ടണ്‍ കണക്കിന് സ്വര്‍ണം, പതിനായിരക്കണക്കിന് കോടികള്‍ നിക്ഷേപം; തിരുപ്പതി ക്ഷേത്രത്തിന്റെ സ്വത്ത് വിവരം ഇങ്ങനെ..
അമരാവതി: രാജ്യത്തെ പ്രശസ്ത ക്ഷേത്രമായ തിരുപ്പതി ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടു. ശനിയാഴ്ച തിരുമല തിരുപ്പതി ദേവസ്ഥാനം ധവളപത്രം പുറത്തിറക്കിയാണ് ക്ഷേത്രത്തിന്റെ ആസ്തി വിവരം പുറത്തുവിട്ടത്. സ്ഥിര നിക്ഷേപങ്ങളും സ്വര്‍ണ്ണ നിക്ഷേപങ്ങളും ഉള്‍പ്പെടെയുള്ള ആസ്തികളുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.
തിരുപ്പതി ക്ഷേത്രത്തിന് 5300 കോടി രൂപ മൂല്യമുള്ള 10.3 ടണ്‍ സ്വര്‍ണം നിക്ഷേപമായുണ്ട് എന്നാണ് പറയുന്നത്. വിവിധ ദേശസാത്കൃത ബാങ്കുകളിലാണ് ഇതുള്ളത് എന്നും ധവളപത്രത്തില്‍ പറയുന്നു. 15938 കോടി പണമായും നിക്ഷേപമായുണ്ട്. രാജ്യത്ത് ആകമാനം 7123 ഏക്കറിലായി 960 വസ്തുവകകളും തിരുപ്പതി ക്ഷേത്രത്തിന് ഉണ്ട്.

തിരുപ്പതി ക്ഷേത്രത്തിന് ആകെ 2.26 ലക്ഷം കോടിയുടെ ആസ്തിയാണ് ഉള്ളത്. കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ആസ്തിയില്‍ 2900 കോടി രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 2019 മുതല്‍ നിക്ഷേപ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നിലവിലെ ട്രസ്റ്റ് ബോര്‍ഡ് ശക്തിപ്പെടുത്തിയിട്ടുണ്ട് എന്നും തിരുമല തിരുപ്പതി ദേവസ്ഥാനം അറിയിച്ചു.

2019ല്‍ വിവിധ ബാങ്കുകളില്‍ ടി ടി ഡിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ് നിക്ഷേപങ്ങള്‍ 13,025 കോടി രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 15,938 കോടിയായി വര്‍ധിച്ചത്. അതേസമയം ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ സെക്യൂരിറ്റികളിലും ബോണ്ടുകളിലും മിച്ചമുള്ള ഫണ്ടുകള്‍ നിക്ഷേപിക്കാന്‍ ടി ടി ഡി ( തിരുമല തിരുപ്പതി ദേവസ്ഥാനം) തീരുമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ട്രസ്റ്റ് പറഞ്ഞു.

മിച്ച പണം ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം പറയുന്നു. ടി ടി ഡി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍ക്ക് ഏറ്റവും ഉയര്‍ന്ന ക്രെഡിറ്റ് റേറ്റിംഗുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചിരുന്നു. കൂടാതെ ആര്‍ ബി ഐയുടെ പി സി എ നടപടി നേരിടുന്ന ബാങ്കുകളെ ക്ഷണിച്ചിരുന്നില്ല.

12 വര്‍ഷത്തെ ഗോള്‍ഡ് ഡിപ്പോസിറ്റബിള്‍ മോണിറ്റൈസേഷന്‍ സ്‌കീമിന് കീഴില്‍ ശ്രീവാരി ഹുണ്ടിയുടെ എല്ലാ സ്വര്‍ണ്ണ സംഭാവനകളും സര്‍ക്കാര്‍ മിന്റിലേക്ക് അയച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ വരുമാനം വിശ്വാസികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ബിസിനസുകാരില്‍ നിന്നുമൊക്കെ ലഭിക്കുന്ന സംഭാവനകളാണ്.












Click it and Unblock the Notifications