എല്‍ഐസിക്ക് പിന്നാലെ ഇപിഎഫ് പണവും അദാനി ഓഹരികളിലേക്ക്; നിക്ഷേപിച്ചിരിക്കുന്നത് 15 ശതമാനം
ന്യൂദല്‍ഹി: രാജ്യത്തെ 27.73 കോടി ഇന്ത്യക്കാരുടെ വാര്‍ധക്യ സമ്പാദ്യം കൈകാര്യം ചെയ്യുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ അദാനി കമ്പനികളില്‍ നിക്ഷേപിക്കുന്നത് തുടരുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ ഓഹരികള്‍ തകര്‍ന്ന അദാനി എന്റര്‍പ്രൈസസും അദാനി പോര്‍ട്ടും പ്രതിസന്ധി നേരിടവെയാണ് ഇ പി എഫ് ഒ ഇവിടെ തന്നെ നിക്ഷേപം നടത്തിക്കൊണ്ടിരിക്കുന്നത്.
ദി ഹിന്ദുവാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട് എന്നീ ഓഹരികളില്‍ ഇ പി എഫ് ഒ വലിയ നിക്ഷേപം നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിഫ്റ്റി 50, സെന്‍സെക്സ് എന്നീ ഓഹരി വിപണി സൂചികകളില്‍ ട്രാക്ക് ചെയ്യുന്ന എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഓര്‍ഗനൈസേഷന്‍ അവരുടെ 15 ശതമാനം നിക്ഷേപിക്കുന്നത്.

2022 മാര്‍ച്ച് വരെ 1.57 ലക്ഷം കോടി രൂപ ഇടിഎഫുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. 2023 ലെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 8,000 കോടി രൂപ കൂടി നല്‍കിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെബ്രുവരിയിലാണ് അദാനി ഗ്രൂപ്പിന് എതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ഇതില്‍ ഓഹരി വിലകള്‍ വര്‍ധിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് വ്യാപകമായ ക്രമക്കേടുകള്‍ നടത്തി എന്ന് ആരോപിച്ചിരുന്നു.
ഈ സാഹചര്യത്തിലാണ് ഈ ഓഹരികളിലേക്ക് ഇപിഎഫ്ഒ പണം പോയത് എന്നതിനെ ഗൗരവമായി കാണണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉയര്‍ന്ന ശമ്പളവുമായി ബന്ധപ്പെട്ട പെന്‍ഷന്‍, 2023 ലെ സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്കുകള്‍, വാര്‍ഷിക സാമ്പത്തിക എസ്റ്റിമേറ്റ് എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി ഇപിഎഫ്ഒ കൈകാര്യം ചെയ്യുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ ദ്വിദിന യോഗം ആരംഭിക്കാനിരിക്കെ റിപ്പോര്‍ട്ട് ചര്‍ച്ചയാകും എന്നുറപ്പാണ്.
എന്നാല്‍ അദാനി ഓഹരികളിലെ നിക്ഷേപം സംബന്ധിച്ച് ഇപിഎഫ്ഒ ബോര്‍ഡ് ട്രസ്റ്റികള്‍ക്കും അറിവില്ല എന്നാണ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നിട്ടും ഇപിഎഫ്ഒ എടുത്ത നിക്ഷേപ തീരുമാനങ്ങളില്‍ കൂടുതല്‍ സുതാര്യതയും ഉത്തരവാദിത്തവും വേണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. നേരത്തെ അദാനി ഓഹരികളില്‍ എല്‍ഐസി പണം നിക്ഷേപിച്ചത് പുറത്തുവന്നിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ റിട്ടയര്‍മെന്റ് ഫണ്ടാണ് ഇ പി എഫ് ഒ.
Food Tips: മലയാളിയാണോ... എന്നാല്‍ ഒരിക്കലെങ്കിലും ഈ ഭക്ഷണങ്ങള്‍ കഴിച്ചിരിക്കണം












Click it and Unblock the Notifications