തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം; 21 പേർ കൊല്ലപ്പെട്ടു, 6 പേർക്ക് പരിക്ക്
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ കട്ടനാർപെട്ടിയിൽ പ്രവർത്തിച്ചിരുന്ന ഒരു പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. പടക്കം നിർമ്മിക്കുന്നതിനിടെയുണ്ടായ ഉരസലാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
രക്ഷാപ്രവർത്തനം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. അപകടസ്ഥലത്ത് നിരവധി പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയിരുന്നു. തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ ഏറെ പ്രയാസപ്പെട്ടു. ആദ്യ റിപ്പോർട്ടുകളിൽ 14 പേർ മരിച്ചതായാണ് സൂചിപ്പിച്ചിരുന്നതെങ്കിലും, തിരച്ചിൽ തുടർന്നപ്പോൾ മരണസംഖ്യ 18 ആയി ഉയർന്നു. പിന്നാലെ അത് 21 ആയി.

ഈ സംഭവം വിരുദുനഗർ മേഖലയിലെ പടക്ക നിർമ്മാണ യൂണിറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് വീണ്ടും ആശങ്കകൾ ഉണർത്തിയിട്ടുണ്ട്. ഇത്തരം ഫാക്‌ടറികളുടെ വലിയൊരു ഭാഗം കേന്ദ്രീകരിച്ചിരിക്കുന്ന പ്രദേശമാണ് വിരുദുനഗർ. സാധാരണഗതിയിൽ അവധി ദിവസമായ ഞായറാഴ്‌ച്ച ഫാക്‌ടറി പ്രവർത്തിച്ചത് എന്തുകൊണ്ടെന്നതിനെ കുറിച്ച് ഉൾപ്പെടെ പോലീസ് അന്വേഷണം ആരംഭിച്ചു.
മുത്തുമണിക്യത്തിന്റെ ഉടമസ്ഥതയിലുള്ള വനജ ഈ പടക്കനിർമ്മാണശാലയിൽ 30-ലധികം തൊഴിലാളികൾ ജോലി ചെയ്‌തിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ ഫാക്‌ടറിയുടെ നാല് മുറികളും അഗ്നിക്കിരയായി. ഭയാനകമായ ശബ്‌ദം കേൾക്കുകയും, ഏകദേശം 10 കിലോമീറ്റർ ദൂരത്തേക്ക് പ്രകമ്പനം അനുഭവപ്പെടുകയും ചെയ്‌തു.
വിവരമറിഞ്ഞ് ശിവകാശി, സാത്തൂർ, വിരുദുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി. ഗുരുതരമായി പൊള്ളലേറ്റ 6 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. വിരുദുനഗർ എസ്‌പി ശ്രീനാഥ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഈ തീപിടിത്തത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം നടത്തുന്നതായി അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഒരു കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. സ്ഫോടനത്തിന്റെ യഥാർത്ഥ കാരണം സമഗ്രമായി കണ്ടെത്തുക, കൂടാതെ ഈ സ്ഥാപനത്തിൽ ആവശ്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ഉറപ്പുവരുത്തുക എന്നിവയാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക പരിശോധനയിൽ ഉൾപ്പെടുന്നത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ അനുശോചനം അറിയിച്ചു. മന്ത്രിമാരായ തങ്കം തെന്നരസ്, കെകെഎസ്എസ്ആർ രാമചന്ദ്രൻ എന്നിവരെ സംഭവസ്ഥലം സന്ദർശിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.












Click it and Unblock the Notifications