'ഇത്രയും രൂക്ഷമായ കർഷകരോഷം സുപ്രിംകോടതിക്കു പോലും മനസ്സിലാകുന്നില്ല', വിമർശിച്ച് തോമസ് ഐസക്
ദില്ലി: ഒരു വർഷം പിന്നിട്ട് ദില്ലി അതിർത്തികളിൽ കർഷകസമരം തുടരുകയാണ്. കേന്ദ്ര സർക്കാർ പാസ്സാക്കിയ മൂന്ന് വിവാദ കാർഷിക നിയമങ്ങളും പിൻവലിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കർഷകരുടെ നിലപാട്. കർഷകരുമായി കേന്ദ്ര സർക്കാർ പലവട്ടം ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. കർഷകരോഷം സുപ്രീം കോടതിക്ക് പോലും മനസ്സിലാകുന്നില്ലെന്ന് ദില്ലിയിലെ കർഷകസമരപ്പന്തൽ സന്ദർശിച്ച് മുൻ മന്ത്രി തോമസ് ഐസക് പറയുന്നു.
തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' മൂന്നു കർഷക നിയമങ്ങളോടുള്ള ഇത്രയും രൂക്ഷമായ കർഷകരോഷം പലർക്കും മനസിലാകുന്നില്ല. സുപ്രിംകോടതിക്കു പോലും. ഞങ്ങളുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയത്തിൽ എന്തിന് അനിശ്ചിതകാല സമരം എന്നാണ് അവർ ചോദിക്കുന്നത്. പരിഗണിക്കാൻ ഇത്ര മാസങ്ങൾ കഴിഞ്ഞിട്ടും സമയം സുപ്രിംകോടതിക്കു ലഭിച്ചിട്ടില്ല എന്നതു കോടതിയെ അലട്ടുന്നതായി തോന്നുന്നില്ല. എത്ര നിഷ്കളങ്കമായിട്ടാണ് ഞങ്ങൾ പരിഗണിച്ചു വഴിയേ തീർപ്പാക്കാം, നിങ്ങൾ പിരിഞ്ഞു പോവുക എന്നു പറയുന്നത്. വഴി തടയുന്നതു തങ്ങളല്ല, ബാരിക്കേഡുകൾ ഉയർത്തിയുള്ള പൊലീസാണു തടയുന്നത് എന്നാണ് സമരക്കാരുടെ പ്രതികരണം
ശരിയാണ്.
നിറഞ്ഞ് ചിരിച്ച് മഞ്ജു വാര്യർ, ഒപ്പം ബിരിയാണിയും ധ്യാനും ശ്രീനിവാസനും, ചിത്രങ്ങൾ കാണാം
ഡൽഹിയിൽ നിന്നും യാത്ര ചെയ്തു സമരമുഖത്ത് എത്തുക വളരെ ശ്രമകരമായ കാര്യമാണ്. ഒരു ഘട്ടത്തിൽ ഞങ്ങളുടെ കാർ മുന്നോട്ടു പോകാനാവില്ല എന്ന സ്ഥിതിയായി. കൂടെയുണ്ടായിരുന്ന എൻ.എ. ജയപ്രകാശ് പൊലീസുകാരോടു കയർക്കുന്നുണ്ടായിരുന്നു. പൊലീസ് മേധാവികളിൽ ഒരാൾ മലയാളിയായിരുന്നു. എന്നെ തിരിച്ചറിഞ്ഞു. ഒരു ഇടുങ്ങിയ റോഡു വഴി സിംഘു സമരമുഖത്തേയ്ക്ക് അദ്ദേഹമാണു കടത്തിവിട്ടത്. കർഷകരോഷത്തെ മനസ്സലാക്കണമെങ്കിൽ കഴിഞ്ഞ 3 പതിറ്റാണ്ടുകാലത്തെ നിയോലിബറൽ നയങ്ങൾ കാർഷിക മേഖലയെ എങ്ങനെ തകർത്തു എന്നതു പഠിക്കണം.

1999-ൽ ഇറക്കുമതിയുടെ മേലുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കം ചെയ്തു. ഇറക്കുമതി താരിഫുകളും പടിപടിയായി കുറച്ചു. ഇതോടെ ഇന്ത്യൻ കാർഷികോൽപ്പന്നങ്ങളുടെ വില അന്തർദേശീയ വിലയുമായി കൂടുതൽ കൂടുതൽ ബന്ധിപ്പിക്കപ്പെട്ടു. കേരളത്തിലെ വാണിജ്യവിളകൾക്കു എന്തു സംഭവിച്ചുവെന്ന് നമുക്ക് അറിയാമല്ലോ. ആസിയാൻ കരാറോടെ ആ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തീരുവകൾ കുത്തനെ വെട്ടിക്കുറച്ചത് 90-കളുടെ അവസാനത്തോടെ എല്ലാ വാണിജ്യ വിളകളുടെയും വിലകൾ കുത്തനെ ഇടിയുന്നതിലേയ്ക്കും കേരളം ഇന്നും കരകയറിയിട്ടില്ലാത്ത കാർഷിക തകർച്ചയ്ക്കും ഇടയാക്കി. ഇതുപോലെ അല്ലെങ്കിലും പൊതുവിൽ കാർഷിക വിലകളുടെ വർദ്ധന മന്ദഗതിയിലായി.
പരിഷ്കാരങ്ങളുടെ ഭാഗമായി സർക്കാർ ചെലവുകൾ കർശനമായും വെട്ടിച്ചുരുക്കി.
ഈ വാള് വീണത് കൂടുതൽ കാർഷിക മേഖലയുടെ മേലായിരുന്നു. കാർഷിക മേഖലയിലെ പൊതുനിക്ഷേപം കുറഞ്ഞു. ഈ പരിഷ്കാരങ്ങൾ കാർഷിക തകർച്ചയ്ക്കു വഴിതെളിയിച്ചു. ഭക്ഷ്യധാന്യ ഉൽപ്പാദനം 1980-കളിൽ പ്രതിവർഷം 3.38 ശതമാനം വീതം വർദ്ധിച്ചത് 1990-കളിൽ 1.75 ശതമാനമായി കുറഞ്ഞു. രൂക്ഷമായ കാർഷിക മുരടിപ്പും കർഷക ആത്മഹത്യകളും കർഷക പ്രതിഷേധങ്ങളും എൻഡിഎയുടെ ഒന്നാം സർക്കാരിന്റെ തെരഞ്ഞെടുപ്പു തോൽവിയിൽ ഒരു പ്രധാന പങ്കുവഹിച്ചു. ചുരുക്കത്തിൽ ഇടതുപക്ഷ പിന്തുണയോടെയുള്ള യുപിഎ സർക്കാരിന്റെ കാലത്ത് 90-കളിലെ നിയോലിബറൽ കാർഷിക നിലപാടുകളിൽ അയവുവരുത്തുന്നതിനു കേന്ദ്രസർക്കാർ നിർബന്ധിതമായി. അതിന്റെ ഗുണഫലവുമുണ്ടായി. കാർഷിക മേഖലയുടെ വളർച്ച 2004-05-നും 2012-13-നും ഇടയ്ക്ക് 3.48 ശതമാനമായി ഉയർന്നു.
മോഡി സർക്കാർ കൃഷിക്കാരുടെ വരുമാനം 2022-നുള്ളിൽ ഇരട്ടിയാക്കുമെന്നാണു പ്രഖ്യാപിച്ചത്. പക്ഷെ യാഥാർത്ഥ്യം ഇതിൽ നിന്നും എത്രയോ അകലെയാണ്. കൃഷിക്കാരുടെ യഥാർത്ഥ വരുമാനം വർദ്ധിക്കുകയല്ല, ഇടിയുകയാണു ചെയ്തത്. 5 വർഷംകൊണ്ട് വരുമാനം ഇരട്ടിയാക്കാനുള്ള പദ്ധതി അനാവരണം ചെയ്തുകൊണ്ട് നീതി ആയോഗ് 2011-12 മുതൽ കൃഷിക്കാരുടെ യഥാർത്ഥ വരുമാനം കുറയാൻ തുടങ്ങിയെന്നു സമർത്ഥിക്കുകയുണ്ടായി. 2004-05/2015-16 കാലയളവിൽ കൃഷിക്കാരുടെ യഥാർത്ഥ വരുമാനം 5.52 ശതമാനം വീതം ഉയർന്നു. അതേസമയം 2011-12/2015-16-നും ഇടയിൽ 1.36 ശതമാനം വരുമാനം ഇടിയുകയാണുണ്ടായത്. തുടർന്നുള്ള 2017-18 വരെയുള്ള വർഷങ്ങളിൽ നീതി ആയോഗിന്റെ അതേ രീതിസമ്പ്രദായം ഉപയോഗപ്പെടുത്തിക്കൊണ്ട് കർഷക കുടുംബത്തിന്റെ വരുമാനത്തിൽ തുടർന്നുള്ള കാലയളവിലും മുരടിപ്പു തുടർന്നൂവെന്നു തെളിയിച്ചിട്ടുണ്ട്. 2011-12 മുതൽ തുടർച്ചയായി കർഷക വരുമാനം ഇതുപോലെ മുരടിച്ച ഒരു കാലം ഉണ്ടായിട്ടില്ല.
ഇതിനു കാരണം മോഡി സർക്കാർ പൂർവ്വാർജ്ജിത വാശിയോടെ നടപ്പാക്കിയ നിയോലിബറൽ കാർഷിക പരിഷ്കാരങ്ങളാണ്. വളസബ്സിഡി കുറച്ചതോടെ വളത്തിന്റെ വില കുത്തനെ ഉയർന്നു. ഉപഭോഗം കുറഞ്ഞു. ബജറ്റിൽ കാർഷിക വിഹിതം വെട്ടിക്കുറച്ചു. ഈ മേഖലയിലെ പൊതു നിക്ഷേപം ഇടിഞ്ഞു. പെട്രോൾ, ഡീസൽ വിലകൾ ഉയർന്നതും കൃഷിക്കാർക്കു തിരിച്ചടിയായി. ഇവയുടെയൊക്കെ ചുരുക്കം കൃഷിക്കാർ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ വിലയേക്കാൾ വേഗതയിൽ കൃഷിക്കാർ വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ വില ഉയരാൻ തുടങ്ങി.
ഈ പശ്ചാത്തലത്തിലാണ് രൂക്ഷമായ പ്രതികരണം പുതിയ കർഷക നയങ്ങൾക്കെതിരെ ഉണ്ടായത്. പുതിയ കർഷക നിയമം നിയന്ത്രിതകാർഷിക വിപണന സമ്പ്രദായം ഫലത്തിൽ ഇല്ലാതാക്കും. ഏതു കച്ചവടക്കാരനും ഏതു കൃഷിക്കാരനിൽ നിന്നും വിലപേശി കാർഷികോൽപ്പന്നങ്ങൾ വാങ്ങുന്നതിനും, എത്ര വേണമെങ്കിലും സ്റ്റോക്ക് ചെയ്യുന്നതിനും, എവിടെ വേണമോ വിൽക്കുന്നതിനും അവകാശമുണ്ടാകും. നിയന്ത്രിത കാർഷിക വിപണന സമ്പ്രദായം ഇല്ലാതാകുന്നതോടെ സംഭരണം തന്നെ അപ്രസക്തമാകും. നിലവിലുള്ള സംഭരണ രീതികളുടെ പരിമിതികളൊക്കെ ശരിയാണ്. പക്ഷെ അത് ഇല്ലാതാകുന്നതോടെകൂടി കൃഷിക്കാർ കോർപ്പറേറ്റുകളുടെ കളിപ്പാട്ടങ്ങളായി മാറും. തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനു കോർപ്പറേറ്റുകളുമായി മുൻകൂർ കരാറിൽ ഏർപ്പെടാൻ കൃഷിക്കാർ നിർബന്ധിതരാകും. നീണ്ട ദുരന്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ കൃഷിക്കാർ രണ്ടും കൽപ്പിച്ചു സമരത്തിനിറങ്ങിയത്. കർഷക ആത്മഹത്യകൾ സൃഷ്ടിച്ചരോഷം വാജ്പേയ് സർക്കാരിന്റെ തോൽവിയിലേയ്ക്കു നയിച്ചതുപോലെ ബിജെപിക്കു രാഷ്ട്രീയ തിരിച്ചടി വീണ്ടും ഉണ്ടാകുമോ എന്നതു യുപി തെരഞ്ഞെടുപ്പിലേ തിരിച്ചറിയാനാവൂ.












Click it and Unblock the Notifications