നീറ്റ് പരീക്ഷ റദ്ദാക്കില്ല, കുറ്റക്കാരെന്ന് കണ്ടെത്തുന്ന ആരെയും വെറുതെ വിടില്ല; ധര്‍മേന്ദ്ര പ്രധാന്‍
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷ തല്‍ക്കാലം റദ്ദാക്കില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബീഹാറിലെ നീറ്റ്-യുജിസി ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമാണെന്നും മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇത്തരം വീഴ്ച്ചകള്‍ ലക്ഷകണക്കിന് വരുന്ന വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കാന്‍ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥികളുടെ താല്‍പര്യമാണ് സര്‍ക്കാര്‍ മുന്‍ഗണനയായി കാണുന്നത്. അതുകൊണ്ട് നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ പരിശോധിക്കാന്‍ ഉന്നത തല കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ടെന്നും ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. കുറ്റക്കാരായ ഒരു വ്യക്തിയെ പോലും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നീറ്റുപരീക്ഷയ്ക്കായി മുപ്പത് ലക്ഷത്തോടെ പേരാണ് എത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി വിദ്യാര്‍ത്ഥികള്‍ രാജ്യത്തെമ്പാടും വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയിരുന്നു. ഡല്‍ഹിയിലെ ധര്‍മേന്ദ്ര പ്രധാന്റെ വസതിക്ക് പുറത്തും വലിയ രീതിയിലുള്ള പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു.
അതേസമയം എന്‍ടിഎയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഉന്നത തല സമിതിയെ നിയോഗിക്കുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
എന്‍ടിഎയുടെ ഘടന, പ്രവര്‍ത്തനം, പരീക്ഷാ രീതി, സുതാര്യത ഡാറ്റാ സുരക്ഷിതത്വം എന്നിവയിലാവും ഉന്നത തല സമിതിയില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടുക. അതേസമയം ക്രമക്കേടുകള്‍ നടന്നതായും അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതായും വ്യക്തമാക്കിയിട്ടുണ്ട്.
ചില വിഷയങ്ങളില്‍ മാത്രമാണ് ഇതുവരെ പോലീസ് സൂചന നല്‍കിയിരിക്കുന്നത്. കള്ളപ്രചാരണവും രാഷ്ട്രീയവും ഈ വിഷയത്തില്‍ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. നെറ്റ് പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ടെലഗ്രാമില്‍ വന്നതായി വിവരം കിട്ടിയിരുന്നു എന്നും പ്രധാന്‍ അറിയിച്ചു. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ ഭാവി അപകടത്തിലാക്കരുത്. നീറ്റ്, നെറ്റ് വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ബീഹാര്‍ സര്‍ക്കാരില്‍ നിന്ന് വിവരം തേടിയിരുന്നു. പട്‌നയില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ച് കൊണ്ടിരിക്കുന്നു. പട്‌ന പോലീസ് ഇതില്‍ അന്വേഷണം നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.
കൃത്യമായ തെളിവ് ലഭിച്ചാല്‍ കുറ്റക്കാരായവരെ വെറുതെ വിടില്ല. കര്‍ശന നടപടിയെടുക്കും. വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് പ്രധാനം. പരീക്ഷാ നടത്തിപ്പ് അടക്കം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുണ്ടാവും. സുരക്ഷാ പ്രോട്ടോളുകളും വര്‍ധിപ്പിക്കും. യാതൊരു പിഴവുകളുമില്ലാതെ പരീക്ഷകള്‍ നടത്തുന്നതിനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications