ഡൽഹിയിൽ എഎപിക്ക് ഇരട്ട പ്രഹരം; പാർട്ടി വിട്ട എട്ട് എംഎൽഎമാർ ബിജെപിയിൽ ചേർന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നിർണായക നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആം ആദ്‌മി പാർട്ടിക്ക് ഇരട്ട പ്രഹരമേൽപ്പിച്ച് പാർട്ടി വിട്ട എംഎൽഎമാർ. തിരഞ്ഞെടുപ്പിന് നാല് ദിനങ്ങൾ മാത്രം ശേഷിക്കെ രാജിവച്ച എംഎൽഎമാർ ബിജെപിയിൽ ചേർന്നു. രാജിവെച്ച് മണിക്കൂറുകൾ തികയും മുൻപാണ് എഎപിയെ ഞെട്ടിച്ചുകൊണ്ട് എംഎൽഎമാർ ബിജെപി പാളയത്തിലേക്ക് ചേക്കേറിയത്. ബിജെപി തന്നെയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്.
പാലം മണ്ഡലത്തിൽ നിന്ന് രണ്ട് തവണ എംഎൽഎയായ ഭാവന ഗൗർ, കസ്തൂർബാ നഗറിൽ നിന്ന് മൂന്ന് തവണ എംഎൽഎയായ മദൻ ലാൽ, മൂന്ന് തവണ എംഎൽഎയായ ഗിരീഷ് സോണി, രണ്ട് തവണ എംഎൽഎയായ രാജേഷ് ഋഷി, നരേഷ് യാദവ്, പവൻ ശർമ എന്നിവരാണ് എട്ട് എഎപി എംഎൽഎമാരിൽ ഉൾപ്പെടുന്നത്. , എംഎൽഎമാരായ ബിഎസ് ജൂൺ, രോഹിത് മെഹ്‌റോലിയ, മുൻ എംഎൽഎ ബിജേന്ദ്ര ഗാർഗ്, എഎപി കൗൺസിലറായിരുന്ന അജയ് റായി എന്നിവരും ബിജെപിയിൽ ചേർന്നു.

അഴിമതി ആരോപണവും അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ നിന്നുള്ള വ്യതിചലനവും ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ എംഎൽഎമാർ രാജിവച്ചത്. എട്ട് നിയമസഭാംഗങ്ങൾക്കും എഎപി ഇത്തവണ തിരഞ്ഞെടുപ്പ് ടിക്കറ്റ് നിഷേധിച്ചിരുന്നു, ഇതാണ് രാജിയിലേക്ക് നയിച്ച കാരണമെന്നാണ് വിലയിരുത്തൽ.
മുൻ എഎപി എംഎൽഎ വിജേന്ദർ ഗാർഗും കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ മറ്റ് നിരവധി നേതാക്കളും ബിജെപി ദേശീയ വൈസ് പ്രസിഡന്റും ഡൽഹി ബിജെപിയുടെ ചുമതലയുള്ള ബൈജയന്ത് പാണ്ഡയുടെയും സംസ്ഥാന അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവയുടെയും സാന്നിധ്യത്തിലാണ് സംഘടനയിൽ ചേർന്നത്.
എംഎൽഎമാരെയും നേതാക്കളെയും ബിജെപിയിലേക്ക് സ്വാഗതം ചെയ്‌ത ബൈജയന്ത് പാണ്ഡ, ഇവർ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതിനാൽ ഇത് ചരിത്ര ദിവസമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഡൽഹിയും അതിൽ നിന്ന് മുക്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. വർണാഭമായ ചടങ്ങിലാണ് എഎപി എംഎൽഎമാർ ബിജെപിയിൽ എത്തിയത്.
അതേസമയം, തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ എതിരാളികളുടെ ക്യാമ്പിലേക്ക് തന്നെ പാർട്ടി വിട്ടവർ ചേക്കേറിയത് എഎപിക്ക് ഉണ്ടാക്കുന്ന ക്ഷീണം ചില്ലറയല്ല. രണ്ടര പതിറ്റാണ്ട് കാലത്തെ അധികാര വരൾച്ച തീർക്കാൻ ഒരുങ്ങി ബിജെപിയും ഹാട്രിക് ജയം തേടി ഭരണം തുടരാൻ എഎപിയും ഒരുങ്ങുന്ന വേളയിലാണ് അപ്രതീക്ഷിത സംഭവ വികാസങ്ങൾക്ക് ഡൽഹി വേദിയാവുന്നത്.












Click it and Unblock the Notifications