'എന്റെ പിതാവ് മരണപ്പെട്ടിട്ടില്ല'; ധർമ്മേന്ദ്രയുടെ മരണവാർത്തകൾ തള്ളി മകൾ ഇഷ ഡിയോൾ
മുംബൈ: ബോളിവുഡ് ഇതിഹാസതാരം ധർമ്മേന്ദ്രയുടെ മരണവാർത്ത തള്ളി മകൾ ഇഷ ഡിയോൾ. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ കഴിയുന്ന ധർമ്മേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് നേരത്തെ പല വാർത്തകളും പ്രഹരിച്ചിരുന്നു. തിങ്കളാഴ്‌ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.
പ്രാഥമികമായി ഒരു സാധാരണ പരിശോധനയ്ക്ക് വേണ്ടിയായിരുന്നു ആശുപത്രിയിൽ വന്നതെങ്കിലും പിന്നീട് ആരോഗ്യനില ഗുരുതരമായി മാറിയതോടെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ മാധ്യമങ്ങൾ വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പിതാവ് സുഖം പ്രാപിച്ചു വരികയാണെന്നും ഇഷ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു.

ഭാര്യ ഹേമ മാലിനി, മക്കളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവർ ആശുപത്രിയിൽ ധർമ്മേന്ദ്രയോടൊപ്പം ഉണ്ട്. പ്രായാധിഷ്ഠിത അസുഖങ്ങളെ തുടർന്നാണ് ധർമേന്ദ്രയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെയും പല കോണുകളിൽ നിന്നും മരണവർത്തകൾ പ്രചരിച്ചതോടെ ഇതെല്ലാം തള്ളി അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിക്കണമെന്ന് കുടുംബം അഭ്യർത്ഥിച്ചിരുന്നു. നിരവധി ബോളിവുഡ് താരങ്ങൾ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിക്കുകയും ചെയ്‌തിരുന്നു.
സൽമാൻ ഖാൻ, ഷാറൂഖ് ഖാൻ മകൻ ആര്യൻ ഖാനോടൊപ്പം, ഗോവിന്ദ തുടങ്ങി നിരവധി പ്രമുഖ ബോളിവുഡ് താരങ്ങൾ ആശുപത്രിയിലെത്തി അദ്ദേഹത്തെ ഒരുനോക്ക് കണ്ടിരുന്നു. ജുഹുവിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് ആരാധകരെയും മാധ്യമങ്ങളെയും നിയന്ത്രിക്കാൻ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications