തമിഴ്‌നാട്ടിൽ ഡിഎംകെയുടെ മുന്നേറ്റം; 165 സീറ്റുകൾ വരെ നേടി അധികാരത്തിലേറും, ടിവികെയ്ക്ക് 18 സീറ്റ്!
ചെന്നൈ: തമിഴ്‌നാട്ടിൽ എംകെ സ്‌റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സഖ്യത്തിന് വമ്പൻ മുന്നേറ്റം പ്രവചിച്ച് ടുഡേയ്‌സ് ചാണക്യ സർവേ. സംസ്ഥാനത്ത് 145-160 സീറ്റുകൾ വരെ നേടി ഡിഎംകെ സഖ്യം അധികാരം പിടിക്കുമെന്നാണ് എക്‌സിറ്റ് പോൾ സർവേ ഫലങ്ങൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ ഭൂരിപക്ഷം ഉയർത്തുവാൻ സാധ്യത ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അധികാരം മോഹിച്ചെത്തിയ അണ്ണാ ഡിഎംകെ-ബിജെപി സഖ്യത്തിന് പക്ഷേ ആ പ്രതീക്ഷ കൈവരിക്കാൻ കഴിയില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നത്. 50 മുതൽ 65 സീറ്റുകൾ വരെ മാത്രമാണ് ഇക്കുറി അവർക്ക് തമിഴ്‌നാട്ടിൽ ലഭിക്കുകയെന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്. മറുവശത്ത് പുതുതായി രൂപീകരിച്ച സൂപ്പർതാരം വിജയ് നേതൃത്വം നൽകുന്ന ടിവികെ ഏതാണ്ട് 13 മുതൽ 18 സീറ്റുകൾ വരെ നേടി കരുത്തുകാട്ടുമെന്നും സർവേ പറയുന്നു.

2026-ലെ തിരഞ്ഞെടുപ്പ് വിശകലനങ്ങൾക്ക് 'ടുഡേയ്‌സ് ചാണക്യ'യുടെ മുൻകാല പ്രകടനങ്ങൾ ഒരു അടിസ്ഥാനം നൽകുന്നു. 2021-ൽ ഡിഎംകെ സഖ്യത്തിന് 164-186 സീറ്റുകളും എഐഎഡിഎകെ സഖ്യത്തിന് 46-68 സീറ്റുകളുമാണ് അവർ പ്രവചിച്ചത്. അന്ന് ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലർ പ്രോഗ്രസീവ് അലയൻസ് 159 സീറ്റുകൾ നേടി, എഐഎഡിഎംകെയ്ക്ക് 66 സീറ്റുകളുണ്ടായിരുന്നു.
തമിഴ്‌നാട്ടിൽ ഡിഎംകെയാണ് കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടെയുള്ള 'ഇന്ത്യ' മുന്നണിയെ നയിക്കുന്നത്. എഐഎഡിഎംകെ ആകട്ടെ ബിജെപിയും മറ്റ് ചെറു പ്രാദേശിക പാർട്ടികളും ചേർന്ന എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ്. ടിവികെ സഖ്യകക്ഷികളുടെ നിർദേശങ്ങൾ തള്ളി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനിച്ചത്. ഈ ത്രികോണ മത്സരം ഡിഎംകെ വിരുദ്ധ വോട്ടുകൾ വിഭജിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇതാണ് സർവേ ഫലങ്ങളും ശരി വയ്ക്കുന്നത്.
എസ്‌ഐആർ പുനരവലോകനത്തിന് ശേഷം 5.6 കോടിയിലധികം വോട്ടർമാരാണ് നിലവിൽ തമിഴ്‌നാട്ടിലുള്ളത്. ഡിഎംകെ സാമൂഹിക നീതി, ക്ഷേമപദ്ധതികൾ, സംസ്ഥാനത്തിന്റെ ഫെഡറൽ അവകാശങ്ങൾ എന്നിവയ്ക്ക് ഊന്നൽ നൽകി പ്രചാരണം നടത്തിയപ്പോൾ, അഴിമതി, ക്രമസമാധാന പ്രശ്‌നങ്ങൾ, വിലക്കയറ്റം എന്നിവ ഉന്നയിച്ച് എഐഎഡിഎംകെയും ബിജെപിയും സർക്കാരിനെ കടന്നാക്രമിച്ചിരുന്നു. ടിവികെയാകട്ടെ സുതാര്യമായ ഭരണം, യുവജനങ്ങൾക്കുള്ള തൊഴിലവസരങ്ങൾ, പരമ്പരാഗത രാഷ്ട്രീയത്തിൽ നിന്നുള്ള മാറ്റം എന്നിവയാണ് പ്രധാന പ്രചാരണ വിഷയങ്ങളായി അവതരിപ്പിച്ചത്.












Click it and Unblock the Notifications