Exit Poll: മഹാരാഷ്ട്രയിൽ എംവിഎ മുന്നേറും, 150 സീറ്റുകൾ വരെ നേടും, മഹായുതി പിന്നിലെന്ന് സർവേ ഫലം
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യമായി മഹാവികാസ് അഘാഡിക്ക് മുന്നേറ്റം പ്രവചിച്ച് ഇലക്ട്രൽ എഡ്‌ജ് സർവേ ഫലം. ആകെയുള്ള 288 സീറ്റുകളിൽ 150 എണ്ണം വരെ മഹായുതി നേടുമെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. എന്നാൽ നിലവിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിന് 118 സീറ്റുകൾ മാത്രമാണ് നേടാനാവുക എന്നാണ് സർവേ ഫലത്തിൽ പറയുന്നത്. എംവിഎ കേവല ഭൂരിപക്ഷമായ 145 സീറ്റ് മാർക്ക് മറികടക്കും എന്നാണ് സർവേ വ്യക്തമാക്കുന്നത്.
സർവേ പറയുന്നത് അനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുക ബിജെപിയാണ്. 78 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് ഇലക്ട്രൽ എഡ്‌ജ് പ്രവചിക്കുന്നത്. എന്നാൽ സഖ്യത്തിലെ മറ്റ് കക്ഷികൾ മോശം പ്രകടനമാവും കാഴ്‌ച വയ്ക്കുക. സർവേ പറയുന്നത് അനുസരിച്ച് ഷിൻഡെ വിഭാഗം ശിവസേനക്ക് കേവലം 26 സീറ്റുകൾ മാത്രമാവും ലഭിക്കുക.

സഖ്യത്തിൽ നിർണായക ശക്തിയാവും എന്ന് കരുതിയ അജിത് പവാറിന്റെ എൻസിപിക്ക് വെറും 14 സീറ്റുകൾ മാത്രമേ നേടാൻ കഴിയുകയുള്ളൂ. എന്നാൽ മറുവശത്ത് കോൺഗ്രസ് 60 സീറ്റുകളും ശിവസേന യുബിടി വിഭാഗം 44ഉം, എൻസിപി ശരദ് പവാർ വിഭാഗം 46 സീറ്റുകൾ നേടി തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുമെന്നാണ് സർവേ പറയുന്നത്.
മഹാരാഷ്ട്രയിൽ എംവിഎയുടെ ജയം പ്രവചിച്ചത് വളരെ ചുരുക്കം സർവേകൾ മാത്രമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഇക്കുറി അട്ടിമറി ജയം നേടി എംവിഎ എത്തിയാൽ അത് ദേശീയ തലത്തിൽ തന്നെ ബിജെപിക്ക് വലിയ തിരിച്ചടിയാവും എന്നാണ് വിലയിരുത്തൽ. നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ സീറ്റ് നഷ്‌ടം ബിജെപിയെ വല്ലാതെ അലട്ടിയിരുന്നു.
അതിന്റെ തുടർച്ചയായി ഒരിക്കൽ കൂടി പ്രതിപക്ഷം അവരുടെ നെഞ്ച് തകർക്കുമോ എന്നാണ് ആകാംഷയോടെ ഉറ്റുനോക്കുന്ന കാര്യം. പ്രതിപക്ഷ പാർട്ടികളിൽ കോൺഗ്രസ് മികച്ച പ്രകടനം നടത്തിയാൽ അതും ബിജെപിക്ക് ദേശീയ തലത്തിൽ പ്രതിരോധത്തിലാക്കുന്ന കാര്യങ്ങളിൽ ഒന്നായി മാറുമെന്നതാണ് മറ്റൊരു വിഷയം.
കൂടാതെ എൻസിപിയിൽ പിളർപ്പുണ്ടാക്കി പുറത്തുചാടി ബിജെപിക്ക് ഒപ്പം ചേർന്ന അജിത് പവാറും സംഘത്തിനും മറ്റൊരു മോശം ഫലം കൂടി നേരിടേണ്ടി വരുമെന്നതാണ് ഈ എക്‌സിറ്റ് പോൾ ശരിയായാലുള്ള കാര്യം. നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിലും പാർട്ടിക്ക് വിചാരിച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഇത് കൂടി ആവുമ്പോൾ സഖ്യത്തിൽ മുറുമുറുപ്പുകൾ ഉയർന്നേക്കാം.












Click it and Unblock the Notifications