'ഡൊണാൾഡ് ട്രംപ് വരെ കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ പദ്ധതി കോപ്പിയടിച്ചു'; ഡികെ ശിവകുമാർ
ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ഗ്യാരന്റി പദ്ധതികൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ മാത്രമല്ല, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പോലും പിന്തുടരുകയാണെന്ന് അവകാശപ്പെട്ട് കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാർ. മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ സംസ്ഥാനങ്ങൾ കർണാടകയിലെ ക്ഷേമപദ്ധതികൾ പകർത്തിയെന്ന് ട്രംപ് പറഞ്ഞു.
ഇതിന് ശേഷമാണ് ട്രംപും തന്റെ നയങ്ങൾ അതേപടി പകർത്തിയെന്ന് ശിവകുമാർ ചൂണ്ടിക്കാട്ടിയത്. അമേരിക്കൻ പൗരന്മാർക്ക് 5000 ഡോളർ (ഏകദേശം 4.79 ലക്ഷം രൂപ) വീതം നൽകാനുള്ള ട്രംപിന്റെ നിർദേശവും കോൺഗ്രസ് സർക്കാരിന്റെ ഗ്യാരന്റി മാതൃകയ്ക്ക് സമാനമാണെന്നും ശിവകുമാർ പറഞ്ഞു.
മഹാരാഷ്ട്രയിൽ ഞങ്ങളെ പകർത്തി, മധ്യപ്രദേശിലും രാജസ്ഥാനിലും ബിഹാറിലും ഞങ്ങളെ പകർത്തി. ഇപ്പോൾ ട്രംപും ഞങ്ങളെ പകർത്തുകയാണ്; എന്ന് ശിവകുമാർ പറഞ്ഞു.

നവംബറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ യുഎസ് ജനപ്രതിനിധിസഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നിലനിർത്തിയാൽ ഓരോ മുതിർന്ന അമേരിക്കൻ പൗരനും 5,000 ഡോളർ വീതം ഡിവിഡൻഡ് നൽകുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ പരാമർശിച്ചായിരുന്നു ശിവകുമാറിന്റെ പ്രതികരണം. കഴിഞ്ഞ ദിവസമായിരുന്നു ട്രംപ് ഈ പ്രഖ്യാപനം നടത്തിയത്.
ഡാളസിൽ നടന്ന റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിലാണ് ട്രംപ് നിർദേശം പ്രഖ്യാപിച്ചത്. റിപ്പബ്ലിക്കൻ നേതൃത്വത്തിന് കീഴിൽ രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളുടെ ഭാഗമായാണ് ഈ തുക നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ പണം അമേരിക്കയ്ക്കുള്ളിൽ തന്നെ ചെലവഴിക്കേണ്ടിവരുമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
'ട്രംപിനെ നോക്കൂ. അദ്ദേഹം 5000 ഡോളർ, 50,000 ഡോളർ അല്ലെങ്കിൽ 5000 ഡോളർ എന്നൊക്കെയാണ് പറയുന്നത്. ഇപ്പോൾ അവർ പറയുന്നത്, 'ട്രംപിന് വോട്ട് ചെയ്യൂ, ഇത്രയും ഡോളർ നൽകാം' എന്നാണ്' അമേരിക്കൻ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ കുറിച്ച് ശിവകുമാർ ചൂണ്ടിക്കാട്ടി. കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ ക്ഷേമപദ്ധതികളുമായി ബന്ധപ്പെട്ട ആശയങ്ങൾ ഇന്ത്യയ്ക്ക് പുറത്തും ശ്രദ്ധ നേടുന്നുവെന്നതിന് ഈ താരതമ്യം തെളിവാണെന്നും ശിവകുമാർ പറഞ്ഞു.
ഇതിനർഥം ഞങ്ങളുടെ ആശയങ്ങൾ ഇന്ത്യയിൽ മാത്രമല്ല, ലോകമെമ്പാടും അറിയപ്പെടുന്നു എന്നതാണ്. ഇതാണ് കോൺഗ്രസ് പാർട്ടിയുടെ ശക്തി. കോൺഗ്രസ് പാർട്ടി പിന്തുടരുന്ന ഭരണഘടനയും തത്വങ്ങളും ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും ശിവകുമാർ കൂട്ടിച്ചേർത്തു. 2023-ൽ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ പ്രധാന ഗ്യാരന്റി പദ്ധതികൾ ആരംഭിച്ചത്.
സംസ്ഥാന സർക്കാർ നടത്തുന്ന ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസ സാമ്പത്തിക സഹായം, അർഹരായ കുടുംബങ്ങൾക്ക് നിശ്ചിത പരിധിവരെ സൗജന്യ വൈദ്യുതി, ഭക്ഷ്യധാന്യ സഹായം, തൊഴിൽരഹിതരായ ബിരുദധാരികൾക്കും ഡിപ്ലോമ നേടിയവർക്കും സാമ്പത്തിക സഹായം തുടങ്ങിയവയാണ് പദ്ധതികളിൽ ഉൾപ്പെടുന്നത്.
കോൺഗ്രസിന്റെ ക്ഷേമാധിഷ്ഠിത സമീപനത്തിന്റെ ഉദാഹരണമായി കർണാടകയിലെ ഗ്യാരന്റി മാതൃകയെ ശിവകുമാർ പലതവണ ഉയർത്തിക്കാട്ടിയിട്ടുണ്ട്. അതിന് ശേഷം സമാനമായി കേരളത്തിൽ ഉൾപ്പെടെ പദ്ധതികൾ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. പ്രിയദർശിനി സൗജന്യ യാത്ര അടക്കമുള്ള പദ്ധതികൾ അതിൽ ചിലത് മാത്രമാണ്.


Click it and Unblock the Notifications
