'ഇരയ്ക്ക് നീതി നൽകാനല്ല, കുറ്റവാളിയെ രക്ഷിക്കാനാണ് ശ്രമം'; വനിതാ ഡോക്‌ടറുടെ കൊലപാതകത്തിൽ രാഹുൽ ഗാന്ധി
ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ സമൂഹത്തിന്റെയാകെ പ്രതിഷേധത്തിന് ഇടയാക്കിയ കൊൽക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ ആശുപത്രിക്ക് എതിരെയും പ്രാദേശിക ഭരണകൂടത്തിന് എതിരെയും ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധി. പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് അവിടെ നടന്നതെന്ന് വിഷയം കൈകാര്യം ചെയ്‌ത രീതി ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി വിമർശിച്ചു.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്‌റ്റിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം. കോൺഗ്രസിന്റെ സഖ്യ കക്ഷികളായ തൃണമൂൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന ക്രൂരമായ കൊലപതാകം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടതിന് പിന്നാലെയാണ് രാഹുലിന്റെ പ്രതികരണം. നേരത്തെ പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചിരുന്നു.

'ഇരയ്ക്ക് നീതി നൽകുന്നതിന് പകരം പ്രതിയെ രക്ഷിക്കാനുള്ള ശ്രമം നടന്നത് ആശുപത്രിക്കും പ്രാദേശിക ഭരണകൂടത്തിനും എതിരെ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു' എന്നായിരുന്നു രാഹുൽ ഗാന്ധി ചൂണ്ടിക്കാണിച്ചത്. സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ആശങ്കയും രാഹുൽ ഈ വിഷയത്തിൽ പങ്കുവയ്ക്കുകയുണ്ടായി.
'മെഡിക്കൽ കോളേജ് പോലെയൊരു ഇടത്ത് പോലും ഡോക്‌ടർമാർ സുരക്ഷിതരല്ലെങ്കിൽ പിന്നെ എങ്ങനെയാണ് മാതാപിതാക്കൾക്ക് അവരുടെ പെൺമക്കളെ പഠനത്തിനായി പുറത്തേക്ക് വിടാൻ കഴിയുകയെന്ന് ചിന്തിക്കാൻ ഈ സംഭവം നമ്മെ നിർബന്ധിതരാക്കുന്നു. നിർഭയ കേസിന് ശേഷം ഉണ്ടാക്കിയ കർശനമായ നിയമങ്ങൾ പോലും ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിൽ പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്?' അദ്ദേഹം ചോദിച്ചു.
'ഹത്രാസ് മുതൽ ഉന്നാവോ വരെയും കത്വ മുതൽ കൊൽക്കത്ത വരെയും സ്ത്രീകൾക്കെതിരെ തുടർച്ചയായി വർധിച്ചുവരുന്ന അക്രമ സംഭവങ്ങളിൽ ഓരോ പാർട്ടിയും സമൂഹത്തിലെ എല്ലാ വിഭാഗവും ഗൗരവമായ ചർച്ചകൾ നടത്തുകയും കൃത്യമായ നടപടികൾ കൈക്കൊള്ളുകയും വേണം' അദ്ദേഹം ഹിന്ദിയിൽ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.
ആഗസ്‌റ്റ് 9ന് രാവിലെ കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിലെ സെമിനാർ ഹാളിലാണ് പിജി വിദ്യാർത്ഥിയായ യുവതി ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയത്. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ യുവതിയെ ബലാത്സംഗം ചെയ്‌ത് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. യുവതി ക്രൂര പീഡനത്തിന് ഇരയായതായും റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസിലെ സിവിൽ വോളന്റിയർ സഞ്ജയ് റോയി പിടിയിലായത്. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്‌തിരുന്നു. കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണം സിബിഐക്ക് കൈമാറാൻ കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു.












Click it and Unblock the Notifications