ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ കമ്പനി വാങ്ങിയത് 1368 കോടിയുടെ ഇലക്ട്രൽ ബോണ്ട്; പട്ടികയിൽ ഒന്നാമത്
ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ട്രൽ ബോണ്ടുകളുമായി ബന്ധപ്പെട്ട കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. ലഭ്യമായ പട്ടികയിൽ അപ്രതീക്ഷിതമായ പേരുകളാണ് മുൻനിരയിലുള്ളത്. ലോട്ടറി രാജാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാന്റിയാഗോ മാർട്ടിന്റെ കമ്പനിയായ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്റ് ഹോട്ടല്‍ സർവീസസ് ലിമിറ്റഡാണ് ഏറ്റവും കൂടുതൽ പണം മുടക്കി ഇലക്ട്രൽ ബോണ്ടുകൾ വാങ്ങിയത്.
2019 ഏപ്രിൽ 12 മുതൽ 2024 ജനുവരി 24 വരെയുള്ള കാലയളവിൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ലോട്ടറി വ്യവസായി സാന്റിയാഗോ മാർട്ടിൻ എംഡിയായി ഫ്യൂച്ചർ ഗെയിമിംഗ് ആന്റ് ഹോട്ടൽ സർവീസസ് പിആർ ആണെന്ന് എസ്ബിഐ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇക്കാലയളവിൽ മാത്രം കമ്പനി വാങ്ങിക്കൂട്ടിയത് 1368 കോടിയുടെ ഇലക്ട്രൽ ബോണ്ടുകളാണ്.

അതേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് 2022 മാർച്ചിൽ സ്ഥാപനത്തിന്റെയും അവരുമായി ബന്ധപ്പെട്ട കമ്പനികളുടെയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 411 കോടി രൂപ പിടിച്ചെടുക്കുകയും പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസെടുക്കുകയും ചെയ്‌തിരുന്നു. ഇതിന് ശേഷം മാത്രം സാന്റിയാഗോ മാർട്ടിന്റെ കമ്പനി 100 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയെന്നാണ് ലഭ്യമായ വിവരം.
കൂടാതെ നിലവിൽ വന്ന പട്ടികയിലുള്ള ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്ന് കമ്പനികളും വിവിധ അന്വേഷണം നേരിട്ട ശേഷമാണ് ഇലക്ട്രൽ ബോണ്ടുകൾ വാരിക്കൂട്ടിയതെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ബോണ്ടുകൾ കമ്പനികൾ വാങ്ങിയതായി എസ്ബിഐ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഇതിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്റ് ഹോട്ടല്‍ സർവീസസിന് പുറമെ മറ്റൊരു കമ്പനിയും 1000 കോടിയിൽ അധികം ഇലക്ട്രൽ ബോണ്ടുകൾക്കായി മുടക്കിയിട്ടില്ല. പട്ടികയിൽ രണ്ടാമതുള്ളത് മേഘ എന്‍ജിനീയറിംഗ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ച്ചർ എന്ന കമ്പനിയാണ്, ഇവർ ബോണ്ടുകൾക്ക് മുടക്കിയത് 966 കോടി രൂപയാണ്.
തുടർന്ന് ക്വിക് സപ്ലൈ ചെയ്ന്‍ പ്രൈവറ്റ് ലിമിറ്റഡ് 410 കോടി, വേദാന്ത ലിമിറ്റഡ് 400 കോടി, ഹാല്‍ദിയ എലര്‍ജി ലിമിറ്റഡ് 377 കോടി, ഭാരതി ഗ്രൂപ് 247 കോടി, എസ്സല്‍ മൈനിങ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 224 കോടി, വെസ്‌റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്‌മിഷന്‍ കമ്പനി 220 കോടി, കെവന്റര്‍ ഫുഡ് പാര്‍ക് ഇന്‍ഫ്രാ ലിമിറ്റഡ് 195 കോടി, മദന്‍ലാല്‍ ലിമിറ്റഡ് 185 കോടി എന്നിങ്ങനെയാണ് മറ്റ് കമ്പനികൾ ഈ കാലയളവിൽ ഇലക്ട്രൽ ബോണ്ടുകൾക്കായി മുടക്കിയത്.
അതിനിടെ ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ എല്ലാ രേഖകളും പുറത്തുവിടണമെന്ന് എസ്ബിഐയോട് സുപ്രീം കോടതി ഇന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയിരുന്നെങ്കിലും ഇത് പര്യാപ്‌തമല്ലെന്നാണ് സുപ്രീം കോടതി നിലപാട്. ബോണ്ടിന്റെ സീരിയല്‍ നമ്പറുകള്‍ കൂടി പുറത്തുവിടണമെന്നാണ് കോടതിയുടെ നിർദ്ദേശം.












Click it and Unblock the Notifications