ഇപിഎഫ് നിയമങ്ങളിൽ മാറ്റം; 15,000 രൂപയ്ക്ക് മുകളിൽ അടിസ്ഥാന ശമ്പളമുള്ളവരുടെ വിഹിതം ഇനി എത്ര? അറിയാം
കേന്ദ്ര തൊഴിൽ-തൊഴിൽവകുപ്പ് പുതിയതായി വിജ്ഞാപനം ചെയ്‌ത 2026-ലെ പുതിയ നിയമം എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) പദ്ധതിയിൽ പ്രധാന മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. പ്രതിമാസ ശമ്പളപരിധിയായ 15,000 രൂപയ്ക്ക് മുകളിലുള്ള അടിസ്ഥാന ശമ്പളത്തിന് ഇപിഎഫ് വിഹിതം നൽകുന്നത് ഇനി നിർബന്ധമല്ല. ജീവനക്കാരനും തൊഴിലുടമയ്ക്കും പരസ്‌പര സമ്മതമുണ്ടെങ്കിൽ മാത്രമേ ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ അധിക ഇപിഎഫ് വിഹിതം നൽകേണ്ടതുള്ളു.
1952-ലെ പഴയ ഇപിഎഫ് പദ്ധതിപ്രകാരം പ്രതിമാസം 15,000 രൂപ വരെ ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഇപിഎഫ് നിർബന്ധമായിരുന്നു. 15,000 രൂപയ്ക്ക് മുകളിൽ ശമ്പളം ലഭിക്കുന്നവർക്ക് ഇപിഎഫിൽ സ്വമേധയാ ചേരാമായിരുന്നു. എന്നാൽ ഒരിക്കൽ പദ്ധതിയിൽ അംഗമായാൽ, ജീവനക്കാരന്റെയും തൊഴിലുടമയുടെയും വിഹിതം യഥാർത്ഥ അടിസ്ഥാന ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അടയ്‌ക്കേണ്ടിരുന്നത്. അതായത്, ശമ്പളം 15,000 രൂപയിൽ കൂടുതലാണെങ്കിൽ മുഴുവൻ അടിസ്ഥാന ശമ്പളത്തിനും ഇപിഎഫ് വിഹിതം നൽകേണ്ട സാഹചര്യമുണ്ടായിരുന്നു.

എന്നാൽ പുതിയ 2026-ലെ ഇപിഎഫ് പദ്ധതിപ്രകാരം, കേന്ദ്ര സർക്കാർ നിശ്ചയിക്കുന്ന ശമ്പളപരിധിവരെയുള്ള (15000 രൂപ) തുകയ്ക്ക് മാത്രമായിരിക്കും നിർബന്ധിത ഇപിഎഫ് വിഹിതം ബാധകമാകുക. ഒരു ജീവനക്കാരന്റെ പ്രതിമാസ അടിസ്ഥാന ശമ്പളം നിശ്ചിത പരിധി കവിയുന്നുണ്ടെങ്കിൽ, തൊഴിലുടമയുടെയും ജീവനക്കാരന്റെയും ഇപിഎഫ് വിഹിതം സാധാരണയായി ആ ശമ്പളപരിധിയുടെ അടിസ്ഥാനത്തിൽ മാത്രം കണക്കാക്കും.
അതേസമയം, തൊഴിലുടമയും ജീവനക്കാരനും ആഗ്രഹിക്കുന്ന പക്ഷം 15,000 രൂപയ്ക്ക് മുകളിലുള്ള അടിസ്ഥാന ശമ്പളത്തിനും ഇപിഎഫ് വിഹിതം നൽകാൻ പുതിയ പദ്ധതി അനുമതി നൽകുന്നുണ്ട്. അതായത്, ഉയർന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഇപിഎഫ് സംഭാവന തുടരണമോ വേണ്ടയോ എന്നത് ഇനി ഇരുകൂട്ടരുടെയും തീരുമാനത്തെ ആശ്രയിച്ചായിരിക്കും.
കൂടാതെ, 1995-ലെ എംപ്ലോയീസ് പെൻഷൻ പദ്ധതി പ്രകാരം ഉയർന്ന ശമ്പളത്തിന് പെൻഷൻ വിഹിതം നൽകാൻ ഇതിനകം അനുമതിയുള്ള ജീവനക്കാരുടെ കാര്യത്തിൽ, തൊഴിലുടമയ്ക്ക് ശമ്പളപരിധിക്ക് മുകളിലുള്ള തുകയ്ക്കും പെൻഷൻ ഫണ്ടിലേക്ക് വിഹിതം നൽകാൻ സാധിക്കുമെന്നും പുതിയ ചട്ടത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ മാറ്റത്തോടെ, ഉയർന്ന ശമ്പളം ലഭിക്കുന്ന ജീവനക്കാർക്ക് ഇപിഎഫ് സംഭാവനയുടെ രീതി തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ സൗകര്യവും ഇളവും ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. ഉയർന്ന ശമ്പളം ലഭിക്കുന്നവർക്ക് കൈയിൽ കൂടുതൽ പണം കിട്ടുന്ന രീതിയാണ് വേണ്ടതെങ്കിൽ നിർബന്ധിത പിഎഫ് വിഹിതം 1800 രൂപയിൽ പരിമിതപ്പെടുത്താം.
ഇപിഎഫിൽ വരുന്നത് വൻ മാറ്റങ്ങൾ
പിഎഫ് ഭാഗികമായി പിൻവലിക്കുന്നതിനുള്ള വ്യവസ്ഥകൾ 13 വിഭാഗങ്ങളിൽ നിന്ന് മൂന്ന് പ്രധാന വിഭാഗങ്ങളായി ചുരുക്കിയതോടെ ക്ലെയിം നടപടികൾ കൂടുതൽ ലളിതവും വേഗത്തിലുമായിരിക്കും എന്നാണ് പ്രതീക്ഷ. യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (യുഎഎൻ) അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും അംഗത്വം, അക്കൗണ്ട് കൈമാറ്റം, രേഖാ പരിപാലനം എന്നിവ പൂർണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനും പുതിയ പദ്ധതി പ്രാധാന്യം നൽകുന്നു.












Click it and Unblock the Notifications