ഛത്തീസ്ഗഢിൽ രണ്ടിടത്തായി ഏറ്റുമുട്ടൽ; 22 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു. ഒരു ജവാന് വീരമൃത്യു
റായ്‌പൂർ: ഛത്തീസ്ഗഢിൽ വീണ്ടും വൻ മാവോയിസ്‌റ്റ് വേട്ട. ബിജാപൂർ, കാങ്കർ ജില്ലകളിലുണ്ടായ വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ 22 മാവോയിസ്‌റ്റുകൾ കൊല്ലപ്പെട്ടു, വെടിവയ്പ്പിൽ ഒരു പോലീസ് ജവാനും കൊല്ലപ്പെട്ടു. ബിജാപൂരിലെ ദന്തേവാഡ ജില്ലയുടെ അതിർത്തിയിൽ രാവിലെ 7 മണിയോടെയാണ് ഗംഗലൂർ പോലീസ് സ്‌റ്റേഷൻ പ്രദേശത്ത് നക്‌സലൈറ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംയുക്ത സംഘവുമായി മാവോയിസ്‌റ്റുകൾ ഏറ്റുമുട്ടിയത്.
ഇവിടെ സംഭവ സ്ഥലത്ത് നിന്ന് 18 മാവോയിസ്‌റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. തോക്കുകളും സ്ഫോടകവസ്‌തുക്കളും ഉൾപ്പെടെ ഇവിടെ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാന ടാസ്‌ക് ഫോഴ്‌സും ജില്ലാ റിസർവ് ഗാർഡും മാവോയിസ്‌റ്റുകളും തമ്മിലുള്ള വെടിവയ്‌പ്പിൽ ഒരു ജവാനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനിടെയാണ് ജവാന് വെടിയേറ്റത്.

കാങ്കറിൽ, കൊറോസ്കോഡോ ഗ്രാമത്തിന് സമീപം നടന്ന വെടിവയ്പ്പിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. രണ്ട് സ്ഥലങ്ങളിലും പ്രത്യേക സേനയുടെ നേതൃത്വത്തിൽ മാവോയിസ്‌റ്റ് വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണ്. കൂടുതൽ പേർ ഇവിടെ തമ്പടിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ബിജാപൂർ ജില്ലയിൽ സമാനമായ രീതിയിലുള്ള ഏറ്റുമുട്ടലിൽ സുരക്ഷാ സേന 31 മാവോയിസ്‌റ്റുകളെ വെടിവച്ചു കൊന്നിരുന്നു. ഇന്ദ്രാവതി ദേശീയോദ്യാന പ്രദേശത്തെ വനത്തിനുള്ളിൽ സുരക്ഷാ സംഘം മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്. അന്നത്തെ വെടിവയ്പ്പിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു.
സംസ്ഥാനത്തെ മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനുകൾ വലിയ രീതിയിലാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കൂടി പിന്തുണയോടെയാണ് നടപടികൾ. ഈ ജനുവരി മാസത്തിൽ നടന്ന ഏറ്റുമുട്ടലിൽ തലയ്ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ചിരുന്ന മുതിർന്ന മാവോയിസ്‌റ്റ് നേതാവ് ചലപതി എന്ന ജയറാം റെഡ്ഡിയെ സുരക്ഷാ സേന വധിച്ചിരുന്നു.
2024ൽ മാത്രം ഛത്തീസ്ഗഢിൽ സുരക്ഷാ സേന 200ലധികം മാവോയിസ്‌റ്റുകളെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ട 219 മാവോയിസ്‌റ്റുകളിൽ 217 പേരും ബസ്‌തർ, ദന്തേവാഡ, കാങ്കർ, ബിജാപൂർ, നാരായൺപൂർ, കൊണ്ടഗാവ്, സുക്‌മ ജില്ലകൾ ഉൾപ്പെടുന്ന ബസ്‌തർ മേഖലയിൽ നിന്നുള്ള ആളുകളായിരുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
നിലവിൽ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സംസ്ഥാന പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് (എസ്‌ടിഎഫ്), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്), അതിന്റെ എലൈറ്റ് യൂണിറ്റ് കോബ്ര (കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ) എന്നിവയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മാവോയിസ്‌റ്റ് വിരുദ്ധ ഓപ്പറേഷനുകൾ നടന്നുവരുന്നത്.












Click it and Unblock the Notifications