക്കറെയുടെ ശിവസേനയിലും നിന്നുള്ള ചില അംഗങ്ങൾ ഭരണപക്ഷത്തെ പിന്തുണച്ചതോടെ ബിൽ പാസാക്കാൻ ആവശ്യമായ സംഖ്യാബലം ഇപ്പോൾ സർക്കാരിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം. രാജ്യസഭയിലും എൻഡിഎ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് അടുത്തെത്തിയതായാണ് വിലയിരുത്തൽ.
അതേസമയം, ജൂലൈ 20 മുതൽ നടക്കുന്ന മൺസൂൺ സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് പലതവണ തടസപ്പെട്ടിരുന്നു. സിജെപി പ്രവർത്തകർക്കെതിരായ പോലീസ് നടപടികൾ, അയോധ്യ രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണം തുടങ്ങിയ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നത്.
ഇതിനിടെ, കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി പാർലമെന്റ് ഹൗസിലെ അദ്ദേഹത്തിന്റെ ഓഫീസിൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശ്വാസം വളർത്താനുള്ള ശ്രമമായിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ റിജിജു രാഹുൽ ഗാന്ധിയെ കാണുന്നത് ഇത് രണ്ടാം തവണയാണ്.
രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ശേഷം റിജിജു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചർച്ച നടത്തി. സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്‌ച നടത്തുമെന്നാണ് റിപ്പോർട്ട്. മൺസൂൺ സമ്മേളനം ആരംഭിച്ചതിന് ശേഷം ലോക്‌സഭയിൽ ഒരു ദിവസവും ചോദ്യോത്തര വേള പൂർണമായി നടത്താൻ കഴിഞ്ഞിട്ടില്ല. അതിനിടയിലാണ് പ്രത്യേക സമ്മേളനം നടത്താൻ സർക്കാർ ആലോചിക്കുന്നത്.


Click it and Unblock the Notifications