ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്‌റ്റുകളെ വധിച്ചു
റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഇന്ദ്രാവതി നാഷണൽ പാർക്ക് പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷന് പോയ സമയത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബസ്‌തർ റേഞ്ച് ഇൻസ്പെക്‌ടർ ജനറൽ ഓഫ് പോലീസ് സുന്ദർരാജ് പി അറിയിച്ചു.
ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), ജില്ലാ സേന എന്നിവയിലെ ഉദ്യോഗസ്ഥർ ഓപ്പറേഷനിൽ പങ്കെടുത്തതായി ഐജി പറഞ്ഞു. ഏറ്റുമുട്ടൽ അവസാനിച്ചതിന് പിന്നാലെ നടത്തിയ പരിശോധനയിൽ 'യൂണിഫോം' ധരിച്ച മൂന്ന് മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങളും ഓട്ടോമാറ്റിക് തോക്കുകളും മറ്റ് സ്‌ഫോടക വസ്‌തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തതായി ഉദ്യോഗസ്ഥർ പറയുന്നു.

പ്രദേശത്ത് കൂടുതൽ മാവോയിസ്‌റ്റുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെ സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 12 മാവോയിസ്‌റ്റുകളാണ് വെവ്വേറെ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്. വർഷം തുടങ്ങി വെറും 12 ദിവസങ്ങൾക്ക് ഇടയിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്.
ജനുവരി 6ന് നാരായൺപൂർ-ദന്തേവാഡ-ബിജാപൂർ ജില്ലകളുടെ അതിർത്തിയിലെ അബുജ്മദിൽ സുരക്ഷാ സേനയുടെ മൂന്ന് ദിവസം നീണ്ട മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് മാവോയിസ്‌റ്റുകളാണ് കൊല്ലപ്പെട്ടത്. ഏറെ നാളുകൾക്ക് ശേഷം ഇവിടെ നടന്ന വലിയ മാവോയിസ്‌റ്റ് വേട്ടകളിൽ ഒന്നായിരുന്നു ഇത്.
ശേഷം ജനുവരി 9ന് സുക്‌മ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ഇതിന്ന് പുറമേ ജനുവരി മൂന്നിന് റായ്‌പൂർ ഡിവിഷനിൽ ഉൾപ്പെടുന്ന ഗാരിയബന്ദ് ജില്ലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ഒരു മാവോയിസ്‌റ്റും കൊല്ലപ്പെട്ടിരുന്നു. ഇതോടെയാണ് ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി ഉയർന്നത്.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് 219 മാവോയിസ്‌റ്റുകളെയാണ് സുരക്ഷാസേന വധിച്ചത്. അതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരും ഏറ്റമുട്ടലിൽ കൊല്ലപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ജനുവരി 6ന് ബീജാപൂർ ജില്ലയിൽ മാവോയിസ്‌റ്റുകൾ ഐഇഡി ഉപയോഗിച്ച് നടത്തിയ സ്‌ഫോടനത്തിൽ എട്ട് പോലീസ് ഉദ്യോഗസ്ഥരും അവരുടെ സിവിലിയൻ ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. മാവോയിസ്‌റ്റ് ഭീഷണി ശക്തമായ സംസ്ഥാനങ്ങളിൽ ഒന്നാണ് ഛത്തീസ്‌ഗഡ്.












Click it and Unblock the Notifications