'നമ്മളൊക്കെ ഹിന്ദുക്കളല്ലേ..'; കർണാടകയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ആഘോഷങ്ങളിൽ ഡികെ ശിവകുമാർ...
ബെംഗളൂരു: ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ചടങ്ങ് ആഘോഷിക്കാനുള്ള കർണാടക സർക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ച് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ രംഗത്ത്. "ആത്യന്തികമായി നാമെല്ലാവരും ഹിന്ദുക്കളാണ്" എന്നായിരുന്നു ശിവകുമാർ ഇതിന് നൽകിയ മറുപടി. രാമചന്ദ്രൻ ഫൗണ്ടേഷൻ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ തിരുവനന്തപുരത്ത് എത്തിയതായിരുന്നു കോൺഗ്രസ് നേതാവ്.
"നോക്കൂ, ആത്യന്തികമായി നാമെല്ലാവരും ഹിന്ദുക്കളാണ്," കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ സംസ്ഥാനത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാ ചടങ്ങ് ആഘോഷിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി ശിവകുമാർ പറഞ്ഞു. അയോധ്യ വിഷയത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടിനെ കുറിച്ചും ശിവകുമാർ മനസ് തുറന്നു.

അയോധ്യയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കാത്തതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ ആരൊക്കെ ഉണ്ടായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ ബിജെപി ഭരിക്കുന്ന കേന്ദ്രം പ്രത്യേക രീതിയാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രം ഒരു സ്വകാര്യ സ്വത്തല്ലെന്നും ശിവകുമാർ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭയിലെ പാർട്ടി നേതാവ് അധീർ രഞ്ജൻ ചൗധരി എന്നിവർക്ക് പ്രതിഷ്‌ഠാ ചടങ്ങിലേക്കുള്ള ക്ഷണക്കത്ത് ലഭിച്ചിട്ടുണ്ട്. എന്നാൽ ഇവരുടെ അന്തിമ നിലപാട് ഇതുവരെ വ്യക്തമായിട്ടില്ല.
അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്‌ഠാ ദിനമായ ജനുവരി 22ന് കർണാടകയിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്താൻ കോൺഗ്രസ് നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡി ഇന്ന് ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ രാമക്ഷേത്ര വിഗ്രഹ പ്രതിഷ്‌ഠയുടെ ചടങ്ങിലേക്ക് കർണാടകത്തിലുടനീളമുള്ള ക്ഷേത്രങ്ങളെ കൂടി ഉൾപ്പെടുത്താനാണ് ഈ നീക്കം.
ജനുവരി 22ന് ഉച്ചയ്ക്ക് 12:29നും 1:32നും ഇടയിലാണ് അയോധ്യയിൽ ശ്രീരാമ വിഗ്രഹ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുക. ഈ സുപ്രധാന ചടങ്ങ് പ്രമാണിച്ച് എല്ലാ മുസ്രയ് ക്ഷേത്രങ്ങളിലും മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്താനാണ് മന്ത്രി നിർദ്ദേശം നൽകിയത്. ഇതിനെയാണ് ഉപമുഖ്യമന്ത്രിയായ ഡികെ ശിവകുമാർ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്.
ജനുവരി 22ന് നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മുൻ പ്രധാനമന്ത്രി എച്ച്‌ഡി ദേവഗൗഡയെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ആത്മീയ നേതാവ് ദലൈലാമ, കേരളത്തിൽ നിന്ന് മാതാ അമൃതാനന്ദമയി, യോഗ ഗുരു ബാബാ രാംദേവ്, നടന്മാരായ രജനികാന്ത്, അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അരുൺ ഗോവിൽ എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.












Click it and Unblock the Notifications