എല്‍ഗാര്‍ പരിഷത്ത് കേസ്: ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: എല്‍ഗാര്‍ പരിഷത്ത് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗൗതം നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിലാണ് നവ്‌ലാഖ അറസ്റ്റിലായത്. ജസ്റ്റിസ് എംഎം സുന്ദരേശ്, എസ്‌വിഎന്‍ ഭാട്ടി എന്നിവര്‍ അടങ്ങിയ രണ്ടംഗ ബെഞ്ച് നവ്‌ലാഖയ്ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു. നേരത്തെ അദ്ദേഹത്തിന് ബോംബെ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.
എന്നാല്‍ ഈ വിധിസ്‌റ്റേ ചെയ്യാനാവില്ലെന്ന് രണ്ടംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. നാല് വര്‍ഷത്തോളം നവ്‌ലാഖ് തടവിലാണ്. ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം നല്‍കിയതാണ്. അതില്‍ ഇനിയും സ്‌റ്റേ തുടരാന്‍ സാധ്യമല്ല. വിചാരണ പൂര്‍ത്തിയാവാന്‍ വര്‍ഷങ്ങളെടുക്കും. അതുകൊണ്ട് സ്റ്റേ ഇനിയും തുടരാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2022 നവംബര്‍ മുതല്‍ നവ്‌ലാഖ വീട്ടുതടങ്കലിലാണ്. മുംബൈയിലെ പബ്ലിക് ലൈബ്രറിയിലാണ് അദ്ദേഹത്തെ താമസിപ്പിച്ചിരിക്കുന്നത്. 2017 ഡിസംബര്‍ 31ന് എല്‍ഗര്‍ പരിഷത്ത് കോണ്‍ക്ലേവില്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നും, അടുത്ത ദിവസം അത് വലിയ അക്രമത്തിന് വഴിവെച്ചുമെന്നാണ് പോലീസ് വാദം. വീട്ടുതടങ്കലിലായിരിക്കുമ്പോള്‍ സുരക്ഷ നല്‍കിയതിന് ചെലവായി 20 ലക്ഷം രൂപ നവ്‌ലാഖ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
2023 ഡിസംബറിലാണ് നവ്‌ലാഖയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഹൈക്കോടതി ഈ വിധി മൂന്നാഴ്ച്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജന്‍സി സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യത്തിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്.












Click it and Unblock the Notifications