നടുവൊടിയും; ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചു
ന്യൂദല്‍ഹി: ജനങ്ങളുടെ നടുവൊടിച്ച് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. നേരത്തെ 956.50 രൂപയായിരുന്നു 14.2 കിലോ സിലിണ്ടറിന്റെ വില. വില പരിഷ്‌കരിച്ചതോടെ ഇനി 1006.50 രൂപയാകും. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളുടെ നട്ടെല്ലൊടിക്കുന്നതാണ് പാചക വാതക വില വര്‍ധനവ്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വിലയും കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. 102 രൂപയുടെ വര്‍ധനയാണ് വരുത്തിയത്.
19 കിലോ സിലിണ്ടറിന്റെ വില ഇതോടെ 2253 രൂപയാണ്. കഴിഞ്ഞ നാലു മാസത്തിനിടെ 365 രൂപയാണ് വാണിജ്യ സിലിണ്ടറുകള്‍ക്കു വര്‍ധിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ഇടിത്തീ പോലെ ഗാര്‍ഹിക സിലിണ്ടറിനും വില കൂട്ടിയത്. പെട്രോള്‍ ഡീസല്‍ ഇന്ധന വിലയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് വലിയ തരിച്ചടിയാകുകയാണ് തുടര്‍ച്ചയായുണ്ടാകുന്ന ഗാര്‍ഹിക സിലിണ്ടര്‍ വില വര്‍ധനവും.

എല്‍ പി ജി വില അടിക്കടി വര്‍ധിപ്പിച്ചതോടെ ഗ്രാമപ്രദേശങ്ങളില്‍ വിറകിന്റെ ആവശ്യം വര്‍ധിച്ചിരിക്കുകയാണെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാര്‍ഹിക ഗ്യാസ് സിലിണ്ടര്‍ വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയുള്ള വിറക് ഉപയോഗിക്കുന്നതിന് ആളുകള്‍ താല്‍പ്പര്യം കാണിക്കുന്നു.
ഇതുവരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളില്‍ നിന്ന് സബ്സിഡിയിലും സൗജന്യമായും ഗാര്‍ഹിക സിലിണ്ടറുകളും സ്റ്റൗവും ലഭിച്ചിരുന്ന നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ ക്രമേണ വിറകിലേക്ക് മടങ്ങുകയാണ്. സിലിണ്ടറുകളുടെ വില താങ്ങാനാവുന്നില്ലെന്നാണ് പലരും പറയുന്നത്. ചെറിയ ഹോട്ടലുകളും വഴിയോര ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളും നടത്തുന്നവര്‍ വിറക് ഉപയോഗിക്കുന്നത് വര്‍ധിച്ചുവരികയാണ്.
ആഹാ...കൊള്ളാലോ ചിരി; ചിരിപ്പടവുമായി സാധിക, ചിത്രങ്ങള്‍ കാണാം...
അതേസമയം, രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും മാറ്റമില്ലാതെ തുടര്‍ന്നു. മാര്‍ച്ച് മുതല്‍ ഏപ്രില്‍ 6 വരെ പ്രധാന നഗരങ്ങളിലുടനീളം എണ്ണ വിപണന കമ്പനികള്‍ 14 തവണ ഇന്ധന വില വര്‍ദ്ധിപ്പിച്ചിരുന്നു. അതിനുശേഷം ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്.
ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 105.41 രൂപയും ഡീസല്‍ ലിറ്ററിന് 96.67 രൂപയുമാണ് വില. മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 120.51 രൂപയ്ക്കും ഒരു ലിറ്റര്‍ ഡീസല്‍ 104.77 രൂപയ്ക്കും വില്‍ക്കുന്നു. കൊല്‍ക്കത്തയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.12 രൂപയും ഒരു ലിറ്റര്‍ ഡീസല്‍ ലിറ്ററിന് 99.83 രൂപയുമാണ്. ചെന്നൈയില്‍ പെട്രോള്‍ ലിറ്ററിന് 110.85 രൂപയും ഡീസല്‍ ലിറ്ററിന് 100.94 രൂപയും നല്‍കണം.












Click it and Unblock the Notifications