യുജിസി-നെറ്റ് പരീക്ഷയിലും പിഴവ്; 3 വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുമെന്ന് അറിയിച്ച് എൻടിഎ, തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: ചോദ്യപേപ്പറുകളിൽ നിരവധി വസ്‌തുതാപരമായ പിഴവുകളും അച്ചടി പിശകുകളും വിവർത്തനത്തിലെ പിഴവുകളും കണ്ടെത്തിയതിനെ തുടർന്ന് യുജിസി-നെറ്റ് പരീക്ഷ വീണ്ടും നടത്തും. ഇംഗ്ലീഷ്, കൊമേഴ്‌സ്, സോഷ്യോളജി പരീക്ഷകൾ വീണ്ടും നടത്താനാണ് ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ ) തീരുമാനിച്ചത്. ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലായാണ് യുജിസി-നെറ്റ് പരീക്ഷ നടത്തിയത്.

ഇതിൽ ഇംഗ്ലീഷ്, കൊമേഴ്‌സ് പരീക്ഷകൾ സെപ്റ്റംബർ 9നും സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10നും വീണ്ടും നടത്തും. ഈ മൂന്ന് പരീക്ഷകളെഴുതിയ നിരവധി ഉദ്യോഗാർഥികളിൽ നിന്ന് പരാതികൾ ലഭിച്ചതിനെ തുടർന്ന് ദേശീയ പരീക്ഷാ ഏജൻസി പ്രത്യേക സമിതിയെ നിയോഗിച്ച് ചോദ്യപേപ്പറുകൾ പരിശോധിച്ചു.

ugc

പ്രമുഖ പണ്ഡിതരുടെ പേരുകളിൽ തെറ്റുകൾ, പുസ്‌തകങ്ങളുടെ പേരുകളിൽ അച്ചടിപ്പിശകുകൾ, ചോദ്യങ്ങളുടെ വാചകഘടനയിലെ പിഴവുകൾ, വ്യാകരണ പിശകുകൾ, ലിംഗ-വചന പൊരുത്തക്കേടുകൾ, വിരാമചിഹ്നങ്ങളിലെ തെറ്റുകൾ, നിലവാരമില്ലാത്ത പദപ്രയോഗങ്ങൾ തുടങ്ങിയ നിരവധി പ്രശ്‌നങ്ങൾ സമിതി കണ്ടെത്തി. മുൻ പരീക്ഷകളിലെ നിരവധി ചോദ്യങ്ങൾ ആവർത്തിച്ചതായും കണ്ടെത്തി.

പരീക്ഷയുടെ നീതിയും കൃത്യതയും ഉറപ്പാക്കാൻ ഈ മൂന്ന് വിഷയങ്ങളുടെയും പരീക്ഷകൾ വീണ്ടും നടത്തണമെന്നാണ് സമിതി ശുപാർശ ചെയ്‌തത്. കണ്ടെത്തിയ പിഴവുകളുടെ വ്യാപ്‍തി കണക്കിലെടുത്ത് തെറ്റായ ചോദ്യങ്ങൾ ഒഴിവാക്കുന്നതിലൂടെ മാത്രം പ്രശ്‌നം പരിഹരിക്കാൻ കഴിയില്ലെന്നും അതിനാലാണ് പരീക്ഷകൾ വീണ്ടും നടത്തുന്നതെന്നും ദേശീയ പരീക്ഷാ ഏജൻസി വ്യക്തമാക്കി.

ഇംഗ്ലീഷ് പരീക്ഷ സെപ്റ്റംബർ 9ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും, കൊമേഴ്‌സ് പരീക്ഷ അന്നേ ദിവസം ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 6 വരെയും നടക്കും. സോഷ്യോളജി പരീക്ഷ സെപ്റ്റംബർ 10ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും നടത്തും. അതേസമയം, ശേഷിക്കുന്ന 84 വിഷയങ്ങളിലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക ദേശീയ പരീക്ഷാ ഏജൻസി ഞായറാഴ്‌ച പുറത്തിറക്കി.

സിഎസ്ഐആർ-നെറ്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ വിവിധ പ്രവേശന പരീക്ഷകളുടെ ഉത്തരസൂചികകളും പുറത്തിറക്കിയിട്ടുണ്ട്. താൽക്കാലിക ഉത്തരസൂചികയ്‌ക്കെതിരെ ഉദ്യോഗാർഥികൾക്ക് ഓഗസ്‌റ്റ് 18 രാത്രി 11.59 വരെ പരാതി നൽകാം. ഓരോ ചോദ്യത്തിനും പരാതി നൽകുന്നതിന് 200 രൂപ വീതം ഫീസ് നൽകണം.

ജൂലൈയിൽ ചില യുജിസി-നെറ്റ് ചോദ്യപേപ്പറുകളിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾ ഓൺലൈനിൽ നിരവധി പരാതികൾ ഉന്നയിച്ചിരുന്നു. ഉത്തരസൂചികയും ഫലവും ഉടൻ പ്രസിദ്ധീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. കമ്പ്യൂട്ടർ അധിഷ്‌ഠിതമായി നടത്തുന്ന യുജിസി-നെറ്റ് പരീക്ഷ വർഷത്തിൽ രണ്ടുതവണയാണ് നടത്തുന്നത്.

ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്‌റ്റന്റ് പ്രൊഫസർ നിയമനം, കോളജുകളിലും സർവകലാശാലകളിലും പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിർണയിക്കുകയാണ് നെറ്റ് പരീക്ഷയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. 2026ലെ ആദ്യ യുജിസി-നെറ്റ് പരീക്ഷയായിരുന്നു കഴിഞ്ഞ ജൂണിൽ നടന്നത്.

യുജിസി-നെറ്റ് പരീക്ഷയിൽ രണ്ട് പേപ്പറുകളാണുള്ളത്. ആകെ 150 ചോദ്യങ്ങൾക്ക് 300 മാർക്കാണ് ഉണ്ടാവാറുള്ളത്. ആദ്യ പേപ്പറിൽ വിദ്യാർത്ഥിയുടെ അധ്യാപനവും ഗവേഷണവുമായി ബന്ധപ്പെട്ട കഴിവുകളാണ് പരിശോധിക്കുന്നത്. രണ്ടാമത്തെ പേപ്പറിൽ ഉദ്യോഗാർഥി തിരഞ്ഞെടുത്ത വിഷയത്തിലെ അറിവാണ് പരിശോധിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+