സോണിയക്കെതിരെ പ്രതിഷേധിച്ചവരാണ് എന്നെ ചോദ്യം ചെയ്യുന്നത്; പാര്‍ട്ടിക്കെതിരെ പ്രണീത് കൗര്‍
കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വവും പറഞ്ഞ് രാജിവെച്ച് 20 കൊല്ലത്തോളം പുറത്തായിരുന്നവരാണ് തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്നും പ്രണീത് കൗര്‍ തുറന്നടിച്ചു

ദില്ലി: കോണ്‍ഗ്രസിനും നേതൃത്വത്തിനുമെതിരെ തുറന്നടിച്ച് പട്യാല എംപിയും കോണ്‍ഗ്രസ് എംപിയുമായ പ്രണീത് കൗര്‍. കാരണം കാണിക്കല്‍ നോട്ടീസിനെതിരെ അവര്‍ തുറന്നടിച്ചു. നിങ്ങള്‍ക്ക് ഇഷ്ടമുള്ള നടപടിയെടുത്തോ എന്നായിരുന്നു പ്രണീതിന്റെ മറുപടി. തനിക്ക് അതിലൊന്നും സംഭവിക്കാനില്ല.
കോണ്‍ഗ്രസില്‍ സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വവും പറഞ്ഞ് രാജിവെച്ച് 20 കൊല്ലത്തോളം പുറത്തായിരുന്നവരാണ് തന്നെ ഇപ്പോള്‍ ചോദ്യം ചെയ്യുന്നതെന്നും പ്രണീത് കൗര്‍ തുറന്നടിച്ചു. താരിഖ് അന്‍വറിനെ ലക്ഷ്യമിട്ടായിരുന്നു കൗറിന്റെ പരാമര്‍ശം. താരിഖ് അന്‍വറാണ് പ്രണീതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

സോണിയയുടെ ദേശീയതയെ ചൊല്ലി, അവരെ ചോദ്യം ചെയ്ത് പാര്‍ട്ടി വിട്ടയാളാണ് താരിഖ് അന്‍വര്‍. അദ്ദേഹത്തിന്റെ ചോദ്യങ്ങളൊന്നും ഗൗരവത്തിലെടുക്കുന്നില്ലെന്നും പ്രണീത് കൗര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രണീതിനെ പാര്‍ട്ടിയില്‍ നിന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സസ്‌പെന്‍ഡ് ചെയ്തത്.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും, ബിജെപിയെ സഹായിച്ചെന്നുമായിരുന്നു ആരോപണം. താരിഖ് അന്‍വര്‍ നേരത്തെ പ്രണീതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണമെന്തെങ്കിലും ഉണ്ടെങ്കില്‍ മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം.
1999ല്‍ സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വം ചോദ്യം ചെയ്തയാളാണ് താരിഖ് അന്‍വര്‍. ഇരുപത് വര്‍ഷം മുമ്പ് അദ്ദേഹം പാര്‍ട്ടി വിടുകയും ചെയ്തു. അങ്ങനെ ഒരാള്‍ മുമ്പ് പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ടതുമാണ്.
ഇപ്പോള്‍ അതേ വ്യക്തി അച്ചടക്കത്തിന്റെ പേരില്‍ എന്നെ ചോദ്യം ചെയ്യുകയാണ്. എനിക്കെതിരെ എന്ത് നടപടിയും നിങ്ങള്‍ക്ക് എടുക്കാം. തനിക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിരവധി പരാതികള്‍ നിലവിലുണ്ട്.
നിങ്ങള്‍ അമരീന്ദര്‍ സിംഗിനോട് ചോദിച്ചാല്‍ അതിന്റെ വിശദാംശങ്ങള്‍ അദ്ദേഹം നല്‍കും. അമരീന്ദര്‍ അവരെ സംരക്ഷിച്ചതാണ്. സ്വന്തം പാര്‍ട്ടിയില്‍ ഉള്ളവരായത് കൊണ്ടാണിത്. തന്റെ മണ്ഡലത്തിന് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും പ്രണീത് കൗര്‍ പറഞ്ഞു.
എന്റെ മണ്ഡലത്തിനൊപ്പം എപ്പോഴും ഞാനുണ്ടാവും. പഞ്ചാബിനൊപ്പവും ഞാനുണ്ടാകും. ഏത് സര്‍ക്കാര്‍ വന്നാലും അതങ്ങനെ തന്നെയായിരിക്കും. മണ്ഡലത്തിന്റെയും സംസ്ഥാനത്തിന്റെയും കാര്യത്തില്‍ കേന്ദ്രവുമായി ചര്‍ച്ചകള്‍ നടത്തും.കേന്ദ്ര മന്ത്രിമാരെ കാണുകയും ചെയ്യും.
കോണ്‍ഗ്രസിന് അത് ഇഷ്ടമായില്ലെങ്കിലും അത് തുടരും. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് സര്‍ക്കാരുകള്‍ ഇക്കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ടെന്നും പ്രണീത് ചൂണ്ടിക്കാണിച്ചു. പഞ്ചാബില്‍ നിന്നുള്ള നേതാക്കള്‍ പ്രണീത് കൗറിനെതിരെ വലിയ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അവരെ പുറത്താക്കിയത്.












Click it and Unblock the Notifications