അയോധ്യയിലെ രാമക്ഷേത്രത്തിന് 1800 കോടി; ഹിന്ദു സന്യാസിമാരുടെ വിഗ്രഹങ്ങളും സ്ഥാപിക്കും
ന്യൂഡല്‍ഹി: അയോധ്യയില്‍ നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് 1800 കോടി രൂപ ചെലവ് വരുമെന്ന് അധികൃതര്‍. വിദഗ്ധരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ച ശേഷമാണ് ക്ഷേത്ര നിര്‍മാണ ട്രസ്റ്റ് തുക കണക്കാക്കിയത്. ഫൈസാബാദ് സര്‍ക്യൂട്ട് ഹൗസില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തില്‍ നിയമാവലികളും പ്രവര്‍ത്തന രേഖയും അംഗീകരിച്ചു. രാമക്ഷേത്രത്തില്‍ കൂടുതല്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാനും തീരുമാനമായി. അടുത്ത വര്‍ഷം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ആലോചിക്കുന്നത്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് ക്ഷേത്രം ഭക്തര്‍ക്ക് വേണ്ടി തുറന്നുകൊടുക്കുമെന്നാണ് യുപി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന...

1800 കോടി രൂപയാണ് ക്ഷേത്ര നിര്‍മാണത്തിന് ചെലവ് കണക്കാക്കുന്നത്. ശ്രീരാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ആണ് നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരമാണ് ഈ ട്രസ്റ്റ് രൂപീകരിച്ചത്. കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഉദ്യോഗസ്ഥരും സന്യാസിനമാരും ഉള്‍പ്പെട്ടതാണ് ട്രസ്റ്റ്.
രാമക്ഷേത്രത്തില്‍ പ്രമുഖ ഹിന്ദു സന്യാസിമാരുടെ വിഗ്രഹങ്ങളും സ്ഥാപിക്കാന്‍ ഞായറാഴ്ച ചേര്‍ന്ന യോഗം തീരുമാനിച്ചിട്ടുണ്ട്. രാമായണത്തില്‍ പറയുന്ന കഥാപാത്രങ്ങളുടെ പ്രതിമകളും ക്ഷേത്രാങ്കണത്തില്‍ സ്ഥാപിക്കും. ട്രസ്റ്റിന്റെ നിയമാവലികള്‍ക്കും യോഗം അംഗീകാരം നല്‍കി. 15 അംഗങ്ങളാണ് ട്രസ്റ്റിലുള്ളത്. ഇതില്‍ 14 പേര്‍ ഞായറാഴ്ച നടന്ന യോഗത്തില്‍ സംബന്ധിച്ചുവെന്ന് ജനറല്‍ സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.
2023 ഡിസംബറില്‍ രാമക്ഷേത്ര നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. 2024 ജനുവരിയില്‍ മകര സക്രാന്തി ആഘോഷത്തോട് അനുബന്ധിച്ച് പുതിയ ക്ഷേത്രത്തിലെ രാമ വിഗ്രഹത്തില്‍ പ്രാര്‍ഥന നടത്താന്‍ സാധിക്കും. ക്ഷേത്ര നിര്‍മാണത്തിന് വേണ്ടി നേരത്തെ ഭക്തരില്‍ നിന്ന് പണം സ്വീകരിച്ചിരുന്നു. സ്വര്‍ണമുള്‍പ്പെടെ ചിലര്‍ സംഭാവന ചെയ്തിരുന്നു.
ബാബരി മസ്ജിദ്-രാമക്ഷേത്ര വിവാദത്തില്‍ സുപ്രീംകോടതി 2019ലാണ് അന്തിമ വിധി പ്രസ്താവിച്ചത്. ബാബരി മസ്ജിദ് നിന്ന സ്ഥലം രാമക്ഷേത്ര നിര്‍മാണത്തിന് വിട്ടുകൊടുക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ക്ഷേത്ര നിര്‍മാണത്തിന് പ്രത്യേക ട്രസ്റ്റ് രൂപീകരിക്കാന്‍ നിര്‍ദേശിച്ചത്. കോടതി വിധി ചോദ്യം ചെയ്ത് നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications