അംബേദ്‌കറെ അപമാനിച്ചു; അമിത് ഷായ്‌ക്കെതിരെ പ്രമേയം പാസാക്കി ഡിഎംകെ, നേതൃത്വം നൽകി സ്‌റ്റാലിൻ
ചെന്നൈ: പാർലമെന്റിൽ ബിആർ അംബേദ്‌കറെ കുറിച്ച് നടത്തിയ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ പ്രമേയം പാസാക്കി ഡിഎംകെ. പാർട്ടി അധ്യക്ഷനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എംകെ സ്‌റ്റാലിന്റെ അധ്യക്ഷതയിൽ ഞായറാഴ്‌ച ചേർന്ന ദ്രാവിഡ മുന്നേറ്റ കഴകം നിർവാഹക സമിതി യോഗമാണ് പ്രമേയം പാസാക്കിയത്. പാർലമെന്റിൽ അമിത് ഷാ നടത്തിയ പരാമർശത്തെ പ്രമേയം അപലപിച്ചു.
മുതിർന്ന ബിജെപി നേതാവ് കൂടിയ അമിത് ഷാ ഭരണഘടനാ ശിൽപിയായ അംബേദ്‌കറെ അപമാനിച്ചുവെന്ന് പ്രമേയം ആരോപിക്കുന്നു. ആഭ്യന്തരമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസംഗം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ഡിഎംകെ ആരോപിച്ചു. കൂടാതെ ഇതിന് ശേഷം ബിജെപി പാർലമെന്റിന് അകത്തും പുറത്തും നടത്തിയ കാര്യങ്ങൾ വെറും നാടകം ആണെന്നും അവർ വിശേഷിപ്പിച്ചു.

'ജനാധിപത്യത്തിന്റെ ക്ഷേത്രത്തിനകത്ത് വെച്ച് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഇത്തരത്തിൽ അപകീർത്തികരമായ രീതിയിൽ സംസാരിച്ചത് ലജ്ജാകരമാണ്. ആഭ്യന്തര മന്ത്രിയുടെ പ്രസംഗത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ പാർലമെന്റിനകത്തും പുറത്തും ബിജെപി നടത്തിയ നാടകം അങ്ങേയറ്റം ഹാസ്യാത്മകമാണെന്ന് നിർവാഹക സമിതി വിലയിരുത്തുന്നു' ഡിഎംകെ പ്രമേയത്തിൽ പറയുന്നു.
ഡിസംബർ പതിനേഴിനായിരുന്നു വിമർശനത്തിന് ആധാരമായ സംഭവം നടന്നത്. കോൺഗ്രസിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന വേളയിലാണ് അമിത് ഷാ അംബേദ്‌കറുടെ പേര് വലിച്ചിഴച്ചത്. അംബേദ്‌കറുടെ പേര് ഉയർത്തിക്കാട്ടുന്നത് കോൺഗ്രസിന്റെ ഒരു ഫാഷനായി മാറിയെന്നായിരുന്നു അമിത് ഷാ പറഞ്ഞത്. ഇതാണ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയത്.
'ഇത് ഇപ്പോൾ ഒരു ഫാഷനായി മാറിയിരിക്കുന്നു- അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ. അവർ ദൈവനാമം ഇത്ര പ്രാവശ്യം വിളിച്ചിരുന്നെങ്കിൽ, ഏഴ് ജീവിതകാലം കൊണ്ട് അവർ സ്വർഗ്ഗത്തിൽ ഇടം നേടുമായിരുന്നു' എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ. ഇതോടെ പ്രതിപക്ഷം ഇതിനെതിരെ രംഗത്ത് വരികയായിരുന്നു.
സംഭവത്തിൽ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അമിത് ഷായുടെ പരാമർശത്തെ ന്യായീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അംബേദ്‌കറെ അപമാനിച്ച കോൺഗ്രസിന്റെ ഇരുണ്ട ചരിത്രം തുറന്നുകാട്ടുകയാണ് ചെയ്‌തത് എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇതിനെതിരെയും പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
കോൺഗ്രസ് വർഷങ്ങളോളം അധികാരത്തിൽ ഇരുന്നിട്ടും പട്ടികജാതി-പട്ടികവർഗ സമുദായങ്ങളെ ശാക്തീകരിക്കാൻ ഒന്നും ചെയ്‌തില്ലെന്നും നരേന്ദ്ര മോദി എക്‌സ് പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിവാദങ്ങൾ തുടരുന്നതിനിടെയിലാണ് കോൺഗ്രസിന്റെ സഖ്യ കക്ഷി കൂടിയായ ഡിഎംകെ അമിത് ഷാക്കെതിരെ പ്രമേയം പാസാക്കിയിരിക്കുന്നത്.












Click it and Unblock the Notifications