സംവിധായകൻ ശ്യാം ബെനഗൽ അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യൻ സമാന്തര സിനിമയ്ക്ക് മറ്റൊരു മുഖം നൽകിയ പ്രതിഭ
ന്യൂഡൽഹി: നവതി ആഘോഷിച്ച് ഏറെ കഴിയും മുമ്പ് ശ്യാം ബെനഗൽ സ്റ്റാർട്ടും ആക്ഷനും കട്ടുമില്ലാത്ത നിത്യതയുടെ ലോകത്തേക്ക് യാത്രയായി. വേറിട്ട ഭാഷയും ദൃശ്യചാരുതയുമായി ഇന്ത്യൻ സമാന്തര സിനിമയിൽ വേറിട്ട വഴിത്താര തീർത്താണ് ബെനഗൽ പോകുന്നത്. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് അദ്ദേഹത്തിന്റെ അന്ത്യം.
1970-കളിലും 1980-കളിലും മുഖ്യധാരാ ഇന്ത്യൻ സിനിമയുടെ കീഴ്‌വഴക്കങ്ങളിൽ നിന്ന് വേറിട്ട് റിയലിസത്തിനും സാമൂഹിക വ്യാഖ്യാനത്തിനും പേരുകേട്ട ഒരു ആഖ്യാന രീതിയിലൂടെയാണ് ഈ മുതിർന്ന സംവിധായകൻ ഇന്ത്യൻ സമാന്തര സിനിമാ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്. അതുകൊണ്ട് തന്നെ ചലച്ചിത്ര പ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.

ഡിസംബർ പതിനാലിന് തന്റെ തൊണ്ണൂറാം പിറന്നാൾ ആഘോഷിച്ചിരുന്നു ശ്യാം ബെനഗൽ. പ്രമുഖ അഭിനേതാക്കളായ കുൽഭൂഷൺ ഖർബന്ദ, നസീറുദ്ദീൻ ഷാ, ദിവ്യ ദത്ത, ഷബാന ആസ്‌മി, രജിത് കപൂർ, അതുൽ തിവാരി, ചലച്ചിത്ര നിർമ്മാതാവും നടനുമായ ശശി കപൂറിന്റെ മകനുമായ കുനാൽ കപൂർ തുടങ്ങിയവരും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു.
1934 ഡിസംബർ 14ന് ഹൈദരാബാദിൽ ജനിച്ച ശ്യാം ബെനഗൽ, കൊങ്കണി സംസാരിക്കുന്ന ചിത്രപൂർ സാരസ്വത് ബ്രാഹ്മണ കുടുംബത്തിലാണ് പിറന്നത്. കർണാടക സ്വദേശിയായ അദ്ദേഹത്തിന്റെ പിതാവ് ശ്രീധർ ബി ബെനഗൽ ഒരു ഫോട്ടോഗ്രാഫറായിരുന്നു. ചെറുപ്പം ചിത്രങ്ങളോടും അവയുടെ വൈവിധ്യത്തോടും താൽപര്യം കാട്ടിയിരുന്ന ശ്യാം ബെനഗലിന്റെ ചലച്ചിത്ര രംഗത്തേക്കുള്ള കടന്നുവരവ് ഒരു നിയോഗം പോലെയായിരുന്നു.
അങ്കുർ, മന്ഥൻ, മണ്ഡി, നേതാജി സുഭാഷ് ചന്ദ്രബോസ്: ദി ഫോർഗോട്ടൻ ഹീറോ, സുബൈദ, വെൽ ഡൺ അബ്ബാ എന്നിവ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്. സാമൂഹികമായ യാഥാർഥ്യങ്ങൾ വരച്ചുകാട്ടി കൊണ്ടുള്ള ശ്യാം ബെനഗലിന്റെ ചിത്രങ്ങൾ പുതിയ കാലത്തെ ചലച്ചിത്ര ആസ്വാദകർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരുന്നു.
1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി ഭാരത സർക്കാർ ശ്യാം ബെനഗലിനെ ആദരിച്ചിരുന്നു. 2005ൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡും അദ്ദേഹത്തിന് ലഭിച്ചിരുന്നു. നിരവധി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ ചിത്രങ്ങൾ നേടിയിരുന്നു. അന്താരാഷ്ട്ര മേളകളിലും ശ്യാം ബെനഗൽ ചിത്രങ്ങൾ അവാർഡുകൾ വാരികൂട്ടിയിരുന്നു.












Click it and Unblock the Notifications