തമിഴ്‌നാട്ടിൽ പോരാട്ടം പൊടിപാറും, ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ്; ബിജെപിയോട് നോ പറഞ്ഞോ?
ചെന്നൈ: വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും രാഷ്ട്രീയക്കാരനുമായ വിജയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് തമിഴക വെട്രി കഴകം (ടിവികെ). നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് നിർണായക പ്രഖ്യാപനം. ടിവികെയുടെ കമ്മിറ്റി യോഗത്തിൽ സംസാരിക്കവെ, പാർട്ടി ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് വിജയ് തറപ്പിച്ചു പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
ബിജെപിയുമായി പരസ്യമായി എന്നല്ല ഒളിഞ്ഞും തെളിഞ്ഞുമുള്ള ഒരു സഖ്യത്തിനും താനില്ലെന്ന സൂചനയാണ് വിജയ് നൽകിയിരിക്കുന്നത്. പ്രത്യയശാസ്ത്രപരമായ ശത്രുക്കൾ എന്ന് വിളിക്കുന്നവരുമായി കൈകോർക്കുന്നതിനുള്ള എല്ലാ സാധ്യതകളും വിജയ് വ്യക്തമായി തള്ളിക്കളഞ്ഞു എന്നതാണ് ഈ വിഷയത്തിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം.

ബിജെപി മറ്റ് എവിടെ വേണമെങ്കിലും വിഷവിത്ത് വിതച്ചോട്ടെ പക്ഷേ തമിഴ്‌നാട്ടിൽ അങ്ങനെയല്ലെന്നും വിജയ് പറഞ്ഞതായാണ് റിപ്പോർട്ട്. അണ്ണായെയും പെരിയാറിനെയും അപമാനിച്ചിട്ട് തമിഴ്‌നാട്ടിൽ നിന്ന് വിജയിക്കാൻ കഴിയില്ലെന്നും അങ്ങനെ ബിജെപിയുമായി കൂട്ടുകൂടാൻ ഡിഎംകെയോ എഐഡിഎംകെയോ അല്ല തന്റെ പാർട്ടിയെന്നും വിജയ് കൂട്ടിച്ചേർത്തു.
നേരത്തെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം വിജയ്ക്ക് പാർട്ടി നൽകിയിരുന്നു. സംസ്ഥാനത്ത് രണ്ട് കോടി അംഗങ്ങളെ ചേർക്കുകയെന്ന ലക്ഷ്യം വെച്ചുകൊണ്ട് ടിവികെ അംഗത്വ അടിത്തറ വികസിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഈ വർഷം അവസാന നാല് മാസങ്ങളിലായി വിജയ് തമിഴ്‌നാട്ടിൽ അങ്ങോളം ഇങ്ങോളം പര്യടനങ്ങൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഓഗസ്‌റ്റിൽ നടക്കും. ഇതിലായിരിക്കും കൂടുതൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ അവതരിപ്പിക്കുകയും അതിന് അനുസരിച്ച് നടപ്പാക്കുകയും ചെയ്യുക. വിവിധ തിരഞ്ഞെടുപ്പ് പദ്ധതികൾക്ക് പുറമേ, പ്രധാന വിഷയങ്ങൾ അഭിസംബോധന ചെയ്യുന്ന നിരവധി പ്രമേയങ്ങൾ പാർട്ടി പാസാക്കിയിട്ടുണ്ട്.
അതേസമയം, ടിവികെയുടെ പ്രഖ്യാപനത്തോടെ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടേറുമെന്നാണ് കരുതുന്നത്. ഒരു ഭാഗത്ത് ഭരണകക്ഷിയായ ഡിഎംകെ അണിനിരക്കുമ്പോൾ മറുവശത്ത് എഐഎഡിഎംകെ, ബിജെപി എന്നിവരും വിജയുടെ ടിവികെയും അണിനിരക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ത്രികോണ മത്സരത്തിന് തന്നെ സംസ്ഥാനം സാക്ഷ്യം വഹിക്കും.
നിലവിൽ സംസ്ഥാനത്തെ ജനകീയ പ്രശ്‌നങ്ങളിൽ ഇടപെട്ടുകൊണ്ടാണ് ടിവികെ ജനങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ഡൽഹി ചലോ മാർച്ചിൽ കർഷകരോട് പെരുമാറിയ രീതിയെ ചൊല്ലി കേന്ദ്ര സർക്കാരിനെയും ബിജെപിയെയും വിമർശിച്ച അവർ സംസ്ഥാന സർക്കാരിനെയും വിവിധ വിഷയങ്ങളിൽ പ്രതിക്കൂട്ടിൽ നിർത്തുന്നുണ്ട്.
കൃഷ്‌ണഗിരി, തേനി, തിരുവള്ളൂർ, സേലം, ഡിണ്ടിഗൽ എന്നിവിടങ്ങളിലെ മാമ്പഴ കർഷകരുടെ അവകാശങ്ങൾക്കായി പോരാടുമെന്ന് ടിവികെ പ്രതിജ്ഞയെടുത്തിരുന്നു. ഇതും ജനങ്ങളെ കൈയിലെടുക്കുക ലക്ഷ്യമിട്ടാണ്. നിലവിലെ സാഹചര്യത്തിൽ ടിവികെയുടെ പാർലമെന്ററി ഭാവി പ്രവചനാതീതമാണ്.
നേരത്തെ തമിഴ്‌നാട്ടിൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയവരിൽ എംജിആർ, ജയലളിത തുടങ്ങിയവരുടെ തലമുറയിൽ നിന്നുള്ളവരെ മാറ്റി നിർത്തിയാൽ വേറെയാർക്കും ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. കമൽ ഹാസന്റെ പാർട്ടിക്ക് കാര്യമായ സ്വാധീനം സംസ്ഥാനത്ത് ചെലുത്താൻ കഴിഞ്ഞിരുന്നില്ല. മുൻപ് വിജയ് കാന്തിനും പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഇനി വിജയുടെ ഊഴമാണ് വരാനിരിക്കുന്നത്.












Click it and Unblock the Notifications