ഛത്തീസ്ഗഢിലെ നാരായൺപൂരിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്‌റ്റുകളെ വധിച്ച് സുരക്ഷാ സേന
റായ്‌പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ ബസ്തർ മേഖലയിലെ അബുജമദ് വനമേഖലയിലാണ് സുരക്ഷാ സേനയും മാവോയിസ്‌റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് പേർ കൊല്ലപ്പെട്ടതെന്ന് മുഖ്യമന്ത്രി വിഷ്‌ണുദേവ് സായ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഏഴു മണിക്കൂറിലേറെ നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ തെക്കൻ അബുജമദിലെ വനത്തിൽ പോലീസിന്റെയും സെൻട്രൽ റിസർവ് പോലീസ് സേനയുടെയും സംയുക്ത സംഘം മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കെയാണ് വെടിവെപ്പ് നടന്നത്.

രാവിലെ പത്ത് മണി വരെ ഏറ്റുമുട്ടൽ തുടർന്നു. നാരായൺപൂർ, ദന്തേവാഡ, ബസ്തർ, കൊണ്ടഗാവ് ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) ഉദ്യോഗസ്ഥരും സിആർപിഎഫ് ടീമുകളും ഇന്നത്തെ ഓപ്പറേഷനിൽ പങ്കെടുത്തതായി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഏറ്റുമുട്ടൽ അവസാനിച്ച ശേഷം നടത്തിയ തിരച്ചിലിലാണ് ഏഴ് മാവോയിസ്‌റ്റുകളുടെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ഈ വർഷം മാത്രം 'മാദ് ബച്ചാവോ അഭിയാൻ അഥവാ സേവ് മാദ് ക്യാംപയ്ൻ' എന്ന പേരിൽ അബുജമദിൽ സുരക്ഷാ സേന വൻ ഓപ്പറേഷനുകൾ നടത്തുകയും മാദിലും പരിസര പ്രദേശങ്ങളിലും നൂറിലധികം മാവോയിസ്‌റ്റുകളെ വധിക്കുകയും ചെയ്‌തിരുന്നു. ഇക്കൂട്ടത്തില് അവസാനത്തെ സംഭവവികാസമാണ് ഇന്നുണ്ടായത്.
ഈ വർഷം ഒക്ടോബറിൽ തെക്കൻ അബുജമദിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടിരുന്നു. അടുത്തിടെ രാജ്യത്ത് ഉണ്ടായ ഏറ്റവും വലിയ മാവോയിസ്‌റ്റ് വേട്ടകളിൽ ഒന്നായിരുന്നു ഇത്. ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരവും സുരക്ഷാ സേന കണ്ടെടുത്തിരുന്നു. അതിന് പിന്നാലെയാണ് മേഖലയിൽ വീണ്ടും മാവോയിസ്‌റ്റുകൾ വധിക്കപ്പെടുന്നത്.
ഇനി ബസ്തർ മേഖലയിലെ ഒന്നാകെ കണക്കെടുത്താൽ ഇത് ഇരുന്നൂറിന് മുകളിലേക്ക് പോവും. ഈ വർഷം നക്സൽ ബാധിതമായ ബസ്തറിൽ ഇതുവരെ 18 സുരക്ഷാ ഉദ്യോഗസ്ഥരും 207 മാവോയിസ്‌റ്റുകളും കൊല്ലപ്പെട്ടുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൂടാതെ 67 സാധാരണക്കാരുടെ ജീവനും ഇക്കാലയളവിൽ നഷ്‌ടമായി.
ഇവരിൽ ഭൂരിഭാഗവും പോലീസ് ഇൻഫോർമർമാരായിരുന്നു എന്നതാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണം. കൂടാതെ സുരക്ഷാ സേനയെ ലക്ഷ്യമിട്ട് മാവോയിസ്‌റ്റുകൾ സ്ഥാപിച്ച സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് കുട്ടികളും മുതിർന്നവരും മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications