രാജ്യത്തെ ഏറ്റവും സമ്പന്ന മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ; ആസ്‌തി 1413 കോടി, ഒപ്പം കൊലപാതക കേസും..!
കൊൽക്കത്ത: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ആസ്‌തിയിൽ മുന്നിൽ കർണാടക മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. 28 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആകെ 31 മുഖ്യമന്ത്രിമാരിൽ ഡികെ ശിവകുമാർ 1413 കോടി രൂപയുടെ പ്രഖ്യാപിത ആസ്‌തിയോടെയാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയായി മാറിയത്. കൂടാതെ ചില മുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസുകളിൽ ഇപ്പോഴും തീർപ്പാകാതെ തുടരുന്നുണ്ടെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തിറക്കിയ പുതിയ റിപ്പോർട്ട് പ്രകാരം, ഡികെ ശിവകുമാറാണ് സമ്പന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. തിരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിമാർ സമർപ്പിച്ച സ്വയംസാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലങ്ങളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കർഷകൻ, വ്യവസായി, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ ഡികെ ശിവകുമാറാണ് ഏറ്റവും കൂടുതൽ ആസ്‌തിയുള്ള മുഖ്യമന്ത്രി. അതേസമയം, ജമ്മു-കാശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുല്ല 55.24 ലക്ഷം രൂപയുടെ ആസ്‌തിയോടെ പട്ടികയിൽ അവസാന സ്ഥാനത്താണ്.

റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, രാജ്യത്തെ 31 മുഖ്യമന്ത്രിമാരിൽ 14 പേർ, അതായത് 45 ശതമാനം പേർ, തങ്ങൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവരിൽ 11 പേർ (35 ശതമാനം) ഗുരുതര ക്രിമിനൽ കേസുകൾ നേരിടുന്നവരാണ്. കൈക്കൂലി സ്വീകരിക്കൽ, അനധികൃത സ്വത്ത് സമ്പാദനം, വധഭീഷണി മുഴക്കൽ, വ്യാജരേഖ നിർമ്മാണം, വിദ്വേഷം വളർത്തൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്നത്.
ഗുരുതര കേസുകളിൽ ഏറ്റവും ശ്രദ്ധേയമായത് കൊലപാതകശ്രമക്കേസാണ്. പശ്ചിമ ബംഗാളിലെ ബിജെപി നേതാവായ സുവേന്ദു അധികാരിക്കും കർണാടക മുഖ്യമന്ത്രി ഡികെ. ശിവകുമാറിനുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 307 പ്രകാരമുള്ള കൊലപാതകശ്രമക്കേസുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. കേസുകൾ വർഷങ്ങളായി കോടതികളിൽ തീർപ്പാകാതെ കിടക്കുമ്പോഴും ഇവർ രാഷ്ട്രീയ രംഗത്ത് സജീവമായി തുടരുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
31 മുഖ്യമന്ത്രിമാരുടെ ആകെ പ്രഖ്യാപിത ആസ്‌തി 3660 കോടി രൂപയാണ്. ഒരോ മുഖ്യമന്ത്രിയുടെയും ശരാശരി പ്രഖ്യാപിത ആസ്‌തി 118.07 കോടി രൂപയാണ്. മുഖ്യമന്ത്രിമാരിൽ 13 ശതമാനത്തിനും 100 കോടി രൂപയിൽ കൂടുതൽ ആസ്‌തിയുണ്ട്. ഡികെ ശിവകുമാറിന് പിന്നാലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് 931 കോടി രൂപയും അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് 332 കോടി രൂപയും പ്രഖ്യാപിത ആസ്‌തിയുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിപ്പോർട്ടിൽ മറ്റ് ചില കൗതുകകരമായ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 31 മുഖ്യമന്ത്രിമാരിൽ ഒരേയൊരു വനിതാ മുഖ്യമന്ത്രിയാണ് നിലവിലുള്ളത്. ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌തയാണ് ആ വനിതാ മുഖ്യമന്ത്രി. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തിൽ 9 മുഖ്യമന്ത്രിമാർ ബിരുദാനന്തര ബിരുദധാരികളാണ്. 7 പേർ ബിരുദധാരികളും 6 പേർ പ്രൊഫഷണൽ ബിരുദധാരികളുമാണ്. 3 പേർ ഡോക്‌ടറേറ്റ് നേടിയവരാണെങ്കിൽ, 2 മുഖ്യമന്ത്രിമാർ എസ്എസ്എൽസി (പത്താം ക്ലാസ്) വരെയാണ് പഠിച്ചിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications