നാനൂറിന് അടുത്ത് ഭൂരിപക്ഷത്തിലേക്ക് എൻഡിഎ കുതിക്കും; പ്രതിപക്ഷം പിന്നോട്ട് പോവും, ഇന്ത്യ ന്യൂസ് സർവേ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്‌സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയ്ക്ക് തുടർഭരണം ലഭിക്കുമെന്ന് പ്രവചനം. ഇക്കുറി കഴിഞ്ഞ തവണത്തെ വിജയം എൻഡിഎ നിലനിർത്തുമെന്നാണ് ഇന്ത്യ ന്യൂസ്-ഡി ഡൈനാമിക്‌സ് സർവേ ഫലം വ്യക്തമാക്കുന്നത്. 371 സീറ്റുകൾ എൻഡിഎ നേടുമെന്നും ഇന്ത്യ സഖ്യം വെറും 125 സീറ്റുകൾ മാത്രമാണ് സ്വന്തമാക്കുക എന്നുമാണ് സർവേയിൽ പറയുന്നത്.
മറ്റുള്ളവർക്ക് സർവേയിൽ 47 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. ഇത്തവണ ഭൂരിപക്ഷൻ നാനൂറ് കടക്കുമെന്ന നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും പ്രഖ്യാപനം പക്ഷേ നടക്കാൻ സാധ്യത ഇല്ലെന്നാണ് സർവേ നൽകുന്ന സൂചന. എങ്കിലും കഴിഞ്ഞ തവണത്തേതിൽ നിന്ന് മുന്നേറ്റം പ്രകടമാണെന്ന് സർവേയിലെ നമ്പറുകൾ കാണിക്കുന്നു.

നിലവിൽ വന്നിരിക്കുന്ന ഒട്ടുമിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബിജെപിയുടെ ഭരണ തുടർച്ചയാണ് പ്രവചിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. എന്നാൽ ഇക്കുറി ദേശീയ രാഷ്ട്രീയത്തിൽ ചലനം ഉണ്ടാക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന ഇന്ത്യ മുന്നണി പിന്നിലേക്ക് പോവുമെന്നാണ് സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. പ്രതീക്ഷിച്ച നേട്ടം അവർക്ക് ഉണ്ടാക്കാൻ കഴിയില്ലെന്ന സർവേയോട് ചേർന്ന് നിൽക്കുന്നതാണ് മറ്റ് ഫലങ്ങളും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേന്ദ്ര സർക്കാരിനെതിരെ ഉയർത്തിയ മുദ്രാവാക്യങ്ങൾ ഒന്നും തന്നെ വിലപ്പോയില്ലെന്നതിന്റെ സൂചനയാണ് സർവേ ഫലങ്ങൾ എന്നാണ് ചിലർ നൽകുന്ന വിശദീകരണം. എന്നാൽ മൂന്നാം തവണയും അധികാരത്തിൽ എത്തുന്ന മോദിയുടെ മുൻപിൽ പ്രതിപക്ഷം എങ്ങനെ സഭയിൽ ഇരിക്കുമെന്നതാണ് ചോദ്യം.
ഇരുപതോളം പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ചിട്ടും മോദിയെയും എൻഡിഎയും തൊടാൻ കഴിഞ്ഞില്ലെന്നതാണ് പ്രധാനമായും കോൺഗ്രസിനെ ഉൾപ്പെടെ അലട്ടുന്ന കാര്യം. നിലവിലെ സർവേ ഫലങ്ങൾ യാഥാർഥ്യമായാൽ തുടർച്ചയായി പതിനഞ്ച് വർഷം അധികാരത്തിൽ നിന്ന് പുറത്താവുകയെന്ന ദുർഗതിയാണ് കോൺഗ്രസിനെ കാത്തിരിക്കുന്നത്. ഇതിനെ കോൺഗ്രസ് എങ്ങനെ മറികടക്കും എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.
എന്നാൽ ബിജെപിയെ സംബന്ധിച്ച് നാനൂറ് സീറ്റുകൾ എന്ന വാഗ്‌ദാനം പാലിക്കാൻ കഴിയാത്തതിന്റെ നിരാശ ഉണ്ടെങ്കിൽ പോലും ഇത്രയധികം പ്രതിസന്ധികൾക്ക് ഇടയിലും മിന്നും ജയം സ്വന്തമാക്കി എന്ന അഭിമാനമാവും ഉണ്ടാവുക. എന്നാൽ എക്‌സിറ്റ് പോളുകൾ പ്രവചിച്ചവ എക്കാലത്തും ശരിയായി കൊള്ളണമെന്നില്ല എന്നതും വസ്‌തുതയാണ്. അതുകൊണ്ട് തന്നെ ജൂൺ നാല് വരെ കാത്തിരിക്കുകയാണ് ഏക പോംവഴി.












Click it and Unblock the Notifications