തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്‌റ്റാലിൻ തന്നെ, വിജയ്‌യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ
ചെന്നൈ: തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിൽ തിരിച്ചെത്തുമെന്നും വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും പ്രവചനവുമായി സർവേ. പോൾ ട്രാക്കർ സർവേയാണ് ഇക്കാര്യം പ്രവചിച്ചത്. 234 അംഗ നിയമസഭയിൽ ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിക്ക് 172 മുതൽ 178 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് വിലയിരുത്തൽ.
ഇത് മറ്റ് രാഷ്ട്രീയ എതിരാളികളേക്കാൾ വളരെ മുന്നിലാണ്. അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് 46 മുതൽ 52 സീറ്റുകൾ വരെ മാത്രമേ ലഭിക്കാൻ സാധ്യതയുള്ളൂവെന്നാണ് സർവേ പറയുന്നത്. മാത്രമല്ല വോട്ട് വിഹിതം പരിശോധിക്കുമ്പോൾ, ഡിഎംകെ സഖ്യത്തിന് ഏകദേശം 42.7 ശതമാനം ലഭിക്കുമെന്ന് സർവേ റിപ്പോർട്ട് ചെയ്യുന്നു.

ഇത് സംസ്ഥാനത്തുടനീളം അവരുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതായും ചൂണ്ടിക്കാണിക്കുന്നു. നടനും രാഷ്ട്രീയക്കാരനുമായ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) ശ്രദ്ധേയമായ അരങ്ങേറ്റം കുറിക്കുമെന്നാണ് വിലയിരുത്തൽ. ടിവികെക്ക് 19.2 ശതമാനം വോട്ട് വിഹിതവും 6 മുതൽ 12 വരെ സീറ്റുകളും ലഭിക്കാൻ സാധ്യതയുണ്ട്.
നിലവിൽ ഡിഎംകെ സഖ്യത്തിന് വ്യക്തമായ മുൻതൂക്കം ഉണ്ടെന്ന് പോൾ ട്രാക്കർ വിശകലനം ചെയ്യുന്നു. സഖ്യ രൂപീകരണമാണ് വോട്ടർമാരുടെ മാനസികാവസ്ഥ രൂപീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതെന്ന് അവർ നിരീക്ഷിക്കുന്നു. എഐഎഡിഎംകെയും ബിജെപിയും തമ്മിലുള്ള ബന്ധം ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന് ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ സഹായകമായെന്നാണ് വിലയിരുത്തൽ.
നരേന്ദ്ര മോദിയോടും ബിജെപിയോടും വോട്ടർമാരിലെ വലിയൊരു വിഭാഗത്തിനുള്ള സംശയം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് മുൻഗണനകളെ സ്വാധീനിക്കുന്നുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല നേതാവെന്ന നിലയിൽ പരിചയസമ്പത്തും സ്വാധീനവും അധികം എംകെ സ്‌റ്റാലിന് തന്നെയാണെന്നും വിജയ്‌യും എടപ്പാടി പളനിസാമിയും അടുത്തൊന്നും എത്തില്ലെന്നുമാണ് സർവേ പറയുന്നത്.
കൂടാതെ അണ്ണാ ഡിഎംകെയിലെ ആഭ്യന്തര പ്രശ്‌നങ്ങളും സർവേ എടുത്തു കാണിക്കുന്നു. എടപ്പാടി പളനിസ്വാമിക്ക് അപ്പുറം സമഗ്രമായ നേതൃത്വത്തിന്റെ അഭാവം പാർട്ടിയുടെ പ്രകടനത്തെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ പ്രാദേശിക തലത്തിൽ അടക്കം ഡിഎംകെ തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചതായും സർവേ പറയുന്നു.
ടിവികെയുടെ ഭാവിയെന്ത്?
പ്രീപോൾ സർവേ പ്രവചനം ശരിയായാൽ വിജയ് നേതൃത്വം നൽകുന്ന ടിവികെയുടെ ഭാവി എന്താവും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സ്‌റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെയെ അധികാരത്തിൽ നിന്ന് താഴെയിറക്കി ജനങ്ങൾക്ക് സദ്ഭരണം നൽകുമെന്നാണ് ടിവികെ നിരന്തരം പ്രചാരണം അഴിച്ചുവിടുന്നത്. എന്നാൽ അതിനെ വോട്ടർമാർ സ്വീകരിക്കുന്നില്ലെന്നാണ് പ്രീപോൾ സർവേ നൽകുന്ന സൂചന. എങ്കിലും സർവേകൾ എത്രത്തോളം ശരിയാണെന്ന് പറയാനും കഴിയില്ല.












Click it and Unblock the Notifications