ഡോക്‌ടർമാരുടെ പ്രതിഷേധം; ഓരോ രണ്ട് മണിക്കൂറിലും റിപ്പോർട്ട് നൽകാൻ പോലീസിനോട് ആഭ്യന്തര മന്ത്രാലയം
കൊൽക്കത്ത: വനിതാ ഡോക്‌ടറുടെ ക്രൂരമായ കൊലപാതകത്തിൽ രാജ്യമെമ്പാടും മെഡിക്കൽ സമൂഹത്തിന്റെ പ്രതിഷേധം ശക്തമാകവേ സാഹചര്യങ്ങൾ കൃത്യമായി നിരീക്ഷിച്ച് കേന്ദ്ര സർക്കാർ. ഓരോ രണ്ട് മണിക്കൂറിലും ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് സേനകളോട് ആവശ്യപ്പെട്ടു.
കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ ബിരുദാനന്തര ട്രെയിനി ഡോക്‌ടറെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്‌ടർമാരുടെയും നഴ്‌സിങ് ജീവനക്കാരുടെയും ഉൾപ്പെടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും തൽസ്ഥിതി റിപ്പോർട്ട് നൽകാൻ എല്ലാ സംസ്ഥാന പോലീസ് സേനകളോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെടുകയായിരുന്നു.

പ്രതിഷേധങ്ങൾ കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില നിരീക്ഷിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാന പോലീസ് സേനകളുമായുള്ള ആശയവിനിമയത്തിൽ അറിയിച്ചു. രണ്ട് മണിക്കൂർ കൂടുമ്പോൾ റിപ്പോർട്ട് കൈമാറാനായി ഫാക്‌സ്, വാട്‌സ്‌ആപ്പ് നമ്പറുകളും ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്.
മമതയ്ക്ക് എതിരെ മുൻ വനിതാ കമ്മീഷൻ അധ്യക്ഷ
വനിതാ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് എതിരെ ആഞ്ഞടിച്ച് മുൻ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ രംഗത്തെത്തി. മമത എന്തൊക്കെയോ ഒളിക്കാൻ ശ്രമിക്കുകയാണെന്നും ആരെയൊക്കെയോ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും രേഖ ശർമ്മയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഈ കൊടും കുറ്റകൃത്യം ഒരാൾ ഒറ്റയ്ക്ക് ചെയ്‌തതാണെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും കൂടുതൽ പേർ ഇതിൽ പങ്കെടുത്തെന്ന് കരുതുന്നതായും അവർ പറഞ്ഞു. അവരെയാണ് മമത ബാനർജി രക്ഷിക്കാൻ ശ്രമിക്കുന്നതെന്നും രേഖ ശർമ്മ ചൂണ്ടിക്കാട്ടി. എന്നാൽ ഇപ്പോൾ സിബിഐയാണ് കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ അവർ മമത ആരെയാണ് രക്ഷിക്കാൻ ശ്രമിക്കുന്നതെന്ന് കണ്ടുപിടിക്കും.
അതേസമയം, കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്ന് കൊണ്ടിരിക്കുന്നത്. മുൻപെങ്ങും ഇല്ലാത്തവിധം പ്രതിസന്ധിയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസും നേരിടുന്നത്. തുടക്കം മുതൽ മമതയും സർക്കാരും പ്രാദേശിക ഭരണകൂടവും ഒക്കെ കേസ് കൈകാര്യം ചെയ്‌ത രീതി ചൂണ്ടിക്കാട്ടി വ്യാപകമായ വിമർശനംഉയർന്നിരുന്നു.
ഡോക്‌ടർമാരും പാരാമെഡിക്കുകളും മുതൽ പ്രതിപക്ഷ പാർട്ടികളും സാധാരണക്കാരും വരെ ഇക്കാര്യത്തിൽ സർക്കാരിനെ നിശിതമായി വിമർശിക്കുന്നുണ്ട്. കൂടാതെ ഇന്നലെ പുലർച്ചെ ആറ് മണി മുതൽ ഇന്ന് ആറ് മണിവരെ ഡോക്‌ടർമാരുടെ സമരം രാജ്യവ്യാപകമായി നടന്നിരുന്നു. പലയിടത്തും മാർച്ചുകളും ഐക്യദാർഢ്യ സമരങ്ങളും ഒക്കെ നടക്കുന്നുമുണ്ട്.












Click it and Unblock the Notifications