കോണ്‍ഗ്രസില്‍ മോദി നിന്നാലും ജയിക്കില്ല: നിരുപം
ദില്ലി: കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചിരുന്നെങ്കില്‍ സാക്ഷാല്‍ നരേന്ദ്ര മോദി പോലും തോറ്റുപോകുമായിരുന്നു എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി സഞ്ജയ് നിരുപം. അത്രമാത്രം ഭരണവിരുദ്ധ വികാരം കോണ്‍ഗ്രസിന് നേരെ ഉണ്ടായിരുന്നു. മുംബൈ നോര്‍ത്തില്‍ നിന്നും തോറ്റ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയാണ് സീനിയര്‍ നേതാവായ നിരുപം.
ജനോപകാരപ്രദമായ പല തീരുമാനങ്ങളും കോണ്‍ഗ്രസ് നയിച്ച യു പി എ സര്‍ക്കാര്‍ എടുത്തെങ്കിലും അതൊന്നും ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചില്ല. ശക്തമായ ഭരണവിരുദ്ധ വികാരം രാജ്യത്ത് ഉണ്ടായിരുന്നു. നരേന്ദ്ര മോദി മത്സരിച്ചാല്‍ പോലും ജയിക്കാത്ത വിധം കോണ്‍ഗ്രസില്‍ നിന്നും ആളുകള്‍ അകന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് മാത്രമേ കഴിഞ്ഞിട്ടുള്ളൂ, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പിനെ പ്രതീക്ഷയോടെ കാണുന്നു എന്നും നിരുപം കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ സീനിയര്‍ നേതാക്കള്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് രംഗത്ത് വരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയെ ജോക്കര്‍ എന്ന് വിളിച്ച് കളിയാക്കിയ കേരളത്തിലെ ടി എച്ച് മുസ്തഫയെയും രാജസ്ഥാനിലെ മറ്റൊരു നേതാവിനെയും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു.
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ കോണ്‍ഗ്രസിനെ ജനം പാടെ തിരസ്‌കരിച്ച കാഴ്ചയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കണ്ടത്. പാര്‍ട്ടി മുത്തശ്ശിയായ കോണ്‍ഗ്രസ് വെറും 44 സീറ്റുകളില്‍ ഒതുങ്ങിപ്പോയി. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ദയനീയ പ്രകടനമാണിത്. തോല്‍വി മാത്രമല്ല, മുതിര്‍ന്ന നേതാക്കളായ ശശി തരൂരിനെ പോലുളളവര്‍ മോദി സ്തുതികളുമായി രംഗത്ത് വന്നതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.












Click it and Unblock the Notifications