അതിർത്തിയിൽ മഞ്ഞുരുകുന്നോ? ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്‌ടാവുമായി കൂടിക്കാഴ്‌ച നടത്തി ജയശങ്കർ
ന്യൂഡൽഹി: ബംഗ്ലാദേശിന്റെ വിദേശകാര്യ ഉപദേഷ്‌ടാവ് തൗഹിദ് ഹുസൈനുമായി കൂടിക്കാഴ്‌ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനും ബിംസ്‌റ്റെക്കുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് കൂടിക്കാഴ്‌ചയിൽ വിഷയമായത്. ജയശങ്കർ തന്നെയാണ് എക്‌സ് പോസ്‌റ്റിലൂടെ കുടിക്കാഴ്‌ചയുടെ വിവരങ്ങൾ പങ്കുവച്ചത്.
അടുത്തിടെ ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി, നയതന്ത്ര ബന്ധത്തിൽ ഉണ്ടായ ഉലച്ചിലിന്റെ പശ്ചാത്തലത്തിൽ വളരെ നിർണായകമായ കൂടിക്കാഴ്‌ച കൂടിയാണിത്. "ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്റെ വിദേശകാര്യ ഉപദേഷ്‌ടാവ് എംഡി തൗഹിദ് ഹുസൈനെ കണ്ടു. ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തെ കേന്ദ്രീകരിച്ചായിരുന്നു ചർച്ച, കൂടാതെ ബിംസ്‌റ്റെക്കും വിഷയമായി" ജയശങ്കർ പറഞ്ഞു.

ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്‌ടറൽ ടെക്‌നിക്കൽ ആൻഡ് ഇക്കണോമിക് കോ-ഓപ്പറേഷനിൽ (ബിംസ്‌റ്റെക്) ഏഴ് രാജ്യങ്ങളാണ് ഉൾപ്പെടുന്നത്: ബംഗ്ലാദേശ്, ഇന്ത്യ, ശ്രീലങ്ക, തായ്‌ലൻഡ്, മ്യാൻമർ, ഭൂട്ടാൻ, നേപ്പാൾ എന്നിവയാണത്. അടുത്ത ബിംസ്‌റ്റെക് ഉച്ചകോടിയുടെ അധ്യക്ഷൻ ബംഗ്ലാദേശ് ആണ്. ഈ വർഷം ഏപ്രിൽ 2 മുതൽ 4 വരെ ബാങ്കോക്കിലാണ് ഈ ബിംസ്‌റ്റെക് ഉച്ചകോടി നടക്കുക.
ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാകാതിരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒമാനിൽ നടക്കുന്ന ഇന്ത്യൻ മഹാസമുദ്ര സമ്മേളനത്തോടനുബന്ധിച്ചാണ് ഹുസൈൻ ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തിയതെന്നാണ് വിലയിരുത്തൽ. നേരത്തെ വിവിധ വിഷയങ്ങളുടെ സ്വാധീന ഫലമായി അയൽ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വീണിരുന്നു.
കഴിഞ്ഞ വർഷം ഓഗസ്‌റ്റിൽ നടന്ന വൻ സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് രാജ്യം വിടാൻ നിർബന്ധിതയായ ഷെയ്ഖ് ഹസീനയെ സ്വീകരിച്ച ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഹസീനയെ എത്രയും പെട്ടെന്ന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് നിരന്തരം സമ്മർദ്ദം ചെലുത്തിയെങ്കിലും അതിന് ഇന്ത്യ വഴങ്ങിയിട്ടില്ല.
ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്‌തതിന് ദിവസങ്ങൾക്ക് ശേഷമാണ് സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലെ താൽക്കാലിക മന്ത്രിസഭയുടെ തലപ്പത്ത് വന്നത്. ബംഗ്ലാദേശിൽ ന്യൂനപക്ഷ ഹിന്ദുക്കൾക്ക് നേരെയുള്ള ആക്രമണങ്ങളെ തുടർന്ന് ബന്ധം കൂടുതൽ വഷളായിരുന്നു. അതിനിടയിലാണ് ഇരുവരുടെയും കൂടിക്കാഴ്‌ച.












Click it and Unblock the Notifications