കേന്ദ്ര മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; 10 പുതിയ മന്ത്രിമാര്‍
ദില്ലി: ഭരണമേറ്റ് രണ്ടുവര്‍ഷത്തിനുശേഷം എന്‍ഡിഎ സര്‍ക്കാര്‍ 10 പുതിയ മന്ത്രിമാരെകൂടി ഉള്‍പ്പെടുത്തി മന്ത്രി സഭ വികസിപ്പിക്കുന്നു. നിലവില്‍ ഉള്ള മന്ത്രിമാരെ ഒഴിവാക്കിയായിരിക്കും പുതിയ മന്ത്രിമാരെ നിയമിക്കുകയെന്നാണ് റിപ്പോര്‍ട്ട്. രാവിലെ 11-ന് രാഷ്ട്രപതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
യുപി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ മന്ത്രിമാരില്‍ ഭൂരിപക്ഷവും ഉത്തര്‍ പ്രദേശില്‍ നിന്നുള്ളവരായിരിക്കും. ഒരുമാസം നീണ്ടുനിന്ന തിരക്കിട്ട ചര്‍ച്ചകള്‍ക്കുശേഷമാണ് മന്ത്രിമാരെ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, സുപ്രധാന വകുപ്പുകളായ ആഭ്യന്തരം, ധനം, വിദേശകാര്യം, പ്രതിരോധം അടക്കം മുതിര്‍ന്ന മന്ത്രിമാര്‍ക്കു മാറ്റമുണ്ടാകില്ല.

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്രമന്ത്രിസഭാ വികസനം. മന്ത്രിസഭയില്‍നിന്ന് ഒഴിവാക്കപ്പെടുന്നവരും പുതിയ മന്ത്രിമാരായി തെരഞ്ഞെടുക്കപ്പെട്ടവരും ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ടു ചര്‍ച്ച നടത്തി. ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങില്‍ നിന്നുള്ളവരും മന്ത്രിമാരാകും.
നിലവില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അധികച്ചുമതല വഹിക്കുന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിന് സ്വതന്ത്ര മന്ത്രിയെ നിയമിച്ചേക്കും. മോദി സര്‍ക്കാരില്‍ 66 മന്ത്രിമാരാണ് ഇപ്പോഴുള്ളത്. 82 മന്ത്രിമാര്‍ വരെയാകാമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. മന്ത്രിസഭാ വികസനത്തിനുശേഷം ബിജെപി നേതൃത്വത്തിലും അഴിച്ചുപണിയുണ്ടാകും.












Click it and Unblock the Notifications