വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനയിലേക്ക്; ഗാൽവൻ സംഭവത്തിന് ശേഷം ആദ്യം, സിംഗപ്പൂരും സന്ദർശിക്കും
ന്യൂഡൽഹി: നിർണായകമായ ചൈന സന്ദർശനത്തിന് ഒരുങ്ങി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ജൂലൈ 13 മുതൽ 15 വരെ സിംഗപ്പൂരും ചൈനയും സന്ദർശിക്കുന്ന വിദേശകാര്യ മന്ത്രി ഉഭയകക്ഷി യോഗങ്ങളിലും ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും പങ്കെടുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എസ് ജയശങ്കർ ആദ്യം സിംഗപ്പൂരിലേക്ക് പോകും, അവിടെ അദ്ദേഹം അവിടുത്തെ വിദേശകാര്യ മന്ത്രി വിവിയൻ ബാലകൃഷ്‌ണനെയും നേതൃത്വത്തെയും കാണുകയും ഇരുപക്ഷവും തമ്മിലുള്ള പതിവ് കൈമാറ്റങ്ങളുടെ ഭാഗമായി ചർച്ചകൾ നടത്തുകയും ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ അറിയിച്ചു.

തുടർന്ന് ടിയാൻജിനിൽ നടക്കുന്ന എസ്‌സിഒ കൗൺസിൽ ഓഫ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി അദ്ദേഹം ചൈന സന്ദർശിക്കും. ഈ യോഗത്തോടനുബന്ധിച്ച് എസ് ജയശങ്കർ ഉഭയകക്ഷി കൂടിക്കാഴ്‌ചകളും നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ലഭ്യമായ വിവരം അനുസരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയേക്കും.
കഴിഞ്ഞ ഒക്ടോബറിൽ അവസാനിച്ച യഥാർത്ഥ നിയന്ത്രണ രേഖയിലെ (എൽഎസി) ലഡാക്ക് മേഖലയിൽ നാലുവർഷമായി നിലനിന്ന സൈനിക സംഘർഷത്തെത്തുടർന്ന് ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാനുള്ള ഇരുപക്ഷത്തിന്റെയും ശ്രമങ്ങളുടെ ഭാഗമായാണ് നടക്കനിരിക്കുന്ന ഈ കൂടിക്കാഴ്‌ച എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഓഗസ്‌റ്റ് അവസാനമോ സെപ്റ്റംബർ ആദ്യമോ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന എസ്‌സിഒ ഉച്ചകോടിക്കുള്ള ഒരുക്കങ്ങളുടെ ഭാഗമാണ് എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം എന്നാണ് വിവരം. എസ്‌സിഒ ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ പൊളിറ്റിക്കൽ ബ്യൂറോ അംഗവും വിദേശകാര്യ മന്ത്രിയുമായ വാങ് യിയുടെ ക്ഷണപ്രകാരം, മറ്റ് എസ്‌സിഒ അംഗരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ബ്ലോക്കിന്റെ സ്ഥിരം സമിതികളുടെ തലവന്മാരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ വൈകാതെ പുറത്തുവരും.
എസ്‌സിഒയിൽ നിലവിൽ 10 അംഗരാജ്യങ്ങളുണ്ട്: ചൈന, റഷ്യ, ഇന്ത്യ, ഇറാൻ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, പാകിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, ബെലാറസ് എന്നിവയാണവ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലും അടുത്തിടെ നടത്തിയ ചൈന സന്ദർശനങ്ങളുടെ തുടർച്ചയായാണ് ജയശങ്കറിന്റെ യാത്ര.
കിഴക്കൻ ലഡാക്കിൽ ചൈനയും ഇന്ത്യയും തമ്മിലുള്ള സൈനിക സംഘർഷം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. ആ വർഷം ജൂണിൽ ഗാൽവൻ താഴ്‌വരയിൽ ഉണ്ടായ ഒരു മാരകമായ ഏറ്റുമുട്ടലിന് പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇന്ത്യയും ചൈനയും ഇപ്പോൾ ബന്ധം സാധാരണ നിലയിലാക്കാനുള്ള ശ്രമത്തിലാണ്.












Click it and Unblock the Notifications