താലിബാൻ വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്തി എസ് ജയശങ്കർ; 2021ന് ശേഷം ആദ്യം, പാകിസ്ഥാനുള്ള അടിയോ?
ന്യൂഡൽഹി: ഇന്ത്യയും താലിബാനും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അഫ്‌ഗാനിസ്ഥാനിലെ താൽക്കാലിക വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുതാഖിയുമായി ചർച്ച നടത്തി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജമ്മു കശ്‌മീരിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച അഫ്‌ഗാൻ നടപടിയെ ഇന്ത്യ സ്വാഗതം ചെയ്‌തു. കൂടുതൽ മേഖലകളിൽ സഹകരണം വർധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
എക്‌സ് പോസ്‌റ്റിലൂടെ എസ് ജയശങ്കർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 2021ൽ അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ഭരണം ഏറ്റെടുത്ത ശേഷം ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി അവരുമായി ചർച്ച നടത്തുന്നത്. ഇന്ത്യ ഇതുവരെയും താലിബാനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല, എന്നാൽ അഫ്‌ഗാൻ ജനതയുടെ ക്ഷേമത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാമെന്ന സന്ദേശമാണ് ജയശങ്കർ പങ്കുവച്ചത്.

ചർച്ചയിൽ പാകിസ്ഥാൻ നടത്തിയ വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച അഫ്‌ഗാനിസ്ഥാൻ നടപടിയെ ജയശങ്കർ അഭിനന്ദിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ അവിശ്വാസം സൃഷ്‌ടിക്കാനുള്ള ശ്രമങ്ങൾ തടഞ്ഞതിലാണ് മുതാഖിയെ ജയശങ്കർ അഭിനന്ദിച്ചത്.ഇന്ത്യ-അഫ്‌ഗാൻ പാരമ്പര്യ ബന്ധത്തിന്റെ പ്രാധാന്യവും ജയശങ്കർ എടുത്തുപറഞ്ഞു.
തെറ്റായതും അടിസ്ഥാനരഹിതവുമായ റിപ്പോർട്ടുകൾ വഴി ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനും ഇടയിൽ അവിശ്വാസം സൃഷ്‌ടിക്കാനുള്ള സമീപകാല ശ്രമങ്ങളെ അദ്ദേഹം ശക്തമായി നിരസിച്ചതിനെ സ്വാഗതം ചെയ്‌തുവെന്നാണ് ജയശങ്കർ പറഞ്ഞത്. എന്നാൽ പഹൽഗാമിൽ ആക്രമണം നടത്താൻ ഇന്ത്യ താലിബാനെ നിയമിച്ചു എന്ന് അവകാശപ്പെടുന്ന പാകിസ്ഥാൻ മാധ്യമങ്ങളിലെ ഒരു വിഭാഗത്തിലെ റിപ്പോർട്ടിനെ എടുത്തുപറയാതെ ആയിരുന്നു ജയശങ്കറിന്റെ പ്രതികരണം.
ജമ്മു കശ്‌മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ ബന്ധമുള്ള ഭീകരർ 26 പേരെ കൊലപ്പെടുത്തിയ സംഭവത്തെ അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം അപലപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മുതാഖിക്ക് ജയശങ്കറിന്റെ ഫോൺ സന്ദേശം എന്നതാണ് ശ്രദ്ധേയമായ കാര്യം. നല്ല സംഭാഷണമാണ് നടന്നതെന്നും ജയശങ്കർ എക്‌സ് പോസ്‌റ്റിൽ കുറിച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയും പാകിസ്ഥാനും സൈനിക ആക്രമണങ്ങൾ നിർത്താൻ സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം. പാക് അതിർത്തി കടന്ന് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച ഇന്ത്യൻ തിരിച്ചടിക്ക് പിന്നാലെ അതിർത്തിയിൽ സംഘർഷം പൊട്ടിപുറപ്പെട്ടിരുന്നു. അടുത്തിടെയാണ് പൂർണ വെടിനിർത്തലിന് ഇരു രാജ്യങ്ങളും സമ്മതം മൂളിയത്.
നേരത്തെ പഹൽഗാം ആക്രമണത്തിന് പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിലെ അഫ്‌ഗാനിസ്ഥാൻ, ഇറാൻ, പാകിസ്ഥാൻ ഡിവിഷന്റെ ഡയറക്‌ടർ ജനറലും ഇന്ത്യൻ പ്രത്യേക പ്രതിനിധിയുമായ ആനന്ദ് പ്രകാശ്, താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുതാഖിയെ കാണാനായി കാബൂളിലേക്ക് പോയിരുന്നു. നിർണായക ചർച്ചകളാണ് ഈ കൂടിക്കാഴ്‌ചയിൽ നടന്നത്.
2021 ആഗസ്‌റ്റിൽ കാബൂളിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിനുശേഷം ഇരുപക്ഷവും തമ്മിലുള്ള ആദ്യത്തെ രാഷ്ട്രീയ തലത്തിലുള്ള സംഭാഷണമാണ് ജയശങ്കറും മുതാഖിയും തമ്മിൽ ഇന്നലെ നടന്നത്. ഈ വർഷം ജനുവരിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ദുബായിൽ മുതാഖിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഇത്തരത്തിൽ ഇതിനു മുമ്പുള്ള അവസാന രാഷ്ട്രീയ തല ബന്ധം 1999-2000 കാലഘട്ടത്തിലായിരുന്നു. 1999 ഡിസംബറിൽ കാണ്ഡഹാറിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനം ഐസി-814 തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിംഗ് താലിബാൻ വിദേശകാര്യ മന്ത്രി വകിൽ അഹമ്മദ് മുത്തവകിലുമായി ബന്ധപ്പെട്ടിരുന്നു.
ഇന്നത്തെ നിലയിൽ ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാവുന്നത് പാകിസ്ഥാൻ ആശങ്കയോടെയാവും നോക്കി കാണുക. പ്രത്യേകിച്ച് താലിബാനുമായി പാകിസ്ഥാന്റെ ബന്ധം നല്ല നിലയിൽ അല്ലെന്നതിനാൽ തന്നെ. മാത്രമല്ല മേഖലയിൽ ഇന്ത്യയ്ക്ക് കൂടുതൽ സ്വാധീനവും സ്വീകാര്യതയും വരുന്നതും അവരെ പ്രതിസന്ധിയിലാഴ്ത്തും.
അതിനിടെ ഇന്ത്യ-പാക് സംഘർഷത്തിൽ നിലവിലെ വെടിനിർത്തൽ തുടരാനും കൂടുതൽ സമാധാന ചർച്ചകൾക്കുമുള്ള സാധ്യതകളാണ് ഇപ്പോൾ തെളിയുന്നത്. ഡിജിഎംഒ തലത്തിൽ ഇതിൽ ധാരണയായിട്ടുണ്ട്. കഴിഞ്ഞ ദിവസം കൂടുതൽ സമാധാന ചർച്ചകൾക്ക് താൽപര്യമുണ്ടെന്നാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നെ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications