'ബിജെപി പ്രവർത്തകരും നമ്മുടെ സഹോദരീ സഹോദരന്മാർ, വെറുക്കേണ്ട'; ജയിലിൽ നിന്ന് കെജ്രിവാളിന്റെ സന്ദേശം
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ അറസ്‌റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്ന് കൈമാറിയ സന്ദേശം പുറത്തുവിട്ട ഭാര്യയും മുൻ ഐആർഎസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്രിവാൾ. സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരണമെന്നും, ബിജെപി പ്രവർത്തകരെ പോലും വെറുക്കരുതെന്നും കെജ്രിവാൾ തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് എഎപി നിരന്തരം ആരോപിക്കുന്ന ബിജെപിയോട് പോലും വെറുപ്പ് കാട്ടരുതെന്ന കെജ്രിവാളിന്റെ നിലപാടാണ് ശ്രദ്ധേയമാവുന്നത്. "സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത് തുടരുക. ബിജെപിയിൽ നിന്നുള്ളവരെ പോലും വെറുക്കരുത്. അവരെല്ലാം നമ്മുടെ സഹോദരീ സഹോദരന്മാരാണ്" കെജ്രിവാൾ കൈമാറിയ സന്ദേശം അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങൾക്ക് മുൻപിൽ വായിച്ചു.

"ഇന്ത്യക്കകത്തും പുറത്തും രാജ്യത്തെ ദുർബലപ്പെടുത്തുന്ന നിരവധി ശക്തികളുണ്ട്. നമ്മൾ ജാഗ്രത പാലിക്കണം, ഈ ശക്തികളെ തിരിച്ചറിയുകയും അവരെ പരാജയപ്പെടുത്തുകയും വേണം. ഡൽഹിയിലെ സ്ത്രീകൾ കരുതുന്നുണ്ടാവും കെജ്രിവാൾ ജയിലിലാണെന്ന്. അവർക്ക് 1000 രൂപ ലഭിക്കുമോ എന്ന് സംശയിക്കുന്നുണ്ടാവും. ഞാൻ അവരുടെ സഹോദരനെയും, മകനെയും വിശ്വസിക്കാൻ അഭ്യർത്ഥിക്കുകയാണ്. അവനെ ദീർഘകാലം അടയ്ക്കാൻ കഴിയുന്ന ഒരു ജയിലുമില്ല. ഞാൻ ഉടൻ പുറത്തുവന്ന് എന്റെ വാഗ്‌ദാനങ്ങൾ പാലിക്കും" ഡൽഹി മുഖ്യമന്ത്രി തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
ഡൽഹി മദ്യ നയ അഴിമതിയിൽ പ്രധാന സൂത്രധാരനാണ് കെജ്രിവാള്‍ എന്നാണ് എൻഫോഴ്‌മെന്റ് ഡയറക്‌ടറേറ്റ് ആരോപിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഒരു പ്രമുഖ ഗ്രൂപ്പിനും, മറ്റ് പ്രതികള്‍ക്കും ഇടയിലെ പ്രധാന ഇടനിലക്കാരനായിരുന്നു കെജ്രിവാളെന്നും ഇഡി പറയുന്നു. വിവാദമായതിനെ തുടർന്ന് റദ്ദാക്കിയ മദ്യനയം ചില്ലറ വ്യാപാരികൾക്ക് ഏകദേശം 185 ശതമാനവും മൊത്തക്കച്ചവടക്കാർക്ക് 12 ശതമാനവും ഉയർന്ന ലാഭം നൽകിയെന്നാണ് ഇഡി പറയുന്നത്.
വ്യാഴാഴ്‌ച വൈകുന്നേരത്തോടെയാണ് എക്സൈസ് നയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റ് തടയാൻ ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്നാണ് കെജ്രിവാളിനെതിരെ ഇഡി കടുത്ത നടപടിയുമായി രംഗത്ത് വന്നത്. കെജ്രിവാളിന്റെ വസതിയിൽ ഇഡി റെയ്‌ഡ് നടത്തുകയും ചെയ്‌തിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രതിപക്ഷ സഖ്യത്തിലെ മുൻനിര നേതാവ് കൂടിയായ കെജ്രിവാളിനെ കേന്ദ്ര ഏജൻസി അറസ്‌റ്റ് ചെയ്യുന്നത്. ഇത് ഇന്ത്യ മുന്നണിക്ക് വലിയ കോട്ടം ഉണ്ടാക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. എന്നാൽ കെജ്രിവാളിന്റെ അറസ്‌റ്റിലൂടെ കേന്ദ്ര സർക്കാരിനെതിരായ ജനരോഷം ആളിക്കത്തിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ.












Click it and Unblock the Notifications