ശിവസേനയുടെ പ്രതിഷേധം ഫലം കണ്ടില്ല; പുസ്തകം പ്രകാശനം ചെയ്തു
മുംബൈ: പാക് മുന്‍ വിദേശകാര്യമന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകം മുംബൈയിലെ നെഹ്‌റു സെന്ററിലെ ഹാള്‍ ഓഫ് കള്‍ച്ചറില്‍ വെച്ച് പ്രകാശനം ചെയ്തു. ചില തെറ്റിദ്ധാരണകള്‍ തിരുത്തുന്നതിനുവേണ്ടിയാണ് താന്‍ ഈ പുസ്തകം എഴുതിയതെന്ന് പ്രകാശന ചടങ്ങിനിടെ ഖുര്‍ഷിദ് മഹ്മൂദ് കസൂരി പറഞ്ഞു.
താന്‍ മനഃപൂര്‍വം ഒരു കാര്യവും ഈ പുസ്‌കത്തില്‍ തെറ്റായി പരാമര്‍ശിച്ചിട്ടില്ലെന്നും പ്രണബ് മുഖര്‍ജി, മന്‍മോഹന്‍ സിങ്, എല്‍.കെ അദ്വാനി, നട്‌വര്‍ സിങ്, യശ്വന്ത് സിന്‍ഹ എന്നിവര്‍ക്ക് ഒരു മാസം മുമ്പ് തന്നെ ഈ പുസ്തകം അയച്ചുകൊടുത്തിരുന്നെന്നും കസൂരി വ്യക്തമാക്കി. സമാധാനത്തിനുവേണ്ടിയാണ് ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ശിവസേനയുടെ പ്രതിഷേധം ഭയന്ന് കനത്ത പോലീസ് സുരക്ഷയിലാണ് 'നെയ്തര്‍ എ ഹോക്ക് നോര്‍ എ ഡോവ്' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. ചടങ്ങിന് സംരക്ഷണം നല്‍കിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവിസിനും മുംബൈ പൊലീസിനും നന്ദിയുണ്ടെന്ന് ചടങ്ങിന്റെ മുഖ്യ സംഘാടകന്‍ സുധീന്ദ്ര കുല്‍ക്കര്‍ണി പറഞ്ഞു.
നേരത്തെ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ ശരീരത്തില്‍ കരിഓയില്‍ ഒഴിച്ചത് വന്‍ വിവാദമായിരുന്നു. കരിഓയിലുമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട കുല്‍ക്കര്‍ണിയുടെ ചിത്രം അന്താരാഷ്ട്ര മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചതോടെ ശിവസേന പ്രതിഷേധം ദുര്‍ബലമാക്കുകയായിരുന്നു.












Click it and Unblock the Notifications