തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് ഭൂരിപക്ഷമില്ല? വിജയ് ജയിക്കും, ടിവികെ 24 ശതമാനം വോട്ട് നേടും! പ്രവചിച്ച് സർവേ
ചെന്നൈ: മുൻപൊരിക്കലും ഇല്ലാത്ത രാഷ്ട്രീയ സാഹചര്യത്തിന് ഒടുവിലുള്ള ഒരു തിരഞ്ഞെടുപ്പിനാണ് തമിഴ്‌നാട് ഇത്തവണ സാക്ഷ്യം വഹിക്കുന്നത്. ആദ്യമായി കളം പിടിച്ച തമിഴക വെട്രി കഴകം (ടിവികെ) എന്ന സൂപ്പർതാരം വിജയ്‌യുടെ പാർട്ടി തിരഞ്ഞെടുപ്പ് ചിത്രം ആകെ മാറ്റിമറിച്ചു. വിജയിയുടെ രാഷ്ട്രീയ സ്വാധീനം, 20 വർഷത്തിനുശേഷം ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത ഒരു സാഹചര്യമൊരുക്കിക്കാമെന്നാണ് ഇപ്പോൾ ജൂനിയർ വികടൻ പ്രവചിക്കുന്നത്.
എംകെ സ്‌റ്റാലിൻ, എടപ്പാടി പളനിസ്വാമി, വിജയ്, സീമാൻ എന്നീ നാല് മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ കളം നിറഞ്ഞതോടെ, ടിവികെ പിളർത്തുന്ന വോട്ടുകൾ തിരഞ്ഞെടുപ്പ് രംഗത്തെ കടുത്ത മത്സരത്തിലേക്ക് നയിക്കുമെന്നാണ് കണക്കാക്കുന്നത്. ചുരുക്കത്തിൽ, വിജയ് ഒരു രാഷ്ട്രീയ കൊടുങ്കാറ്റായെന്ന് തന്നെയാണ് സർവേ വിലയിരുത്തുന്നത്. ആ രാഷ്ട്രീയ കൊടുങ്കാറ്റ് ആരെ വീഴ്ത്തി, അത് വിജയകരമായി കരപറ്റിയോ എന്നതാണ് ഇത്തവണത്തെ പ്രധാന ചോദ്യം.

ജൂനിയർ വികടൻ സർവേ പ്രവചിക്കുന്നത്
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമനുസരിച്ച്, ഡിഎംകെ സഖ്യം 37.5 ശതമാനം വോട്ടുകളോടെ 121 സീറ്റുകൾ സ്വന്തമാക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എഐഎഡിഎംകെ സഖ്യം 33.63 ശതമാനം വോട്ട് വിഹിതവുമായി 83 സീറ്റുകൾ കരസ്ഥമാക്കുമെന്നും പ്രവചനമുണ്ട്. ടിവികെ 24.71 ശതമാനം വോട്ട് വിഹിതത്തോടെ പെരമ്പൂർ, ട്രിച്ചി ഈസ്‌റ്റ്, ആർകെ നഗർ എന്നിവിടങ്ങളിലായി മൂന്ന് സീറ്റുകളും നേടുമെന്നും സർവേ പറയുന്നു.
സംസ്ഥാനത്തെ 27 മണ്ഡലങ്ങളിൽ കടുത്ത പോരാട്ടമാണ് പ്രവചിക്കുന്നത്. ജൂനിയർ വികടൻ പ്രവചിക്കുന്നത് റിപ്പോർട്ട് പ്രകാരം, ഡിഎംകെ സഖ്യത്തിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം; അങ്ങനെയെങ്കിൽ അവർക്ക് സർക്കാർ രൂപീകരിക്കാൻ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വന്നേക്കും. പരമാവധി സീറ്റുകൾ എന്ന നിലയിലാണ് 121 പ്രവചിക്കുന്നത്, അതിൽ താഴെയാവാനാണ് സാധ്യത എന്നാണ് സർവേ പറയുന്നത്. എഡിഎംകെ സഖ്യത്തിനും ഭൂരിപക്ഷം നേടാനാവില്ല.
ടിവികെയുടെ ഭാവി
ടിവികെക്ക് 24 ശതമാനത്തോളം വോട്ട് ഷെയർ ലഭിക്കുമെങ്കിലും, 234 അംഗ സഭയിൽ മൂന്ന് സീറ്റുകൾ മാത്രമേ പ്രവചിക്കുന്നുള്ളൂ. സർവേ വോട്ടും സീറ്റുകളും തമ്മിലുള്ള വ്യക്തമായ പൊരുത്തക്കേട് എടുത്തു കാണിക്കുന്നു. ടിവികെ പല മേഖലകളിലും ശക്തമെങ്കിലും, മിക്കയിടത്തും രണ്ടും മൂന്നും സ്ഥാനങ്ങളിലാണ് എത്തുന്നത്. ഈ പിന്തുണ വലിയ വോട്ട് നേടിയിട്ടും കുറഞ്ഞ സീറ്റുകളേ നേടാൻ സഹായിക്കൂ എന്നാണ് അർത്ഥമാക്കുന്നത്.
യുവവോട്ടർമാർ, പ്രത്യേകിച്ച് നഗരങ്ങളിലെ വിദ്യാസമ്പന്നരും കന്നി വോട്ടർമാരും വിജയിയുടെ സ്ഥാപന വിരുദ്ധ നിലപാടിൽ ആകൃഷ്‌ടരായി ടിവികെയെ പിന്തുണയ്ക്കുന്നുവെന്നാണ് സർവേ വ്യക്തമാക്കുന്നത്. എന്നാൽ, ഈ പിന്തുണ വിജയസാധ്യതയുള്ള ചില മണ്ഡലങ്ങളിൽ കേന്ദ്രീകരിക്കാതെ മറ്റിടങ്ങളിൽ ചിതറിക്കിടക്കുകയാണ്. എന്തായാലും വിജയ് ജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്.
തമിഴ്‌നാട്ടിൽ സഖ്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സർവേ അടിവരയിടുന്നു. ഡിഎംകെ, എഐഎഡിഎംകെ മുന്നണികൾക്ക് ശക്തമായ വോട്ടർ അടിത്തറയുണ്ട്. ഇവരുടെ വോട്ടുകൾ നിലനിൽക്കുമ്പോൾ ടിവികെ പോലുള്ള പുതിയ പാർട്ടികൾക്ക് വലിയ വോട്ട് ഷെയർ പോലും വിജയങ്ങളാക്കാൻ പ്രയാസമായിരിക്കും എന്നതാണ് വസ്‌തുത.
സ്‌റ്റാലിന്റെ മോഹവും ഡിഎംകെ സ്വപ്‌നവും
ഭരണത്തുടർച്ച എന്ന സ്‌റ്റാലിന്റെ സ്വപ്‌നം യാഥാർഥ്യമാവുമോ എന്നാണ് കണ്ടറിയേണ്ടത്. തമിഴ്‌നാട്ടിൽ ആകെ 234 നിയമസഭാ സീറ്റുകളാണ് ഉള്ളത്. അതിൽ 118 സീറ്റുകൾ എന്ന മാന്ത്രിക സംഖ്യ മറികടക്കാൻ ഡിഎംകെയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് വിലയിരുത്തൽ. പക്ഷേ, അത് പരമാവധി നേടാൻ കഴിയുന്നത് എന്ന അർത്ഥത്തിലാണ്. ഒരുപക്ഷേ അതിൽ താഴേക്ക് പോവുമ്പോഴാണ് കേവല ഭൂരിപക്ഷം നഷ്‌ടപ്പെടാൻ സാധ്യത. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങൾ ഇതിൽ പ്രധാനമാവും.














Click it and Unblock the Notifications