മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം, ഡ്രോണ്‍ ബോംബ് ആക്രമണത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടു
ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാല്‍ വെസ്റ്റ് മേഖലയിലെ സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരുക്കുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ ഒരു സ്ത്രീയുണ്ട്. ഇവരുടെ മകള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവിടെ വെടിവെപ്പുമുണ്ടായി.
ഇംഫാല്‍ വെസ്റ്റിലെ കൗത്രുക് ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. ഉച്ചയ്ക്ക് രണ്ട് മണിയോടെ തോക്കുധാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. പ്രകോപനമൊന്നുമില്ലാതെയാണ് ഇവര്‍ വെടിയുതര്‍ത്തതെന്ന് കൗത്രുക് ഗ്രാമ പഞ്ചായത്ത് ചെയര്‍മാന്‍ പറഞ്ഞു. കൊല്ലപ്പെട്ട ഒരാള്‍ 33കാരിയായ സുര്‍ബല ദേവിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം കൊല്ലപ്പെട്ട സുര്‍ബല ദേവിയുടെ പതിമൂന്നുകാരി മകള്‍ക്കാണ് പരുക്കേറ്റത്. പെണ്‍കുട്ടിയുടെ വലത് കൈയ്യിലാണ് പരുക്കേറ്റത്. കുട്ടി ഇപ്പോള്‍ ഇംഫാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബാക്കി പരുക്കേറ്റവരെ മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ ജില്ലാ ഭരണകൂടം കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ആക്രമണത്തെ മണിപ്പൂര്‍ സര്‍ക്കാര്‍ അപലപിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇത്തരം തീവ്രവാദ ശ്രമങ്ങളെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. സംസ്ഥാനത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും സംസ്ഥാര്‍ സര്‍ക്കാര്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ബിരേന്‍ സിംഗ് സര്‍ക്കാര്‍ അറിയിച്ചു. യുദ്ധമുഖത്ത് കാണുന്ന തരത്തിലുള്ള ഹൈ ടെക് ഡ്രോണുകള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ഇത് കാര്യങ്ങളെ രൂക്ഷമാക്കിയെന്നും മണിപ്പൂര്‍ പോലീസ് എക്‌സിലൂടെ അറിയിച്ചു.
കുക്കി തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്. ആര്‍പിജികളും, ഡ്രോണുകളുമെല്ലാം ആക്രമണത്തിലുണ്ടായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച്‌പോലീസിനും സാധാരണക്കാര്‍ക്കും നേരെ ആക്രമണം നടത്തുന്നത് തീര്‍ത്തും പുതിയ കാര്യമാണെന്ന് പോലീസ് പറയുന്നു.
പരിശീലനം ലഭിച്ച പ്രൊഫഷണലുകള്‍ക്ക് ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറയുന്നു. അവര്‍ക്ക് സാങ്കേതിക വൈദഗ്ധ്യം അടക്കമുണ്ടാവാം. ഈ സാധ്യതകള്‍ തള്ളിക്കളയാനാവില്ല. കൃത്യമായി എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പോലീസ് സേന മൊത്തം ജാഗ്രതയോടെ ഇരിക്കുകയാണ്. ഏത് സമയവും വീണ്ടും സംഘര്‍ഷമുണ്ടായേക്കാന്‍ സാധ്യതയുണ്ട്. സംയുക്ത സൈനിക നീക്കങ്ങളും ഉണ്ടാവും.
അതേസമയം ആക്രമണം സമാധാന ശ്രമങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ്. പുറത്തുനിന്നുള്ളവരുടെ പിന്തുണ അടക്കം പോലീസ് ഇക്കാര്യത്തില്‍ സംശയിക്കുന്നുണ്ട്. റോക്കറ്റ് ലോഞ്ചറുകളും, ഡ്രോണുകളുമെല്ലാം വന്നതോടെ സംഘര്‍ഷം ആളിക്കത്തിക്കാനുള്ള ശ്രമമായിട്ടാണ് പോലീസ് കരുതുന്നത്.












Click it and Unblock the Notifications