'ഓപ്പറേഷൻ സിന്ദൂർ തുടങ്ങി 30 മിനിറ്റിനുള്ളിൽ തന്നെ പാകിസ്ഥാനെ വിവരം അറിയിച്ചിരുന്നു'; എസ് ജയശങ്കർ
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് അത് തുടങ്ങി 30 മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ പാകിസ്ഥാനെ വിവരം അറിയിച്ചിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയയെയാണ് എസ് ജയശങ്കർ ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മെയ് 7ന് അർധരാത്രിയോടെയാണ് പാക് മണ്ണിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമണം നടത്തിയത്.
പാകിസ്ഥാൻ, പാക് അധീന കശ്‌മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകൾ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് 30 മിനിറ്റിനുള്ളിൽ ഇസ്ലാമാബാദിന് മുന്നറിയിപ്പ് നൽകിയതായാണ് വിദേശകാര്യ മന്ത്രി പാർലമെന്റ് കമ്മിറ്റിയെ അറിയിച്ചിരിക്കുന്നത്. തീവ്രവാദ കേന്ദ്രങ്ങൾ മാത്രമാണ് ഇന്ത്യ ആക്രമിച്ചതെന്ന് അറിയിച്ചിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

'ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് അര മണിക്കൂറിനുള്ളിൽ, തീവ്രവാദികളുടെ ഒളിത്താവളങ്ങൾ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്ന് പാകിസ്ഥാന് വിവരം നൽകി. ഇസ്ലാമാബാദ് ആരംഭിച്ച ഇന്ത്യയുടെയും പാകിസ്ഥാന്റെയും ഡയറക്‌ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) നേരിട്ടുള്ള ആശയവിനിമയത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്; ജയശങ്കറിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
അതേസമയം, ഓപ്പറേഷൻ സിന്ദൂറും പാകിസ്ഥാനിൽ നിന്ന് ഉയർന്നുവരുന്ന അതിർത്തി കടന്നുള്ള ഭീകരതയും ചർച്ച ചെയ്യുന്നതിനായി എസ് ജയശങ്കറിന്റെ അധ്യക്ഷതയിൽ വിദേശകാര്യ പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റിയുടെ യോഗം നടന്നത്. ഇതിലാണ് മന്ത്രി തന്നെ സ്ഥിഗതികൾ വിലയിരുത്തിയതും വിശദീകരണം നൽകിയതും.
യോഗത്തിൽ കെസി വേണുഗോപാൽ, മനീഷ് തിവാരി, മുകുൾ വാസ്‌നിക്, പ്രിയങ്ക ചതുർവേദി, അപരാജിത സാരംഗി, ഗുർജീത് സിംഗ് ഔജ്‌ല എന്നിവരുൾപ്പെടെയുള്ള എംപിമാരാണ് പങ്കെടുത്തത്. ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും കൃത്യതയോടെയാണ് ഇന്ത്യ പ്രവർത്തിച്ചതെന്നും സംഘർഷം ഒഴിവാക്കാൻ പാകിസ്ഥാനെ ഉടൻ വിഷയം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി യോഗത്തിൽ പറഞ്ഞുവെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
അതേസമയം, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് കേന്ദ്ര സർക്കാർ പാകിസ്ഥാനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അത് ഒരു കുറ്റകൃത്യം ആണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചതിന് പിന്നാലെ വലിയ രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് ദിവസങ്ങൾക്ക് ശേഷമാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം വന്നിരിക്കുന്നത്.
ഏപ്രിൽ 22നാണ് പഹൽഗാമിൽ ഭീകരാക്രമണം നടന്നത്. ആയുധധാരികളായ ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ബൈസരൻ താഴ്വരയിൽ കുടുംബത്തോടൊപ്പവും അല്ലാതെയും എത്തിയ ആളുകൾക്ക് നേരെ ആയിരുന്നു ആക്രമണം നടന്നത്. ആകെ 26 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ഒരാൾ നേപ്പാളി പൗരൻ ആയിരുന്നു. ഇതിന് മറുപടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.












Click it and Unblock the Notifications